കുറച്ച് ബഹുമാനമല്ലേ അയാൾ ചോദിച്ചുള്ളൂ, അതിന് ഇത്രയൊക്കെ പ്രശ്‌നമാക്കാനുണ്ടോ, അയാളുടെ പ്രായത്തെയെങ്കിലും മാനിക്കണം; എംബാപ്പയെ പിന്തുണച്ച് ചെൽസി ഇതിഹാസം
Football
കുറച്ച് ബഹുമാനമല്ലേ അയാൾ ചോദിച്ചുള്ളൂ, അതിന് ഇത്രയൊക്കെ പ്രശ്‌നമാക്കാനുണ്ടോ, അയാളുടെ പ്രായത്തെയെങ്കിലും മാനിക്കണം; എംബാപ്പയെ പിന്തുണച്ച് ചെൽസി ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th October 2022, 10:11 pm

പി.എസ്.ജി സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയുടെ പെരുമാറ്റത്തിൽ വലഞ്ഞിരിക്കുകയാണ് ക്ലബ്ബും സഹതാരങ്ങളും. താരത്തെ നിലനിർത്താൻ പി.എസ്.ജി കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും ജനുവരിയിൽ ക്ലബ്ബ് വിടാൻ തന്നെയാണ് എംബാപ്പെയുടെ തീരുമാനം. താരത്തിന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നിരുന്നു.

എന്നാൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ചെൽസിയുടെ ഇതിഹാസ താരമായ ദിദിയർ ദോഗ്ബ്ര. പി.എസ്.ജിയിൽ നിന്ന് താരത്തിന് വേണ്ട ആദരവ് ലഭിക്കുന്നില്ലെന്നും അതല്ലാതെ എംബാപ്പെ കുഴപ്പക്കാരനല്ലെന്നുമാണ് ദോഗ്ബ്ര പറഞ്ഞത്. എംബാപ്പെ ചെറുപ്പമാണെന്നും അതുകൊണ്ട് അദ്ദേഹം ചെയ്യുന്ന ചെറിയ തെറ്റുകളെ അങ്ങനെ കണ്ടാൽ മതിയെന്നും ദോഗ്ബ്ര കൂട്ടിച്ചേർത്തു.

”എംബാപ്പെ പി.എസ്.ജിയോട് അല്പം ബഹുമാനമാണ് ആവശ്യപ്പെടുന്നത്. അദ്ദേഹം ചെറുപ്പമാണെന്ന് നിങ്ങളോർക്കണം. അതിന്റേതായ തെറ്റുകൾ പറ്റിയിട്ടുണ്ടാകാം. നിങ്ങളവനോട് സൗമ്യത കാണിക്കണം. രാജ്യത്തിന് വേണ്ടി വേൾഡ് കപ്പ് നേടിയ താരമാണ് എംബാപ്പെ. അതുകൊണ്ട് നിങ്ങളല്പം ശാന്തരാകണം,” ദോഗ്ബ്ര വ്യക്തമാക്കി.

താരം പി.എസ്.ജിയുമായി അസ്വാരസ്യത്തിലാണെന്നും ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് റെക്കോർഡ് തുകയ്ക്ക് എംബാപ്പെ പി.എസ്.ജിയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടത്.

പി.എസ്.ജിയും എംബാപ്പെയും തമ്മിലുള്ള ബന്ധം വഷളാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ക്ലബ്ബിലെ പരമാധികാരം തനിക്ക് ലഭിക്കണമെന്നും ബ്രസീൽ സൂപ്പർ താരം നെയ്മറെ റിലീസ് ചെയ്യണമെന്നും എംബാപ്പെ ആവശ്യപ്പെടുന്നതായി വാർത്തകളുണ്ടായിരുന്നു. തുടർന്ന് ലയണൽ മെസിയുമായും എംബാപ്പെ രമ്യതയിലല്ലെന്ന് അഭ്യൂഹങ്ങൾ പരന്നു. ഇതിനു പിന്നാലെയാണ് താരം ക്ലബ്ബ് വിടുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Content Highlights: PSG superstar Kylian Mbappe is ‘asking for respect’ says Chelsea legend Didier Drogba