Kerala News
'സഭയും സര്‍ക്കാരും കൈവിട്ടു'; ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 08, 03:39 am
Saturday, 8th September 2018, 9:09 am

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികപീഡനാരോപണത്തില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. സര്‍ക്കാരും സഭയും കൈവിട്ടുവെന്ന് കുറുവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ടതിനാലാണ് സമരത്തിനിറങ്ങുന്നതെന്നും ഇരയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം തുടങ്ങുമെന്നറിയിച്ചിരുന്നു. ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതിനിടെ കൂടുതുല്‍ മൊഴികള്‍ പുറത്തു വന്നിരുന്നു.

ALSO READ: ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം; തിരുവനന്തപുരത്ത് ആര്‍.എസ്.എസ് നോമിനിയെ നഗരസഭാ കൗണ്‍സില്‍ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും മാറ്റി

തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുമുണ്ട്. ബിഷപ്പിനെതിരെ മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്ന് മൊഴികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാതി ഉന്നയിച്ച കന്യാസ്ത്രീയടക്കം നാലുപേര്‍ ഇപ്പോള്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.

ലൈംഗിക ചുവയോടെ പെരുമാറിയിരുന്നു. പലപ്പോഴും മോശം പെരുമാറ്റം ബിഷപ്പില്‍ നിന്നുണ്ടായിരുന്നുവെന്നുമാണ് മൊഴി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിരുന്നു.

WATCH THIS VIDEO: