കണ്ണൂര്‍: കണ്ടങ്കാളി പെട്രോളിയം സംഭരണ പദ്ധതിക്കെതിരെ പെരുമ്പപ്പുഴയില്‍ ജലസത്യാഗ്രഹവുമായി പ്രദേശവാസികള്‍. നിരവധിയാളുകളാണ് വഞ്ചികളുമായി പുഴയിലിറങ്ങി സത്യാഗ്രഹത്തിന്റെ ഭാഗമായത്. നാട്ടുകാരുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള നിര്‍മാണത്തിനെതിരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനാണ് പ്രദേശവാസികള്‍ സമരം ആരംഭിക്കുന്നത്. വൈപ്പിനിന് സമാനമായി എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നീ പൊതുമേഖലാ കമ്പനികളാണ് പയ്യന്നൂരില്‍ എണ്ണ സംഭരണശാലകള്‍ നിര്‍മിക്കുന്നത്.
സമരം കൂടുതല്‍ ശക്തമാക്കുകയാണ് ജലസത്യാഗ്രഹത്തിലൂടെയെന്ന് സമരസമിതി അറിയിച്ചു. തണ്ണീര്‍ത്തട സംരക്ഷണത്തിനായി 2008-ല്‍ പാസാക്കിയ നിയമത്തെ അട്ടിമറിച്ച് വ്യവസായികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വലയുകള്‍ തീറെഴുതുന്നത് നിര്‍ഭാഗ്യകരമാണെന്നും സത്യാഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരനായ സി.വി.ബാലകൃഷ്ണന്‍ സംസാരിച്ചു. 1970-ലെ 9 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയില്‍ നിന്ന് രണ്ട് ലക്ഷം ഹെക്ടറിലേക്ക് കുറഞ്ഞത് അപകടകരമാണെന്ന് സൂചിപ്പിച്ച സി.വി. ഇത്തരം വികസനങ്ങള്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നും ഓര്‍മിപ്പിച്ചു.
കണ്ടങ്കാളി എണ്ണസംഭരണ പദ്ധതി ഭൂമാഫിയയുടെ ഗൂഢതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്നും സി.വി. ബാലകൃഷ്ണന്‍ ആരോപിച്ചു. സാധാരണക്കാരന്റെ തലയടിച്ച് പൊട്ടിക്കുന്നതിന് പകരം ഇടതുപക്ഷം മണ്ണിനെ സ്‌നേഹിക്കുന്നവരുടെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിനെതിരായ ഇടതുസര്‍ക്കാരിന്റെ മനോഭാവത്തേയും അദ്ദേഹം വിമര്‍ശിച്ചു.
വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ അടിച്ചമര്‍ത്തുകയാണെന്ന് പറഞ്ഞ സി.വി. നമ്മള്‍ കൊയ്യും വയലുകള്‍ കോര്‍പ്പറേറ്റുകളുടേതായി മാറുകയാണെന്നും ഓര്‍മിപ്പിച്ചു.
സമരത്തിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് പൊതുജനശ്രദ്ധയാകര്‍ഷിക്കലാണ് ആദ്യ ലക്ഷ്യമെന്ന് സമര സമിതി ചെയര്‍മാന്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇതിനായി ആദ്യം പ്രദേശത്തെ സ്ത്രീകളെ ഒരുമിപ്പിക്കാനാണ് പദ്ധതി. ഇത് നടപ്പിലാക്കാന്‍ സ്ത്രീകളില്‍ ഉത്‌ബോധന ക്ലാസുകള്‍ നടപ്പിലാക്കാനും അവരെ സമരസമിതിയിലേക്ക് എത്തിക്കാനും ശ്രമിക്കുമെന്ന് സമരസമിതി ചെയര്‍മാന്‍ ടി.പി. പത്മനാഭന്‍ മാസ്റ്റര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മറ്റൊരു തീരുമാനപ്രകാരം ശിവരാത്രിയില്‍ നാടകം നടത്താനും തീരുമാനമായതായി സമരസമിതി ചെയര്‍മാന്‍ അറിയിച്ചു. കാളകൂട വിഷം മണ്ണിലും വായുവിലും കലര്‍ത്തുന്നതിനെതിരെ പ്രതീകാത്മകമായാകും നാടകസമരം. ഇതിലൂടെ പൊതുശ്രദ്ധ നേടാനാകുമെന്ന പ്രതീക്ഷ സമരസമിതിക്കുണ്ടെന്നും ചെയര്‍മാന്‍ ഡൂള്‍ന്യൂസിനോട് വിശദീകരിച്ചു.
