ഈ വരള്‍ച്ചാക്കാലത്തെങ്കിലും നെല്‍വയല്‍ സംരക്ഷണം ഏറ്റെടുക്കാം
Opinion
ഈ വരള്‍ച്ചാക്കാലത്തെങ്കിലും നെല്‍വയല്‍ സംരക്ഷണം ഏറ്റെടുക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2013, 9:00 pm

line

കേരളത്തിന്റെ കുടിവെള്ളഭക്ഷ്യ സുരക്ഷ നിലനില്‍ക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ്…,. ആദ്യത്തേത് മഴയുടെ ലഭ്യതയും ഈര്‍പ്പമുള്ള കാലാവസ്ഥയും ഉറപ്പുവരുത്തുന്ന പശ്ചിമഘട്ട മലനിരകളും രണ്ടാമത് അതിനുകീഴെ ഇടനാട്ടില്‍ ജലം പിടിച്ചുവെച്ചു ഭൂമിയില്‍ താഴ്ത്തി കിണറുകളിലെ ജലവിതാനം ഉയര്‍ത്തുന്ന വയലുകളും.

line


എസ്സേയ്‌സ് / ഹരീഷ് വാസുദേവന്‍


hareeshഅരിയാണ് മലയാളിയുടെ എക്കാലത്തെയും മുഖ്യാഹാരം. രണ്ടു പതിറ്റാണ്ട് മുന്‍പ് വരെ റാഗി (മുത്താറി), ചാമ, തിന തുടങ്ങിയ അനേകം ധാന്യങ്ങളും കപ്പ, മരച്ചീനി, ചേമ്പ് തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളും ധാരാളമായി കഴിച്ചിരുന്ന മലയാളിക്ക് ഇന്ന് ഏതാണ്ട് മൂന്ന് നേരവും അരിയാഹാരമാണ് പഥ്യം.

രാവിലെ ദോശയോ പുട്ടോ പോലുള്ള വിഭവങ്ങളായും ഉച്ചയ്ക്ക് ചോറായും രാത്രി കഞ്ഞിയോ പത്തിരി പോലുള്ള മറ്റെന്തെങ്കിലും വിഭവമായും അരി തന്നെയാണ് ബഹുഭൂരിപക്ഷം മലയാളിയും കഴിക്കുന്നത്.[]

അതിനാല്‍ത്തന്നെ അരിയുടെ കാര്യം നമുക്ക് പ്രധാനമാണ്. അതിലും പ്രധാനമാണ് കുടിവെള്ള ലഭ്യത. ഡിസംബര്‍ മാസമായപ്പോഴേക്കും വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന അവസ്ഥയിലാണ് കേരളം എന്നത് ഞെട്ടലോടെയല്ലാതെ കാണാനാവില്ല.

ഏറ്റവും മഴ ലഭിക്കുന്ന ഒരു പ്രദേശം മഴക്കാലം കഴിഞ്ഞയുടനെ വരള്‍ച്ച നേരിടുന്നുവെങ്കില്‍ മഴവെള്ളം ഭൂമിയില്‍ പിടിച്ചുവെയ്ക്കാനുള്ള പ്രകൃതിയുടെ നീര്‍ത്തട സംവിധാനങ്ങള്‍ നമ്മള്‍ താറുമാറാക്കി എന്നര്‍ത്ഥം.

ഇത് രണ്ടും ചെന്നെത്തുന്നത് വയലുകളുടെ സംരക്ഷണത്തിലെയ്ക്കാണ്. വയലുകള്‍ സംരക്ഷിക്കാന്‍ ഒരു പ്രത്യേക നിയമം ഉണ്ടായിട്ടും അനുദിനം നശിക്കുന്ന ഒരു ജൈവ മേഖലയാണ് വയലുകള്‍. കേരളത്തിന്റെ ഭക്ഷ്യകുടിവെള്ള സുരക്ഷയ്ക്ക് അത്യാവശ്യമായ വയലുകളുടെ സംരക്ഷണം അതര്‍ഹിക്കുന്ന പരിഗണനയോടെ നാം കാണേണ്ടതുണ്ട്.

ഏറ്റവും മഴ ലഭിക്കുന്ന ഒരു പ്രദേശം മഴക്കാലം കഴിഞ്ഞയുടനെ വരള്‍ച്ച നേരിടുന്നുവെങ്കില്‍ മഴവെള്ളം ഭൂമിയില്‍ പിടിച്ചുവെയ്ക്കാനുള്ള പ്രകൃതിയുടെ നീര്‍ത്തട സംവിധാനങ്ങള്‍ നമ്മള്‍ താറുമാറാക്കി എന്നര്‍ത്ഥം

കേരളത്തിന്റെ കുടിവെള്ളഭക്ഷ്യ സുരക്ഷ നിലനില്‍ക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ്…,. ആദ്യത്തേത് മഴയുടെ ലഭ്യതയും ഈര്‍പ്പമുള്ള കാലാവസ്ഥയും ഉറപ്പുവരുത്തുന്ന പശ്ചിമഘട്ട മലനിരകളും രണ്ടാമത് അതിനുകീഴെ ഇടനാട്ടില്‍ ജലം പിടിച്ചുവെച്ചു ഭൂമിയില്‍ താഴ്ത്തി കിണറുകളിലെ ജലവിതാനം ഉയര്‍ത്തുന്ന വയലുകളും.

ഇവരണ്ടും ഭീഷണി നേരിടുന്നുണ്ടെങ്കിലും വയലുകള്‍ നേരിടുന്ന ഭീഷണി താരതമ്യേന കൂടുതലാണ്. നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മറ്റു റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കും വയല്‍ വകമാറ്റുന്നു എന്നതാണ് ഈ ഭീഷണി.

മൂലധനാധിഷ്ഠിത വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വലിയ തോതിലാണ് ഭൂമിക്കുള്ള ആവശ്യം വര്‍ധിക്കുന്നത്. റിയല്‍ എസ്‌റ്റേറ്റ് രംഗം ഓരോ ദിവസവും കൊഴുത്തു വരികയാണ്.

ഭൂമി ഇന്നൊരു പ്രധാന ഊഹക്കച്ചവട വസ്തുവാണ്. മറ്റു ഭൂമികള്‍ക്ക് വിലയേറുമ്പോള്‍ നെല്‍വയല്‍ പോലുള്ള താരതമ്യേന വിലകുറഞ്ഞ ഭൂമികള്‍ക്ക് ഡിമാന്റ് വര്‍ധിക്കുന്നു. കയ്യൂക്കുള്ളവര്‍ വയലുകള്‍ നികത്തി റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് മുതല്‍ക്കൂട്ടാക്കുന്നു.

