കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 200 ല്‍ അധികം സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
216 സീറ്റില്‍ തൃണമൂല്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ബംഗാള്‍ പിടിച്ചെടുക്കുമെന്ന് അവകാശവാദം മുഴക്കിയ ബി.ജെ.പി 75 സീറ്റിലാണ് മുന്നിട്ട് നില്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് മുഴുവന്‍ ബംഗാളില്‍ 100 ല്‍ അധികം സീറ്റ് നേടുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞത്. എന്നാല്‍ ബി.ജെ.പിക്ക് രണ്ടക്കം കടക്കില്ലെന്ന് തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ഓര്‍ത്തുവെക്കണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. കിഷോറിന്റെ വാക്കുകള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് ബംഗാളില്‍ നടക്കുന്നത്.
ആദ്യം നൂറിന് മുകളില്‍ ബി.ജെ.പി മുന്നിട്ട് നിന്നിരുന്നെങ്കിലും പിന്നീട് രണ്ടക്കത്തിലേക്ക് താഴുകയായിരുന്നു.ഇതിന് പിന്നാലെ പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയ രംഗത്തെത്തി. ട്വിറ്ററില്‍ പ്രശാന്ത് കിഷോര്‍ ഹാഷ്ടാഗ് ട്രെന്റിംഗ് ആണ്.
പ്രവചനത്തിന്റെ ഒരു ലെവലേ, മറ്റേത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെക്കാളും മികച്ച ആള്‍ താന്‍ തന്നെയാണെന്ന് കിഷോര്‍ തെളിയിച്ചു, വാക്കുപറയുന്നുണ്ടെങ്കില്‍ ഇതുപോലെ പറയണം എന്നിങ്ങനെയാണ് പ്രശാന്ത് കിഷോറിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകള്‍.