വാഷിങ്ങ്ടണ്‍: പതിനെട്ടുകാരന്‍ 21 പേരെ വെടിവെച്ചുകൊന്ന സംഭവത്തോടെ യു.എസില്‍ തോക്കു നിയന്ത്രണം വേണമെന്ന ആവശ്യം കൂടിവരുകയാണ്.
ദുര്‍ബലമായ തോക്കുനയമുള്ള ടെക്‌സസിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ പേരില്‍ ഗവര്‍ണര്‍ അബോര്‍ട്ടിനെതിരെയുള്ള പ്രതിഷേധമുയരുകയാണ്.
തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് യു.എസില്‍ പതിവായി കേസുകളില്‍ നിന്നും സംരക്ഷണം ലഭിക്കാറുണ്ട്. 18 വയസുകഴിഞ്ഞ ആര്‍ക്കും തോക്ക് സ്വന്തമാക്കാം. 2005ലാണ് തോക്ക് നിര്‍മാണ കമ്പനികള്‍ക്ക് സംരക്ഷണം ലഭിക്കുന്ന നിയമം നിലവില്‍ വന്നത്.
പതിനെട്ട് വയസ് തികഞ്ഞതിന്റെ പിറ്റേന്ന് തന്നെ ആക്രമി തോക്ക് വാങ്ങിയെന്നാണ് റിപ്പോട്ടുകള്‍. സ്വന്തം മുത്തശ്ശിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷമാണ് അക്രമി റോബ് എലിമെന്ററി സ്‌കൂളിലേക്കെത്തുന്നത്.
സൗത്ത് ടെക്സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. കാറിലെത്തിയ അക്രമിയെ തടഞ്ഞ് നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് സാധിച്ചില്ല. 19 കുട്ടികളടക്കം 21 പേരാണ് സംഭവത്തില്‍ മരണപെട്ടത്. ഏഴിനും പത്തിനുമിടയില്‍ പ്രായമുള്ളവരാണ് മരിച്ച 19 കുട്ടികളും.
തോക്ക് നിയന്ത്രണം ശക്തമാക്കേണ്ട എന്ന നിലപാടുകാരാണ് 20 ശതമാനം യു.എസ് ജനങ്ങള്‍. വെടിവെപ്പ് നടത്തിയ സാല്‍വദോര്‍ റാമോസ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലായെന്നും, മാനസിക പ്രശനങ്ങള്‍ ഇല്ലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് ടെക്സസില്‍ നടന്നത്.
യു.എസില്‍ സ്‌കൂളില്‍ വെടിവെപ്പ് സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. സ്‌കൂളുകളില്‍ തുടര്‍ച്ചയായി വെടിവെപ്പുകള്‍ നടക്കുന്നതും കുട്ടികളടക്കം മരണപ്പെടുന്നതുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ് പ്രതിഷേധത്തിന് കാരണം.