മുതല്‍ മുടക്കുന്നവന്റെ സാമ്പത്തിക ലാഭമാണ് ഏക ലക്ഷ്യമെന്നതിനാല്‍ സംസ്ഥാനത്ത് വന്‍കിട മുതല്‍മുടക്ക് നടത്തുന്നവരും നോക്കുന്നത് വയലുകളെയാണ്.

സൂക്ഷ്മമായി നോക്കിയാല്‍ ഒരു കാര്യം മനസിലാകും, പല പദ്ധതികള്‍ക്കും വയലുകള്‍ അല്ലാത്ത സ്ഥലം ലഭ്യമല്ലാഞ്ഞിട്ടല്ല, മറിച്ച് കരപ്രദേശം വാങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാനും പലയിടത്തും കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കാനുമാണ് വയലുകള്‍ നോട്ടമിടുന്നത്.

ഭൂമി ഊഹക്കച്ചവടത്തിന് യഥേഷ്ടം വിട്ടുകൊടുക്കുന്ന നയത്തിന് നിയന്ത്രണം വരുത്താതെ വയലുകളെ നമുക്ക് സംരക്ഷിക്കാനാകില്ല.

നെല്‍വയല്‍ തരം മാറ്റുന്നതിനെതിരെ  2008 ല്‍ കേരളത്തിന്റെ നിയമസഭ ഒത്തൊരുമിച്ച് പാസാക്കിയ നിയമമാണ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം. തുടക്കത്തില്‍ ഈ നിയമം കുറച്ചൊക്കെ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ നിയമം ലംഘിച്ചു നികത്തലുകള്‍ അഭങ്കുരം തുടരുന്നുണ്ട്.

ഇടനാട്ടിലെ വയലുകളും നീര്‍ത്തടങ്ങളും അനുദിനം അനധികൃതമായി നികത്തി വരികയാണ്, അതേയളവില്‍ ഭൂമിയിലെ ജലവിതാനവും കുടിവെള്ള ലഭ്യതയും കുറയുന്നുണ്ട് എന്നതിന് അന്നന്നത്തെ പത്രവാര്‍ത്തകള്‍ തന്നെ സാക്ഷ്യം.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഏതു ജില്ലയിലൂടെയും ഇടനാട്ടില്‍ അല്‍പ്പം ദൂരം ബസില്‍ സഞ്ചരിച്ചാല്‍ നാലിടത്ത് എങ്കിലും നിലം നികത്തുന്നത് കാണാനാകും. സാധാരണയായ ഒരു കാഴ്ചയായി മാറിയ അത്ര ഗുരുതരമാണ് നിലം നികത്തല്‍ പ്രശ്‌നം.

നിലം നികത്തുന്നവര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ കൊടുക്കാന്‍ മാത്രമേ നിലവിലെ നിയമം വെച്ച് സര്‍ക്കാരിനാകുന്നുള്ളൂ. നികത്താന്‍ മണ്ണുമായി വരുന്ന വാഹനം പിടിച്ചെടുക്കാന്‍ നിയമമുണ്ടെങ്കിലും മാഫിയാ ഉദ്യോഗസ്ഥ കൂട്ടുകെട്ട് കാരണം ഒരു വാഹനവും പിടിക്കാറില്ല.

നികത്തുന്നവര്‍ പേടി കൂടാതെ നികത്തല്‍ തുടരുകയും ചെയ്യുന്നുണ്ട്. ജനങ്ങള്‍ നിയമം ലംഘിക്കുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന് മാത്രമല്ല, വയലുകളും നീര്‍ത്തടങ്ങളും നികത്തിയുള്ള പദ്ധതികള്‍ക്ക് വേണ്ടി വാദിച്ചും അത്തരം പദ്ധതികള്‍ അനുവദിച്ചും ഈ വിഷയത്തില്‍ തങ്ങളുടെ പരിസ്ഥിതിവിരുദ്ധ നിലപാട് അനുദിനം വ്യക്തമാക്കുന്നുണ്ട് സര്‍ക്കാര്‍ (പാര്‍ട്ടി ഭേദമന്യേ അതൊരു തുടര്‍ച്ചയാണല്ലോ).
അടുത്ത പേജില്‍ തുടരുന്നു

line

ആറന്മുളയിലും വയനാട്ടിലെ ചീക്കല്ലൂരും ഇടുക്കിയിലെ അണക്കരയിലും സ്വകാര്യ വിമാനത്താവളങ്ങളും മറ്റുള്ളയിടങ്ങളില്‍ കെട്ടിടങ്ങളും വ്യവസായ പാര്‍ക്കുകളും ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളും ഒക്കെയായി സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ക്കെല്ലാം മുക്കിക്കൊല്ലേണ്ടത് നമ്മുടെ വയലുകളെയാണ്.

line

paddy-field

ആറന്മുളയിലും വയനാട്ടിലെ ചീക്കല്ലൂരും ഇടുക്കിയിലെ അണക്കരയിലും സ്വകാര്യ വിമാനത്താവളങ്ങളും മറ്റുള്ളയിടങ്ങളില്‍ കെട്ടിടങ്ങളും വ്യവസായ പാര്‍ക്കുകളും ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളും ഒക്കെയായി സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ക്കെല്ലാം മുക്കിക്കൊല്ലേണ്ടത് നമ്മുടെ വയലുകളെയാണ്. വികസനവും കരുതലും എന്ന സര്‍ക്കാര്‍ മുദ്രാവാക്യത്തില്‍ കരുതല്‍ ഏട്ടിലെ പശുവായി അവശേഷിക്കുന്നു എന്ന യാഥാര്‍ത്ഥ്യം പറയാതിരിക്കാനാകില്ല. []

നിയമം അട്ടിമറിക്കപ്പെടുന്നു

ഈ സര്‍ക്കാര്‍ വന്നശേഷം, 2005 വരെ നിലംനികത്തിയ കേസുകള്‍ക്ക് പിഴയീടാക്കി ഒറ്റതവണ തീര്‍പ്പാക്കി നല്‍കാനും നിയമവിധേയമാക്കാനും 2008 ലെ നിയമം ഭേദഗതി ചെയ്യാനും 2012 ഫെബ്രുവരി എട്ടിനു രഹസ്യ മന്ത്രിസഭാ തീരുമാനം കൈക്കൊണ്ടത് പിന്നീട് വലിയ വിവാദമായി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റ് നിര്‍ദ്ദേശമാണ് തങ്ങള്‍ നടപ്പാക്കിയത് എന്നായിരുന്നു ആദ്യത്തെ വിശദീകരണം. നെല്‍വയല്‍ സംരക്ഷണ നിയമം വരുന്നതിനു മുന്‍പ് വയല്‍ നികത്തി വീടുവെച്ച പാവങ്ങള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി പറഞ്ഞതിനാലാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും സര്‍ക്കാര്‍ ന്യായീകരിച്ചു.