സമരമുഖത്ത് ഒരുഭാഗത്ത് കുറച്ച് സാധാരണക്കാര്‍ മാത്രമുള്ളപ്പോള്‍ മറുവശത്ത് സര്‍ക്കാരും കമ്പനിയും ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ ലോബിയാണുള്ളതെന്നു അദ്ദേഹം പറഞ്ഞു. അതിന് തെളിവായി സമരസമിതി ചൂണ്ടിക്കാട്ടുന്നത് പദ്ധതിക്ക് ക്ലിയറന്‍സ് പോലും ലഭിക്കാതെ സര്‍വേ നടത്തുന്നതാണ്.
ALSO READ: മൂലമ്പിള്ളി പാക്കേജ്: ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുമായി റവന്യു വകുപ്പ്
നേരത്തെ പ്രദേശം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സാസെ പുരസ്‌കാര ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പുരോഗനകേരളത്തില്‍ വയലും തണ്ണീര്‍ത്തടവും ഇല്ലാതാക്കി എണ്ണ സംഭരണശാലകള്‍ നിര്‍മിക്കുന്നത് വിനാശകരമെന്നാണ് പാണ്ഡെ അഭിപ്രായപ്പെട്ടത്. പൊതു തെളിവെടുപ്പില്‍ പ്രദേശവാസികള്‍ പദ്ധതിക്കെതിരെയാണ് നിലകൊണ്ടത്. എന്നിട്ടും പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത് വിനാശകരമാണെന്ന് പാണ്ഡെ പറഞ്ഞിരുന്നു.
പദ്ധതി വരുന്നതോടെ ഏകദേശം 130 ഏക്കറോളം പരന്ന് കിടക്കുന്ന നെല്‍പാടം പൂര്‍ണമായും ഇല്ലാതാകും. മാത്രമല്ല പയ്യന്നൂരിനും പരിസര പ്രദേശത്തിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന ജലസംഭരണി ഇല്ലാതാകും. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാകും വഴിയൊരുക്കുക. ഭാവിയില്‍ കടുത്ത വെള്ള ക്ഷാമത്തിനാകും പയ്യന്നൂര്‍ നഗരവും സമീപ പ്രദേശവും അഭിമുഖീകരിക്കുകയെന്ന് പാരിസ്ഥിതി പ്രവര്‍ത്തകനായ നിശാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഏക്കറുകണക്കിന് പാടങ്ങളും കണ്ടല്‍ക്കാടുകളും മൂന്ന് പുഴകളുടേയും നാശത്തിന് സംഭരണശാലയുടെ നിര്‍മാണം വഴിയൊരുക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
പദ്ധതി നടപ്പിലായാല്‍ ഉത്തരമലബാറിലെ ഏറ്റവും വലുതും താരതമ്യേന കുറച്ചുമാത്രം മലിനമായിട്ടുള്ളതുമായ കവ്വാലിക്കായല്‍ പൂര്‍ണ്ണായും മലിനമാകും. ഇതോടെ കായലിന്റെ കൈവഴിയായ രാമപുരം പുഴ, നീലേശ്വരം പുഴ എന്നിവ അകാലചരമം പ്രാപിക്കുമെന്ന് നിശാന്ത് ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
ജൈവവൈവിധ്യത്തിന്റെ അപൂര്‍വ കലവറ കൂടിയാണ് ഈ പ്രദേശമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. രാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുള്ള കവ്വാലിക്കായലും അതിനോട് ചേര്‍ന്നുള്ള അപൂര്‍വ മത്സ്യ സമ്പത്തും പദ്ധതി വരുന്നതോടെ അപ്രത്യക്ഷമാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ നിഷാന്ത് ആരോപിക്കുന്നു. ഇതോടെ പടന്ന, ചെറുവത്തൂര്‍ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ തൊഴില്‍ മാര്‍ഗമായ മത്സ്യബന്ധനം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
കൂടാതെ പ്രദേശത്തിന്റെ ജൈവഘടനയെ പെട്രോളിയം സംഭരണ ശാല താറുമാറാക്കുമെന്ന നിലപാടിലാണ് അദ്ദേഹം.
പദ്ധതി വരുന്നതോടെ വലിയപറമ്പ് പഞ്ചായത്തിന്റെ കൃഷിമാര്‍ഗം പൂര്‍ണമായും ഇല്ലാതാകും. കല്ലുമ്മക്കായ കൃഷിയാണ് ഇവിടെ പ്രധാനം. 2030-ഓടെ റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോള്‍ എന്തിനാണ് സാധാരണക്കാരുടെ ജീവിതം തകര്‍ത്ത് ഇത്തരത്തിലൊരു എണ്ണ സംഭരണ ശാലയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.
