ശനിയാഴ്ച പാര്‍ക് ഡെസ് പ്രിന്‍സസ്സില്‍ നടന്ന ലീഗ് വണ്‍ മത്സരത്തില്‍ പാരീസ് സെന്റ് ഷെര്‍മാങ് 1-0 നാണ് ബ്രെസ്റ്റിനെ തോല്‍പിച്ചത്. ലയണല്‍ മെസി വഴിയൊരുക്കിയ ഗോള്‍ നെയ്മര്‍ വലയിലെത്തിക്കുകയായിരുന്നു. സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച നെയ്മര്‍ പി.എസ്.ജിയുടെ എക്കാലത്തെയും മികച്ച നാലാമത്തെ ഗോള്‍വേട്ടക്കാരനെന്ന ഖ്യാതിയും നേടി.
ലീഗ് മത്സരങ്ങള്‍ അരങ്ങേറുമ്പോഴും ലയണല്‍ മെസിയുടെ കരാര്‍ പുതുക്കുന്നതിനാണ് ഫ്രഞ്ച് ചാമ്പ്യന്മാര്‍ മുന്‍ഗണന നല്‍കുന്നത്. പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ കാലാവധി ഏകദേശം അവസാനിക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ മൂന്ന് ക്ലബ്ബുകളാണ് മെസിയെ സ്വന്തമാക്കാന്‍ രംഗത്തെത്തിയിരുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ചെല്‍സിയുടെയും ജാലകങ്ങള്‍ തുറന്നിട്ടിരിക്കേ മെസി പി.എസ്.ജിയിലേക്ക് ചേക്കേറുകയായിരുന്നു. 40 മില്യണ്‍ യൂറോയാണ് പി.എസ്.ജി മെസിക്ക് നല്‍കിയിരുന്നത്. പി.എസ്.ജിക്ക് വേണ്ടി ഇതുവരെ കളിച്ച 34 മത്സരങ്ങളിലായി 11 ഗോളും 14 അസിസ്റ്റുകളുമാണ് മെസി തന്റെ പേരിലാക്കിയത്. ലീഗ് വണ്‍ മത്സരങ്ങളില്‍ ആറും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ അഞ്ചും ഗോളാണ് താരം നേടിയത്.
താരത്തിന്റെ പ്രകടനങ്ങളില്‍ സന്തുഷ്ടരായ സംഘാടകര്‍ കരാര്‍ വിപുലീകരണത്തിനായി തയ്യാറെടുക്കുന്നുണ്ടെങ്കിലും മെസി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും ഏഴ് അസിസ്റ്റുകളും നേടിയ താരം പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ കളി തുടര്‍ന്നു വരികയാണ്.
അതേസമയം നെയ്മറിന്റെ പ്രകടനത്തില്‍ ആവേശഭരിതനായിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ പുതിയ മാനേജര്‍ ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍. നെയ്മറിനോട് സംതൃപ്തി രേഖപ്പെടുത്തി ക്രിസ്റ്റഫെ രംഗത്തു വന്നിരുന്നു.
ഈ സീസണില്‍ നെയ്മറിന്റെ ഫോമില്‍ താന്‍ സന്തുഷ്ടനാണെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതുവരെയുള്ള ഒമ്പത് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളും ആറ് അസിസ്റ്റും നേടിയ താരം പി.എസ്.ജിയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
സ്‌കോറിങ് പട്ടികയില്‍ പെഡ്രോ പോളേറ്റയെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി നെയ്മര്‍ പേരെടുത്തു എന്നാണ് ഗാള്‍ട്ടിയര്‍ പറഞ്ഞത്.
സ്ലിമാനിയുടെ കിക്ക് പി.എസ്.ജി ഗോളി ജിയാന്‍ലൂജി ഡൊണാറുമ തടഞ്ഞതോടെ ഗോള്‍ നേടാനുള്ള ബ്രെസ്റ്റിന്റെ അവസരം നഷ്ടപ്പെടുകയായിരുന്നു. നിലവില്‍ ഏഴ് കളിയില്‍ 19 പോയിന്റ് നേടിയ പി.എസ്.ജി. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
Content highlight: PSG is about to keep Messi, the player did not reply