എതിര്‍പ്പിനെ തുടര്‍ന്ന് ആ തീരുമാനം ഉപേക്ഷിച്ചെങ്കിലും പിന്നീട് പല രൂപത്തില്‍ ആ നിര്‍ദ്ദേശങ്ങള്‍ തന്നെ മുന്നോട്ടുവന്നു. 2012 ജൂണ്‍ 13 നു മുഖ്യമന്ത്രിയുടെ യോഗഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ വകുപ്പാണ് നിയമഭേദഗതി നിര്‍ദ്ദേശിച്ചതെന്നും എമര്‍ജിംഗ് കേരളയിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി ആണ് ശുപാര്‍ശകള്‍ നല്‍കിയതെന്നും ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍ നികത്തി വ്യവസായവികസനം കൊണ്ടുവരാന്‍ പദ്ധതിയുണ്ടെന്നും ഉള്ള സത്യം പിന്നീട് രേഖകള്‍ സഹിതം പുറത്തുവന്നു.

വ്യവസായ ടൂറിസം ആവശ്യങ്ങള്‍ക്ക് യഥേഷ്ടം നെല്‍വയലുകള്‍ നികത്താം എന്നായിരുന്നു അന്ന് നിര്‍ദ്ദേശിക്കപ്പെട്ട നിയമ ഭേദഗതി. വിവാദമായപ്പോള്‍ റവന്യൂകൃഷി വകുപ്പുകള്‍ ഇതിനെ എതിര്‍ത്ത് മുന്നോട്ടു വന്നു.

രണ്ടു മാസത്തിനകം വ്യവസായ വകുപ്പിന്റെ ശുപാര്‍ശയോടെ ഭൂവിനിയോഗ ബില്ലായി ഇതേ നിര്‍ദ്ദേശങ്ങള്‍ തന്നെ വീണ്ടും സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. വയലുകള്‍ വികസനാവശ്യങ്ങള്‍ക്ക് തരം മാറ്റാനുള്ള അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ജില്ലാ വികസന സമിതിയ്ക്കും  നല്‍കുന്നതായിരുന്നു പുതിയ ബില്ലിലെ പ്രധാന വ്യവസ്ഥ,.

 വയലുകള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമം നടപ്പാക്കുന്ന കാര്യത്തില്‍ അമ്പേ പരാജയപ്പെടുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. 2008 ലെ നിയമത്തിനു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ വയല്‍ നികത്തുന്നത്തിനെതിരായ നിയമം നാട്ടിലുണ്ടായിരുന്നു

കൂടാതെ 1967 ലെ ഭൂവിനിയോഗ ഉത്തരവ് റദ്ദാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു. റവന്യൂ മന്ത്രി തന്നെ ബില്ലിനെ പരസ്യമായി എതിര്‍ത്തു. സംഗതി വിവാദമായതോടെ നിയമവകുപ്പ് അത് പിന്‍വലിച്ചെങ്കിലും എത്ര കാലത്തേയ്‌ക്കെന്ന് അറിയില്ല.

നേരത്തെ പറഞ്ഞ എല്ലാ കള്ളങ്ങളും വിഴുങ്ങി, ഈ നിയമം വ്യവസായ വകുപ്പിനായി ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍ ചെയര്‍മാനായി ഒരു പ്രത്യേക സമിതി ഇതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വയലുകളുടെ മേല്‍ കമ്പോള വികസനത്തിന്റെ സമ്മര്‍ദ്ദം എത്ര വലുതാണെന്നും ഈ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാര്‍ ആരുടെകൂടെ നില്‍ക്കുന്നെന്നും നമുക്കിതില്‍ നിന്നും മനസിലാക്കാം.

വയലുകള്‍ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമം നടപ്പാക്കുന്ന കാര്യത്തില്‍ അമ്പേ പരാജയപ്പെടുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. 2008 ലെ നിയമത്തിനു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ വയല്‍ നികത്തുന്നത്തിനെതിരായ നിയമം നാട്ടിലുണ്ടായിരുന്നു.

1955 ലെ കേന്ദ്ര അവശ്യവസ്തു നിയമത്തിന്റെ ചുവട് പിടിച്ച് രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ 1967 ല്‍ സംസ്ഥാനം ഇറക്കിയ ഭൂവിനിയോഗ ഉത്തരവ് ആണ് വയല്‍ നികത്തുന്നതിനെതിരെ 2008 വരെ നിലനിന്നിരുന്ന ഏക നിയമം.

ജില്ലാ കലക്ടറുടെ മുന്‍കൂര്‍ അനുമതിയോടെയേ വയല്‍ മറ്റാവശ്യങ്ങള്‍ക്ക് തരം മാറ്റാവൂ എന്നാണു പ്രസ്തുത ഉത്തരവിന്റെ പ്രധാന വ്യവസ്ഥ. ആ നിയമത്തിനു പുറമെയാണ് കര്‍ശനമായ വ്യവസ്ഥകളോടെ നെല്‍വയല്‍ സംരക്ഷണ നിയമവും നിലവില്‍ വന്നത്.

ആദ്യത്തേത് നാടിന്റെ ഭക്ഷ്യ സുരക്ഷ ലക്ഷ്യമിട്ടായിരുന്നെങ്കില്‍ രണ്ടാമത്തേത് വയലുകളുടെ പാരിസ്ഥിതിക പ്രാധാന്യവും സേവനവും കണക്കിലെടുത്ത് കൂടിയാണ് പാസാക്കപ്പെട്ടത്.

എന്നാല്‍ പല റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എന്തിനു കോടതിപോലും കരുതുന്നത് പഴയ ഭൂവിനിയോഗ ഉത്തരവ് നിലവിലില്ലെന്നാണ് എന്ന് കേരളാ ഹൈക്കോടതിയുടെ ചില വിധിന്യായങ്ങള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.