പദ്ധതിയുടെ ബുദ്ധിമുട്ട് കേവലം ഇവിടെ മാത്രമാകില്ലെന്ന മുന്നറിയിപ്പും പരിസ്ഥി പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. കാരണം 80 ലക്ഷം ലോഡ് മണ്ണാണ് 85 ഏക്കര്‍ ഭൂമിക്കായി നികത്തേണ്ടത്. നിലവില്‍ കണ്ണൂരില്‍ നിന്ന് ഇത്രയും മണ്ണ് ലഭിക്കണമെങ്കില്‍ കുന്നുകള്‍ കൂടുതലായി ഇടിക്കേണ്ടി വരും. ഇത് മൊത്തത്തില്‍ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കുമെന്ന് നിശാന്ത് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
സമരസമിതി ഉയര്‍ത്തുന്ന ഏറ്റവും വലിയ ആരോപണം ഇത് കേവലം വൈപ്പിനിന് സമാനമായ പ്ലാന്റല്ല എന്നതാണ്. അതിന് 85 ഏക്കറിന്റെ ആവശ്യമില്ലെന്നും ഭൂമി ഏറ്റെടുക്കലിന്റെ ലക്ഷ്യം മറ്റൊന്നാണെന്നും സമരസമിതി ആരോപിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ അബൂദാബി സര്‍ക്കാറുമായി ബന്ധപ്പെട്ട് റിഫൈനറി പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. മൂന്നരലക്ഷം കോടി മുതല്‍ മുടക്കില്‍ 15,000 ഏക്കറിലാണ് പ്ലാന്റ് വരുന്നത്. ആ റിഫൈനറിയുടെ ഉപ റിഫൈനറിയാണിതെന്നും നിശാന്ത് ആരോപിച്ചു. രത്‌നഗിരിയിലെ സമര നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഒരു പാര്‍ട്ടിയുടെ പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നിഷാന്ത് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ വരുന്നുണ്ട്. ബി.ജെ.പിക്കാണെങ്കില്‍ യാതൊരു നിലപാടില്ലെന്നും സാധാരണക്കാരുടെ നിലനില്‍പിനായുള്ള സമരത്തെ പാര്‍ട്ടികളൊന്നും പരിഗണിക്കുന്നില്ലെന്നും നിഷാന്ത് ആരോപിച്ചു.
കണ്ടല്‍ക്കാടും പുഴയും ഉള്‍പ്പെടുന്ന കോസ്റ്റല്‍ റെഗുലേഷന്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുന്ന സ്ഥലമാണ് പ്രദേശം. പ്രദേശത്ത് നിര്‍മാണം പാടില്ലെന്നാണ് നിയമം. എന്നാല്‍ എണ്ണ സംഭരണശാലയ്ക്കായി നിയമത്തെ കാറ്റില്‍ പറത്തുകയാണെന്ന് സമരസമിതി ആരോപിക്കുന്നു.
ദിനംപ്രതി നിരവധി ടാങ്കറുകളാണ് സംഭരണശാലയിലേക്ക് വരുക. ടാങ്കറുകളില്‍ നിന്നും ഉള്ള ചെറിയ ചോര്‍ച്ച തന്നെ പ്രദേശത്തെയും കവ്വായിക്കായലിനെയും എണ്ണപ്പാടയാല്‍ മലിനമാക്കും. പിന്നെ പുറന്തള്ളുന്ന എണ്ണ കലര്‍ന്ന വെള്ളം എന്ത് മുന്‍കരുതല്‍ എടുത്താലും ഒരു ഭാഗത്തെ അതിരായ പുഴയില്‍ എത്താതിരിക്കില്ല. മിക്കവാറും രാമന്തളിയുടെ ആവര്‍ത്തനമാണ് സംഭവിക്കുക. ചുറ്റുമുള്ള വലിയ ഒരു പ്രദേശത്തിലെ എല്ലാ ജലാശയങ്ങളും മലിനമാവുകയും കുടിവെള്ളം നശിക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്ലാന്റ് വരുന്നതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മാത്രമല്ല, കാലങ്ങളായുള്ള പയ്യന്നൂര്‍ റെയല്‍വേ സ്റ്റേഷന്റെ വികസനം എന്നന്നേക്കുമായി മുരടിക്കുമെന്നും നിഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു