തിരുവനന്തപുരം: മുന്‍കൂട്ടി തീരുമാനിച്ച പരിപാടിക്ക് എത്താത്തതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പ്രതിഷേധം. ഭാരത് ജോഡോ യാത്രയ്ക്കിടെ നെയ്യാറ്റിന്‍കരയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധി എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
പരിപാടിയില്‍ പങ്കെടുത്ത കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, ശശി തരൂര്‍ എം.പി തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലെ പരിപാടിയിലാണ് രാഹുല്‍ ഗാന്ധി എത്താതിരുന്നത്.
സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധം അറിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കെ.ഇ. മാമന്റെയും പത്മശ്രീ ഗോപിനാഥന്‍ നായരുടേയും സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് നെയ്യാറ്റിന്‍കരയില്‍ എത്തുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നു.
ഭാരത് ജോഡോ യാത്ര ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഭാരത് ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ആശുപത്രിയിലേക്ക് കയറിയില്ല. സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടുകയായിരുന്നു പരിപാടി.
രാഹുല്‍ ഗാന്ധി എത്താത്തതിലെ പ്രതിഷേധം കെ. സുധാകരനും, ശശി തരൂരും ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് തുറന്നടിച്ചു. പിന്നീട് ചടങ്ങിന്റെ സംഘാടകരോട് കെ.പി.സി.സി നേതൃത്വം ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ശശി തരൂര്‍ കെ.പി.സി.സി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളില്‍ കാണാം.
അതേസമയം, മറ്റ് പരിപാടികള്‍ വൈകിയതിനാലാണ് ഈ പരിപാടി രാഹുല്‍ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
തിങ്കളാഴ്ച തിരുവനന്തപുരം നഗരത്തിലാണ് ജോഡോ യാത്രയുടെ പര്യടനം. സംസ്ഥാനത്ത് പതിനെട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 29ന് നിലമ്പൂര്‍ വഴി കര്‍ണാടകയില്‍ പ്രവേശിക്കും. 150 ദിവസം 3,751 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ജമ്മു കശ്മീരില്‍ സമാപിക്കുക.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദിഗ്‌വിജയ് സിങ്, ജയറാം രമേശ് എന്നിവര്‍ മുഴുവന്‍ സമയം ജാഥയെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പടപ്പുറപ്പാട് എന്നാണ് കോണ്‍ഗ്രസ് യാത്രയെ വിശേഷിപ്പിക്കുന്നത്.