1967 നു ശേഷമുള്ള എല്ലാ നിയമവിരുദ്ധ നികത്തലുകളും നിയമത്തിന്റെ കണ്ണില്‍ നിയമ ലംഘനങ്ങള്‍ ആണെന്നുള്ള കാര്യം മനസിലാക്കാന്‍ ഒരു നിയമബിരുദത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

എന്നാല്‍ അതെല്ലാം നിയമവിരുദ്ധമാക്കി നിലനിര്‍ത്തുന്നത് അപ്രായോഗികമായ ഒരു നിലപാടായിരിക്കും എന്നത് പരിസ്ഥിതി പ്രവര്‍ത്തകരും സമ്മതിക്കുന്നു.
അടുത്ത പേജില്‍ തുടരുന്നു

line

2008 ലെ നിയമത്തോടെ വയല്‍ നികത്തല്‍ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറിയെങ്കിലും വയല്‍ സംരക്ഷണത്തിനായി അതിലെ പ്രധാന ആവശ്യമായ “ഡാറ്റ ബാങ്ക്” നാളിതുവരെ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം തന്നെ ഇന്ന് നോക്കുകുത്തിയാണ്.

line

field-2

ഏറെക്കാലം പഴക്കമുള്ള നികത്തലുകള്‍ സാധൂകരിക്കുന്നതിന്റെ മറവില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ചെയ്ത ബോധപൂര്‍വ്വമുള്ള നിയമലംഘനങ്ങളും സാധൂകരിക്കപ്പെടുമെന്നും, കൂടുതല്‍ നികത്തല്‍ നടക്കുമെന്നും  പോയകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഒക്കില്ല.

ഡാറ്റ ബാങ്കില്ല, അതിനാല്‍ നിയമവുമില്ല !!

2008 ലെ നിയമത്തോടെ വയല്‍ നികത്തല്‍ പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മാറിയെങ്കിലും വയല്‍ സംരക്ഷണത്തിനായി അതിലെ പ്രധാന ആവശ്യമായ “ഡാറ്റ ബാങ്ക്” നാളിതുവരെ വിജ്ഞാപനം ചെയ്യാത്തതിനാല്‍ നിയമം തന്നെ ഇന്ന് നോക്കുകുത്തിയാണ്. []

നിയമത്തിലെ 23 ആം വകുപ്പ് പ്രകാരം ഒരാളെ ശിക്ഷിക്കണമെങ്കില്‍ ഡാറ്റ ബാങ്ക് വിജ്ഞാപനം ചെയ്ത വയല്‍ നികത്തിയെന്നു തെളിയിക്കണം.

ഓരോ പ്രാദേശിക ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ അതതു പ്രദേശത്തെ വയലുകളും നീര്‍ത്തടങ്ങളും രേഖപ്പെടുത്തിയ കരട് ഡാറ്റ ബാങ്ക് ഉണ്ടാക്കണമെന്നും കരട് ഡാറ്റ ബാങ്ക് ശാസ്ത്രീയമായി തയ്യാറാക്കിയ ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പരിഷ്‌കരിക്കണമെന്നും കുറവ് തീര്‍ത്ത് മൂന്നു മാസത്തിനകം ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നും 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.

മൂന്നു മാസം പോയിട്ട് നാല് വര്ഷം കഴിഞ്ഞിട്ടും കുറ്റമറ്റ കരട് ഡാറ്റ ബാങ്ക് പോലും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല. തയ്യാറാക്കപ്പെട്ട കരട് ഡാറ്റ ബാങ്കില്‍ തെറ്റുകളുടെ കൂടാരമാണ് എന്നത് മാധ്യമങ്ങള്‍ തെളിവുസഹിതം പുറത്തുകൊണ്ടുവന്നു കഴിഞ്ഞു.

അതിനാല്‍ കഴിഞ്ഞ നാല് വര്ഷം നിയമവിരുദ്ധമായി നിലം നികത്തിയതിനു പോലീസ് രജിസ്റ്റര് ചെയ്ത കേസുകള്‍ ഒക്കെയും ഹൈക്കോടതി റദ്ദാക്കി.

നിയമത്തിലെ 13 ആം വകുപ്പ് നടപ്പാക്കുമ്പോള്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേകം അധികാരമില്ലാത്തതിന്റെ ബുദ്ധിമുട്ടും ഹൈക്കോടതി കൈപ്പടത്ത് പ്രോപ്പര്‍ട്ടീസ് കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചു.

നിലംനികത്തലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മാത്രമാണ് സര്‍ക്കാര്‍ നെല്‍വയല്‍ സംരക്ഷണ നിയമം ഉപയോഗിക്കുന്നതെന്നും ഇങ്ങനെ പോയാല്‍ കേരളം കോണ്ക്രീറ്റ് കാടാകുമെന്നും അങ്ങനെയായാല്‍ ദൈവത്തിനു പോലും ദൈവത്തിന്റെ സ്വന്തം നാടിനെ രക്ഷിക്കാനാകില്ലെന്നു ഹൈക്കോടതി മറ്റൊരു കേസില്‍ വിമര്‍ശിച്ചതും നിയമം നടപ്പാക്കുന്നതിലെ പാളിച്ചകളിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

 സ്ഥിരമായി ഉപയോഗിക്കാത്ത ഒരു വസ്തു നാം പാഴ് വസ്തുവായി കണക്കാക്കി തള്ളും. അപ്രകാരം നോക്കിയാല്‍ കൃഷിയില്ലാത്ത വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കൂടി വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല

കരട് ഡാറ്റ ബാങ്കിലെ തെറ്റുകള്‍ പരിഹരിക്കുന്നതിനു സര്‍ക്കാരിന്റെ കൈവശമുള്ള ഉപഗ്രഹ ചിത്രം തീര്‍ത്തും വികലമാണ് എന്നതിനാല്‍ ഏഴര കോടിയോളം രൂപ മുടക്കി ഹൈറസലൂഷന്‍ ഉപഗ്രഹ ചിത്രം വാങ്ങാന്‍ മന്ത്രിതലത്തില്‍ ഒരു  വര്‍ഷം മുന്‍പ് തീരുമാനമെടുത്തിരുന്നു.

തദ്ദേശ സ്വയംഭരണ കൃഷി വകുപ്പുകള്‍ ആവശ്യമായ പണം അനുവദിക്കാത്തതിനാല്‍ ഇതുവരെ ആ നിര്‍ദ്ദേശം നടപ്പായിട്ടില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ പണം അനുവദിച്ചെങ്കിലും ആത്മാര്‍ഥതയില്ലാത്തതിനാല്‍ ഈ തീരുമാനം കടലാസില്‍ത്തന്നെ വിശ്രമിക്കുന്നു.

