കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവരിൽ നിന്ന് ലോണിന്റെ തിരിച്ചടവ് പിടിച്ചെടുത്ത കല്‍പ്പറ്റയിലെ ബാങ്കിനെതിരെ പ്രതിഷേധം. കല്‍പ്പറ്റയിലെ കേരള ഗ്രാമീണ്‍ ബാങ്കിനെതിരായാണ് പ്രതിഷേധം നടക്കുന്നത്. യുവജന സംഘടനകളാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്.
ബാങ്കിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്. പിന്നാലെ വിശദീകരവുമായി ഗ്രാമീണ്‍ ബാങ്ക് രംഗത്തെത്തുകയും ചെയ്തിരുന്നു. ബാങ്കിലെ തിരിച്ചടവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ കമ്പ്യൂട്ടറൈസ്ഡ് ആണെന്നും പണം ഓട്ടോമാറ്റിക്കായി ഡിഡക്ട് ആയതാണെന്നുമായിരുന്നു ബാങ്കിന്റെ വിശദീകരണം.
ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി ജനറല്‍ മാനേജര്‍ കെ.എസ്. പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബാങ്കിന്റെ ജാഗ്രത കുറവിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് എന്നീ യുവജന സംഘടനകള്‍ നിലവില്‍ കൽപ്പറ്റ ബ്രാഞ്ച് ഉപരോധിക്കുകയാണ്.
പണം ഉടന്‍ തിരികെ നല്‍കണമെന്നും കേരള സമൂഹത്തോട് ഗ്രാമീണ്‍ ബാങ്കിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ മാപ്പ് പറയണമെന്നുമാണ് ഡി.വൈ.എഫ്.ഐ ഉയര്‍ത്തുന്ന ആവശ്യം. നടപടി സ്വീകരിക്കാത്ത പക്ഷം കൂടുതല്‍ ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നും ഡി.വൈ.എഫ്.ഐ പ്രതികരിച്ചു.
അതേസമയം ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ പങ്കെടുക്കും. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികളായിരിക്കും യോഗത്തില്‍ പങ്കുചേരുക.
അടിയന്തര സഹായമായി സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ 10,000 രൂപയില്‍ നിന്നാണ് 2000 രൂപ വീതം കേരള ഗ്രാമീണ്‍ ബാങ്ക് പിടിച്ചത്. ഇന്നലെയാണ് സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കിയത്. തുടര്‍ന്നുണ്ടായ ബാങ്ക് നടപടിക്കെതിരെ ഞായറാഴ്ച തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Content Highlight: Protest against the bank in Kalpetta for seizing loan repayments from those staying in the camps