'പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചപ്പോള്‍ സമരം ചെയ്ത കേരളമേ നിങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കാത്തതെന്ത്‌?' ആദിവാസി ബാലനെ ഹോസ്റ്റല്‍ വാച്ച്മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Tribal Issues
'പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചപ്പോള്‍ സമരം ചെയ്ത കേരളമേ നിങ്ങള്‍ ഇപ്പോള്‍ പ്രതികരിക്കാത്തതെന്ത്‌?' ആദിവാസി ബാലനെ ഹോസ്റ്റല്‍ വാച്ച്മാന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
അന്ന കീർത്തി ജോർജ്
Tuesday, 11th February 2020, 11:15 pm

ആനപ്പാറ: നാലാം ക്ലാസുകാരനായ ആദിവാസി ബാലനെ വാച്ച്മാന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ ഒന്‍പതു വയസ്സുകാരന്‍ വാച്ച്മാന്റെ മര്‍ദ്ദനത്തിനത്തെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ വാര്‍ത്ത പുറത്തുവന്നത്. ആനപ്പാറ ജി. എച്ച്. എസ്. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ചീങ്ങേരി കോളനിയിലെ ബിന്ദുവിന്റെയും മനോജിന്റെയും മകനായ വിപിനാണ് മര്‍ദ്ദനമേറ്റത്.

ആദിവാസി വിഭാഗത്തിലെ കുട്ടിയായതിനാല്‍ സംഭവത്തെ ആരും ഗൗരവമായി കാണുന്നില്ലെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നും ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘മറ്റൊരു വിഭാഗത്തിലെ കുട്ടിക്കാണ് ഇങ്ങിനെ മര്‍ദ്ദനമേറ്റതെങ്കില്‍ വയനാട് ജില്ല ഇന്ന് പ്രതിഷേധം കൊണ്ട് ആളിക്കത്തുമായിരുന്നു. പ്രക്ഷോഭങ്ങളും ഹര്‍ത്താലുകളും ഉണ്ടായേനെ. എന്നാല്‍ ആദിവാസി വിഭാഗത്തിലെ കുട്ടിയായതുകൊണ്ട് എല്ലാവരും സംഭവം അവഗണിക്കുകയാണ്.’ അമ്മിണി പറഞ്ഞു.

സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ വലിയ മടി കാണിച്ചുവെന്നും സര്‍ട്ടിഫിക്കറ്റും പൊലിസ് റിപ്പോര്‍ട്ടുകളും വന്നതിന് ശേഷമേ ഇത്തരം വാര്‍ത്തകള്‍ നല്‍കാനാകൂ എന്നും പ്രമുഖ മാധ്യമങ്ങള്‍ പറഞ്ഞതായി അമ്മിണി അറിയിച്ചു. ആദിവാസികളെ മനുഷ്യരായി കാണാന്‍ പോലും ഇവിടെയുള്ളവര്‍ തയ്യാറാകുന്നില്ലെന്നാണ് ഈ സംഭവവും ഇതിനോടുള്ള സമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്നും അമ്മിണി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിയെ ഗുണനപ്പട്ടിക തെറ്റിച്ചു എന്ന പേരുപറഞ്ഞുകൊണ്ട് വാച്ച്മാനായ അനൂപ് അടിച്ചത്. നിലം തുടക്കാനുപയോഗിക്കുന്ന മോപ്പുപയോഗിച്ചുകൊണ്ട് തല്ലുകയായിരുന്നെന്ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവം പുറത്തുപറയാതിരിക്കാന്‍ ഭീഷണിയുണ്ടായിരുന്നെന്നും എങ്കിലും വേദന സഹിക്കാതായപ്പോള്‍ സ്‌കൂളിലെ അധ്യാപകരോട് കുട്ടി വിവരം തുറന്നുപറയുകയായിരുന്നു. വീട്ടിലറിയച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെത്തി വിപിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

ബത്തേരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ് നട്ടെല്ലിനേറ്റ പരിക്കാണ് കടുത്ത വേദനക്ക് കാരണമെന്ന് മനസ്സിലായത്. തുടര്‍ന്ന് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. വാച്ച്മാനായ അനൂപിനെതിരെ അമ്പലവയല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 324 (മാരകായുധം ഉപയോഗിച്ച് ആക്രമിക്കല്‍) പ്രകാരമാണ് കേസ് എടുത്തിട്ടുള്ളതെന്ന് പൊലിസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേസില്‍ അന്വേഷണം നടത്തി വരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബത്തേരി പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലാണ് സംഭവം നടന്ന ആനപ്പാറ ട്രൈബല്‍ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ കുട്ടിയെയും രക്ഷകര്‍ത്താക്കളെയും മറ്റു സഹപാഠികളെയും കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ വികസന ഓഫീസര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ അധികൃതരില്‍ നിന്നും കൃത്യമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ജില്ലയിലെ ആദിവാസി സംഘടനകളുടെ പ്രതികരണം. കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നും കുട്ടിയെ മര്‍ദ്ദിച്ച അനൂപിനെ അറസ്റ്റ് ചെയ്യാത്തത് അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നേടി രക്ഷപ്പെടാനുള്ള വഴിയൊരുക്കാനാണെന്നും വനിത ആദിവാസി പ്രസ്ഥാനം ഭാരവാഹികള്‍ ആരോപിച്ചു.