ഇപ്പോഴുള്ള രീതിയില്‍ പോയാല്‍ത്തന്നെ ഒരു വര്‍ഷത്തിലധികം വേണം ഡാറ്റ ബാങ്ക് കുറ്റമറ്റ രീതിയില്‍ പുറത്തിറക്കാന്‍.  സംസ്ഥാനത്തിന്റെ അടിയന്തിരമായ ഒരാവശ്യത്തിന് ഒച്ചിഴയുന്ന വേഗതയിലാണ് സര്‍ക്കാര്‍ തീരുമാനം എന്നത് കേവലം ഉത്തരവാദിത്തക്കുറവായി കാണാനാകില്ല.

ഡാറ്റ ബാങ്ക് വിജ്ഞാപനം ചെയ്യുന്നത് ഓരോ ദിവസം വൈകുന്തോറും അതിന്റെ ഗുണം ലഭിക്കുന്നത് അനധികൃത നിലം നികത്തലുകാര്‍ക്ക് ആണെന്നുള്ള കാര്യം നാം വിസ്മരിക്കരുത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യമായിരിക്കുന്നു.

നെല്‍കൃഷി നിലനില്‍ക്കാന്‍ സബ്‌സിഡി വേണം

സ്ഥിരമായി ഉപയോഗിക്കാത്ത ഒരു വസ്തു നാം പാഴ് വസ്തുവായി കണക്കാക്കി തള്ളും. അപ്രകാരം നോക്കിയാല്‍ കൃഷിയില്ലാത്ത വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കൂടി വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

തരിശായി കിടക്കുന്ന വയലുകള്‍ നികത്തി വികസനം കൊണ്ടുവരണമെന്ന് ഭരണാധികാരികള്‍ ഇടയ്ക്കിടെ പറയുന്നത് അതുകൊണ്ടാണ്. വയലുകള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നികത്തിയെടുത്ത് വ്യാവസായികാവശ്യത്തിന് ഉപയോഗിക്കാനും മറ്റും ശ്രമിക്കുന്നതിന്റെ മൂലകാരണം വയലുകളുടെ സ്വാഭാവിക ഉപയോഗമായ കൃഷിയില്ലാതെയാകുന്നതാണ്.

കൃഷി ചെയ്തുകൊണ്ടിരിക്കുന്ന ഒരു വയല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നത്  താരതമ്യേന കുറവായിരിക്കും. അതിനാല്‍ത്തന്നെ കൃഷി തിരിച്ചുകൊണ്ടുവരാതെ നെല്‍വയല്‍ സംരക്ഷണം നമുക്ക് ഉറപ്പിക്കാനാവില്ല.

എന്നാല്‍ നെല്‍വയല്‍ കൃഷിക്ക് ഉപയോഗിക്കെണ്ടതില്ലെന്നും അവ ടൂറിസം അടക്കമുള്ള മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നുമാണ് ദേശീയ ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ശ്രീ.മൊണ്ടേക് സിംഗ് അലുവാലിയ പറയുന്നത്.
അടുത്ത പേജില്‍ തുടരുന്നു

line

എന്നാല്‍ ഇന്ന് നമുക്കാവശ്യമുള്ളതിന്റെ അഞ്ചിലൊന്നു അരി പോലും നമുക്കിവിടെ ഉണ്ടാക്കാനാകുന്നില്ല. നാല്‍പ്പതു ലക്ഷം ടണ്‍ അരി പ്രതിവര്‍ഷം ആവശ്യമായ കേരളത്തില്‍ ഇന്ന് ആകെയുത്പാദനം ആറ് ലക്ഷം ടണ്ണില്‍ താഴെയാണ്.

line

field3

കേരളത്തിനാവശ്യമായ അരി മറ്റു സംസ്ഥാനങ്ങള്‍ നല്‍കിക്കൊള്ളുമെന്നും അദ്ദേഹം പറയുന്നു. വയലുകളുടെ പാരിസ്ഥിതിക  സേവനങ്ങളെപ്പറ്റി അദ്ദേഹത്തിനുള്ള അജ്ഞത മാറ്റി നിര്‍ത്തി വിലയിരുത്തിയാലും, അന്യദേശത്തു നിന്നും അരി കൊണ്ടുവന്നു എത്രകാലം നാം നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന കര്‍ഷകന്റെ ചോദ്യം ഒന്നാം ക്ലാസിലെ കുട്ടിയ്ക്ക് പോലും മനസിലാകുന്നത്ര ലളിതമല്ലേ? []

ഭാവിയില്‍ ആന്ധ്രയും തമിഴ്‌നാടും ഇതുപോലെ വയലുകള്‍ നികത്തി “വികസി”ക്കാന്‍ തീരുമാനിച്ചാലോ? അലുവാലിയ പറയുന്നതുകേട്ട് മലയാളി നെല്‍കൃഷി ഉപേക്ഷിച്ച്  വ്യവസായം തുടങ്ങിയാല്‍ കിട്ടുന്ന പണം അന്നത്തെ കാലത്ത് അരിവാങ്ങാന്‍ മതിയാവില്ല എന്നത്  ഒരുപക്ഷെ അലുവാലിയക്ക് മനസിലാകാത്ത, ലളിത സാമ്പത്തിക യുക്തിയാണ്.

ദൂരത്തു നിന്ന് ഭക്ഷണം എത്തിക്കാന്‍ ഇന്നത്തെപ്പോലുള്ള സംവിധാനമില്ലാത്ത കാലത്ത്, കേരളത്തിലെ വയലുകളില്‍ വ്യാപകമായി കൃഷി ഉണ്ടായിരുന്ന കാലത്ത് അരിക്ഷാമം താരതമ്യേന കുറവായിരുന്നു.

എന്നാല്‍ ഇന്ന് നമുക്കാവശ്യമുള്ളതിന്റെ അഞ്ചിലൊന്നു അരി പോലും നമുക്കിവിടെ ഉണ്ടാക്കാനാകുന്നില്ല. നാല്‍പ്പതു ലക്ഷം ടണ്‍ അരി പ്രതിവര്‍ഷം ആവശ്യമായ കേരളത്തില്‍ ഇന്ന് ആകെയുത്പാദനം ആറ് ലക്ഷം ടണ്ണില്‍ താഴെയാണ്.

1974-75 ല്‍ 8.81 ലക്ഷം ഹെക്ടറില്‍ നിന്നും കൃഷി ചെയ്ത് നെല്ലുത്പാദനം 13.5 ലക്ഷം ടണ്ണായിരുന്നു. ഇന്ന് വെറും 2,13,185 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ കൃഷിയുള്ളൂ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനകം ആറു ലക്ഷത്തോളം ഹെക്ടര്‍ വയല്‍ നമുക്ക് നഷ്ടമായെന്നര്‍ത്ഥം.

നെല്‍കൃഷിയുടെ വിസ്തൃതി കുറയുന്നു എന്നതാണ് ഭക്ഷ്യ സുരക്ഷ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനു ഒന്നിലധികം ഉപകാരണങ്ങളും ഉണ്ട്. കൃഷി ഇല്ലാതായതിന് പിന്നില്‍ കേള്‍ക്കുന്ന ഒരു സ്ഥിരം കാരണം “നെല്‍കൃഷി നഷ്ടമാണ്” എന്നാണ്.

വര്‍ധിച്ച കൂലി നിരക്കുകളും രാസവള വില വര്‍ദ്ധനയും ആനുപാതികമായി കൂടാത്ത നെല്ലിന്റെ വിലയും മറ്റും കണക്കിലെടുക്കുമ്പോള്‍ കൃഷി നഷ്ടത്തിലാണെന്ന് തോന്നാമെങ്കിലും ഏറ്റെടുക്കുന്ന നെല്ലിനു സമയത്ത് പണം ലഭിച്ചാല്‍ നെല്‍കൃഷി ഇന്നും നഷ്ടത്തിലല്ല എന്ന് കുട്ടനാട്ടിലെ കര്‍ഷകര്‍ ആണയിടുന്നു.

പറയുന്ന പണം നല്‍കിയാല്‍പ്പോലും കൃഷിപ്പണിക്ക് ആളെക്കിട്ടുന്നില്ല എന്നതാണ് അവരുടെ പരാതി. കാരണങ്ങള്‍ എന്തായാലും നെല്‍കൃഷി പുനരുദ്ധരിക്കാന്‍ സര്‍ക്കാരിന് സത്യസന്ധമായ ഒരു താല്‍പ്പര്യവും ഇല്ലെന്നുവേണം നെല്‍ കര്‍ഷകരുടെ സ്ഥിരം പരാതികള്‍ തുടരുന്നതില്‍ നിന്നും മനസിലാക്കാന്‍..

ഭൂമിയുടെ മറ്റു ഉപയോഗങ്ങളുമായോ മറ്റു വരുമാനങ്ങളുമായോ താരതമ്യം ചെയ്യുമ്പോഴാണ് കൃഷി നഷ്ടം ആകുന്നത്. റിയല്‍ എസ്‌റ്റേറ്റിന്റെ ലാഭം നെല്‍കൃഷിയില്‍ നിന്നും ലഭിക്കില്ലല്ലോ.

 ദൂരത്തു നിന്ന് ഭക്ഷണം എത്തിക്കാന്‍ ഇന്നത്തെപ്പോലുള്ള സംവിധാനമില്ലാത്ത കാലത്ത്, കേരളത്തിലെ വയലുകളില്‍ വ്യാപകമായി കൃഷി ഉണ്ടായിരുന്ന കാലത്ത് അരിക്ഷാമം താരതമ്യേന കുറവായിരുന്നു

കാരണങ്ങള്‍ എന്തൊക്കെയായാലും നെല്‍കൃഷിയും അതുമൂലമുള്ള തൊഴിലുകളും നിലനില്‍ക്കാതെ നെല്‍വയലുകള്‍ നിലനില്‍ക്കണമെന്നു അധികകാലം നമുക്ക് പറയാനാകില്ല. അതിനാല്‍ കൃഷി നിലനിര്‍ത്താന്‍ ശ്രമിക്കാത്തിടത്തോളം കുടിവെള്ള സുരക്ഷ പോലും ദീര്‍ഘകാലത്തേയ്ക്ക് നമുക്ക് സംരക്ഷിക്കാനാകില്ല.

ലോകത്തെമ്പാടും വികസിത രാജ്യങ്ങളില്‍ കൃഷി നിലനില്‍ക്കുന്നത് സര്‍ക്കാര്‍ സബ്‌സിഡിയില്‍ ആണ്. ജപ്പാന്‍ പോലെ പല രാഷ്ട്രങ്ങളും 300% ആണ് കര്‍ഷകര്‍ക്ക് സബ്‌സിഡി അനുവദിക്കുന്നത്. അതായത് ആയിരം രൂപയുടെ നെല്‍കൃഷി ചെയ്താല്‍ മൂവായിരം രൂപ സബ്‌സിഡി ലഭിക്കും!!

യൂറോപ്യന്‍ യൂണിയന്‍ അവരുടെ ആകെ ബജറ്റിന്റെ 40 ശതമാനം കാര്‍ഷിക സബ്‌സിഡികള്‍ക്ക് നീക്കി വെയ്ക്കുന്നു. ഇതില്‍ നല്ലൊരു പങ്കും നേരിട്ടുള്ള സബ്‌സിഡിയാണ്. കാര്‍ഷിക സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ ലോകരാഷ്ട്രങ്ങളെ  ഉപദേശിക്കുന്ന അമേരിക്ക സബ്‌സിഡികള്‍ കൂട്ടുകയാണ്.

ഭക്ഷ്യ സുരക്ഷയെപ്പറ്റി ബോധ്യമുള്ള രാജ്യങ്ങളൊക്കെ ഈവിധം പ്രവര്‍ത്തിക്കുമ്പോള്‍ നാമെന്തു ചെയ്യുന്നു? സര്‍ക്കാര്‍ വാങ്ങുന്ന നെല്ലിനു പോലും പാവപ്പെട്ട കര്‍ഷകനോട് മാസങ്ങളോളം കടം പറയുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. സബ്‌സിഡികള്‍ നാമമാത്രം ആയാണ് നല്‍കുന്നത്.

അതും സമയത്ത് ലഭിക്കില്ല. മറ്റു കാര്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളെ മാതൃകയാക്കുന്ന നാം ഇക്കാര്യത്തില്‍ ആ മാതൃക പിന്തുടരുന്നില്ല. ഇവിടെ കാര്‍ഷിക സബ്‌സിഡികള്‍ കുത്തക രാസവള കമ്പനികള്‍ക്കോ ട്രാക്ടര്‍ നിര്‍മ്മാണ കമ്പനിക്കോ ആണ് പോകുന്നതെന്ന സത്യം തിരിച്ചറിയണം.