സംഭവത്തെക്കുറിച്ച് ഇനി ആരോടും സംസാരിക്കേണ്ടതില്ലെന്നും എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് കുട്ടികളുടെ മാതാപിതാക്കളോട് പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്. വയനാട് ജില്ലാ പൊലിസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. കൂടാതെ ട്രൈബല്‍ ഡിവലപ്പ്‌മെന്റ് ഓഫീസറും വിദ്യാഭ്യാസ ഉപ ഡയറക്ടറും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കണക്ക് തെറ്റിയതിനാണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. നട്ടെല്ലിന് പരിക്കേറ്റ് കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ഹോസ്റ്റലുകളില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ ക്രൂരമായ പീഡനത്തിനിരയാകാറുണ്ടെന്നും ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ മേപ്പാടി ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥി ക്ലാസ്മുറിക്ക് സമീപം മരിച്ചുകിടക്കുന്നതായി കണ്ടെത്തിയിരുന്നു. താമസിച്ചിരുന്ന ഹോസ്റ്റലിലെ ജീവനക്കാര്‍ ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നത് കണ്ടതായി ഹോസ്റ്റലിലെയും സ്‌കൂളിലെയും അധികൃതരെ അറിയിച്ച വിദ്യാര്‍ത്ഥിയെയായിരുന്നു പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ബന്ധുക്കള്‍ ഹോസ്റ്റല്‍ ജീവനക്കാരെ സംശയിക്കുന്നതായി പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് പൊലിസിന്റെ അറിയിപ്പ് ലഭിച്ചിരുന്നു.

ഈ സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ആദിവാസി പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ പ്രതിഷേധം ശക്തമാക്കുന്നത്. ‘പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സമരം ചെയ്തവര്‍ ഇതൊന്നും കാണുന്നും കേള്‍ക്കുന്നുമില്ലേ? ആദിവാസികളും മനുഷ്യരാണ്. ഈ പ്രശ്‌നങ്ങളിലും പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉണ്ടാകണം.’ ആദിവാസി നേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ അമ്മിണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ട്രൈബല്‍ ഹോസ്റ്റലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാണെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പട്ടികവര്‍ഗവിഭാഗത്തില്‍ നിന്നുള്ളവരെ തന്നെ ജീവനക്കാരായി നിയമിക്കാനുള്ള നടപടികള്‍ ആലോചിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നടന്ന കേസില്‍ പ്രതിയെ ശിക്ഷിക്കുമെന്ന് തങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലെന്നും എങ്കിലും നീതിക്കായി പോരാടാന്‍ തന്നെയാണ് ആദിവാസി വനിത പ്രസ്ഥാനങ്ങള്‍ അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അമ്മിണി അറിയിച്ചു.

മര്‍ദ്ദനമേറ്റ വിപിന്റെ അച്ഛന്‍ മനോജ് നാല് വര്‍ഷം മുന്‍പ് ജോലിക്കിടെ മരത്തില്‍ നിന്നും വീണ് തളര്‍ന്ന് കിടക്കുകയാണ്. അമ്മ ബിന്ദുവാണ് കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്നത്. മകന് ആവശ്യമായ ചികിത്സ നല്‍കാന്‍ സാധിക്കുമോ എന്ന ആധിയിലാണ് ഈ കുടുംബം. മറ്റു മാര്‍ഗങ്ങളിലില്ലാത്തത് കൊണ്ടാണ് ഹോസ്റ്റലില്‍ വിട്ടതെന്നും ഇനി അവിടേക്ക് വിടില്ലെന്നും വിപിന്റെ അമ്മ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ഹോസ്റ്റലുകളെത്തി താമസിച്ച് പഠിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും ഇതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ നടപടി സ്വീകരിക്കാതിരിക്കുന്നതും ആദിവാസി കുട്ടികള്‍ വിദ്യഭ്യാസരംഗത്ത് മുന്നോട്ട് വരുന്നതിന് വലിയ തടസ്സങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.