നീര്‍ത്തട സംരക്ഷണ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, നെല്‍കൃഷിക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്ത്വമാണെങ്കിലും ഇക്കാര്യത്തില്‍ ആശാവഹമായ ഒരു നീക്കവും ഉണ്ടാവുന്നില്ലെന്നുള്ളത് തീര്‍ത്തും നിരാശാജനകമാണ്.

വയലുകള്‍ കുടിവെള്ള സുരക്ഷ്യക്കായി

വയലുകള്‍ കൃഷിക്ക് മാത്രമുള്ളതല്ല. കേരളത്തിന്റെ സാഹചര്യത്തില്‍ അവ കുടിവെള്ള സംഭരണികള്‍ കൂടിയാണ്. നമ്മുടെ വന്‍കിട അണക്കെട്ടുകളില്‍ പിടിച്ച് വെയ്ക്കുന്ന ആകെ ജലത്തെക്കാള്‍ കൂടുതലാണ് വയലുകളില്‍ ശേഖരിച്ച് ഭൂമിയില്‍ ആഴ്ത്തുന്ന വെള്ളത്തിന്റെ അളവ്.
അടുത്ത പേജില്‍ തുടരുന്നു

line

നമുക്ക് പരിമിതമായ ഭൂമിയാണുള്ളത് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച വ്യവസായങ്ങളെ നമുക്ക് അനുവദിക്കാനാകൂ.

line

field4

ഒരു വര്‍ഷം ഒരേക്കര്‍ വയല്‍ ഒരു കോടിയിലേറെ ലിറ്റര്‍ ജലം സംഭരിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലിറ്ററിനു പത്തു പൈസ കണക്കാക്കിയാല്‍പ്പോലും ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ പാരിസ്ഥിതിക സേവനം വയലുടമകള്‍ ചെയ്യുന്നുണ്ട്.

അതിലുപരി മഴക്കാലത്ത് മത്സ്യങ്ങള്‍ മുട്ടയിട്ടു പെരുകുന്ന ജൈവകേന്ദ്രമാണ്,. മറ്റനേകം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. നെല്‍കൃഷിയുടെ സമയത്ത് ഒട്ടനേകം പക്ഷികളുടെയും ജീവികളുടെയും ഭക്ഷണവും ആവാസ വ്യവസ്ഥയുമാണ്. []

അത് സംരക്ഷിക്കേണ്ടത് വ്യക്തികളുടെ എന്നതിലുപരി സമൂഹത്തിന്റെ പൊതു ആവശ്യമാകണം. ആകെ പത്തു സെന്റ് നിലം മാത്രം സ്വന്തമായുള്ള ഒരാളോട് വയല്‍ സംരക്ഷണത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം?

അത്തരം ആളുകള്‍ക്ക് പകരം ഭൂമി നല്‍കിക്കൊണ്ട് വയല്‍ സംരക്ഷിക്കാനുള്ള ദൌത്യം സര്‍ക്കാര്‍ ഏറ്റെടുക്കണം.

എന്താണ് പരിഹാരം?

സുസ്ഥിരമായ നിലനില്‍പ്പും തോന്നുംപടിയുള്ള വികസനവും നമ്മുടെ മുന്നിലെ രണ്ടു സാധ്യതകള്‍ ആണ്. വയലുകള്‍ നികത്തി താല്ക്കാലികാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാല്‍ ഭാവിയിലെ കുടിവെള്ളം ഭക്ഷ്യ സുരക്ഷ എന്നിവ നാം ബലികൊടുക്കേണ്ടി വരും.

നിലനില്‍പ്പ് എന്നത് ഒഴിവാക്കാവുന്ന ഓപ്ഷന്‍ ആണെന്ന് തോന്നുന്നില്ല. വികസനത്തിന് മാനദണ്ടങ്ങളും അതിരും തിരിച്ചേ മതിയാകൂ. മുതലാളിത്ത രാജ്യങ്ങളില്‍പ്പോലും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് ഭൂമി തരം മാറ്റുന്നതിന് നിയമം അനുവദിക്കുന്നില്ല.

എന്നാല്‍ കേരളത്തില്‍ വികസനത്തിന്റെ പേരില്‍ എന്തുമാകാമെന്ന നിലയാണ്. നമുക്ക് പരിമിതമായ ഭൂമിയാണുള്ളത് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കണം. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച വ്യവസായങ്ങളെ നമുക്ക് അനുവദിക്കാനാകൂ.

വലിയ തോതില്‍ വയലുകള്‍ ആവശ്യമുള്ള ഒരു പദ്ധതിയും നമുക്ക് അംഗീകരിക്കാനാകില്ല. ഭൂമിയുടെ ഉപയോഗത്തിനും കച്ചവടത്തിനും കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.

ആളുകള്‍ക്ക് തോന്നുംപടി വയലുകള്‍ വാങ്ങിക്കൂട്ടാനുള്ള നിയമപരമായ അവകാശം എടുത്തു കളയണം. കൃഷിഭൂമി കര്‍ഷകന് മാത്രമേ വാങ്ങാനാകൂ എന്ന നിയമം കൊണ്ടുവരുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും നാളിതുവരെ ആ ദിശയില്‍ ഒരു പുരോഗതിയും കണ്ടില്ല.

field5നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നത് ആ നിയമത്തെ ശക്തിപ്പെടുത്താന്‍ ആയിരിക്കണം. ഡാറ്റ ബാങ്ക് വിജ്ഞാപനം ചെയ്യുന്നതുവരെ വയലുകള്‍ നികത്തുന്നത് തടയാന്‍ വകുപ്പ് 23 ഭേദഗതി ചെയ്യുകയും, വകുപ്പ് 13 പ്രകാരം ജില്ലാ കലക്ടര്‍മാര്‍ക്കുള്ള അധികാരം ആവശ്യമായ ചട്ടങ്ങള്‍ നിര്‍മ്മിച്ച് ശക്തിപ്പെടുത്തുകയും ചെയ്യുകയായിരിക്കണം ലക്ഷ്യം.

സ്വകാര്യ ഏജന്‍സികള്‍ക്ക് പോലും നിയമത്തിലെ പഴുത് ഉപയോഗിച്ച് പൊതു ആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തി വയല്‍ നികത്താനുള്ള അനുമതി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിക്കുന്നത് പോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കണം.

സംസ്ഥാനത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച സമഗ്രമായ നയം വേണം. ആളുകള്‍ക്ക് ഇഷ്ടമുള്ളിടത്ത് സ്ഥലം വാങ്ങാനും വീട് വെയ്ക്കാനുമുള്ള അവകാശം നിയന്ത്രിക്കപ്പെടണം. വീടുവെയ്ക്കാന്‍ വയല്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥയുള്ളവര്‍ക്ക് പകരം ഭൂമി നല്‍കി വയല്‍ സംരക്ഷിക്കാനുള്ള സംവിധാനം വേണം.

ഓരോ പ്രദേശത്തും വയലുകള്‍ എത്ര, സര്‍ക്കാര്‍ ഉടമസ്ഥതയിലെ കരഭൂമിയെത്ര എന്നതുസംബന്ധിച്ചു ഒരു സ്റ്റാറ്റസ് പേപ്പര്‍ സര്‍ക്കാര്‍ പുറത്തിറക്കണം.

ഓരോ പ്രദേശത്തിന്റെയും ഭൂലഭ്യത അനുസരിച്ച് അനുകൂലമായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ആവശ്യങ്ങളെ മാത്രം മുന്‍ നിര്‍ത്തിയുള്ള ആസൂത്രണത്തില്‍ നിന്നും വിഭവങ്ങളുടെ ലഭ്യത അനുസരിച്ചുള്ള ആസൂത്രണത്തിലേയ്ക്ക് കാലു മാറേണ്ട കാലം അതിക്രമിച്ചു.

നെല്‍വയല്‍ ഒരുപാട് പാരിസ്ഥിതിക സേവനങ്ങള്‍ സമൂഹത്തിനു ചെയ്യുന്നുണ്ട്. ഒട്ടേറെ ജീവികളുടെയും ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥയാണത്. ആരെങ്കിലും വയല്‍ സംരക്ഷിക്കുമ്പോള്‍ അതിന്റെ ഗുണം സമൂഹത്തിനു മൊത്തത്തിലാണ്.

എന്നാല്‍ അതിന്റെ വിപണിയുപയോഗം നടത്താനാവാതെ “നഷ്ടം” സഹിക്കുന്നത് വയലിന്റെ ഉടമ മാത്രമാണ്. ഈ സ്ഥിതി മാറണം. ഒന്നുകില്‍ സംസ്ഥാനത്തെ മുഴുവന്‍ വയലുകളും “ഫുഡ് റിസവ്വാ”യി കണ്ട് സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് നല്‍കണം.

അല്ലെങ്കില്‍ വയല്‍ സംരക്ഷിക്കുന്ന ആളുകള്‍ക്ക് പ്രതിവര്‍ഷം ഒരു നിശ്ചിത തുക പ്രോത്സാഹനമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃഷി ചെയ്താലും ഇല്ലെങ്കിലും ആ തുക വയലിന്റെ ഉടമയ്ക്ക് നല്‍കിയാല്‍ വയല്‌സംരക്ഷണം ഉടമകള്‍ക്ക് കൂടി താല്‍പ്പര്യമുള്ള സംഗതിയാകും.
അടുത്ത പേജില്‍ തുടരുന്നു

line

സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാതെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ഹരിതരാഷ്ട്രീയ സെമിനാര്‍ നടത്തി പ്രസംഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ഇനിയെങ്കിലും നാം തിരിച്ചറിയണം

line

paddy1നാടിന്റെ കുടിവെള്ളമായി മാത്രം അതിന്റെ പതിന്മടങ്ങ് തുക സമൂഹത്തിനു മടക്കി ലഭിക്കും എന്നത് ഉറപ്പാണല്ലോ. വാര്‍ഷിക ബജറ്റില്‍ അഞ്ഞൂറോ അറുനൂറോ കോടി രൂപ ഈയിനത്തില്‍ മാറ്റി വെയ്ക്കുന്നത് കേരളത്തിന്റെ മൊത്തം ഭക്ഷ്യസുരക്ഷ കണക്കിലെടുക്കുമ്പോള്‍ അത്ര വലിയ തുകയല്ല.

നെല്‍കൃഷിക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കണം. സബ്‌സിഡികള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കണം. കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കാന്‍ എല്ലാ പ്രധാന പഞ്ചായത്തുകളിലും  സംവിധാനം വേണം. സംഭരിക്കുന്ന നെല്ലിനു അര്‍ഹമായ വില നല്‍കാനുള്ള സംവിധാനം വേണം. []

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും മറ്റും വേണ്ട സംവിധാനങ്ങള്‍ ഒരുക്കണം. പാടങ്ങള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി സൌഹൃദമായ ഫാം ടൂറിസം നടപ്പാക്കണം. അതിന്റെ ഗുണം കര്‍ഷകര്‍ക്കും ലഭ്യമാക്കണം.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കണം. ഇപ്പോഴുണ്ടാക്കിയ അബദ്ധ ജടിലമായ കരട് ഡാറ്റ ബാങ്ക്, തെറ്റുകള്‍ പരിഹരിച്ച്, പൊതുപരിശോധനയ്ക്കായി, ഒരു മാസത്തിനകം ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കണം.

നാഷണല്‍ റിമോട്ട് സെന്‍സിംഗ് ഏജന്‍സി വഴി സംസ്ഥാനത്തിന്റെ ക്വിക്ക് ബേഡ്  ഉപഗ്രഹചിത്രം അടിയന്തിരമായി വാങ്ങാനും അതുപയോഗിച്ച് കരട് ഡാറ്റ ബാങ്കിലെ അപാകതകള്‍ തിരുത്താനും അടിയന്തിരമായി നടപടിയെടുക്കണം.

ഡാറ്റ ബാങ്ക് വിജ്ഞാപനം ചെയ്ത് സംസ്ഥാനത്തിന്റെ ഫുഡ് റിസര്‍വ്വുകളായ നെല്‍വയലുകള്‍ നാം സംരക്ഷിക്കണം. അതിനായി ഭരണയന്ത്രത്തെ ചലിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ആവശ്യമാണ്.

സ്വന്തം ഉത്തരവാദിത്തം നിര്‍വഹിക്കാതെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ഹരിതരാഷ്ട്രീയ സെമിനാര്‍ നടത്തി പ്രസംഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ഇനിയെങ്കിലും നാം തിരിച്ചറിയണം. ഈ വരള്‍ച്ചാക്കാലത്തെങ്കിലും നെല്‍വയല്‍ സംരക്ഷണം ഏറ്റെടുക്കാം.
doolnews-andoid