‘അദ്ദേഹത്തിന്റെ തെരുവ് നാടകം കൊണ്ട് ബീഹാറിന് എന്ത് നേട്ടമാണ് ലഭിക്കുക? സംസ്ഥാനത്ത് പഞ്ചസാര മില്ലുകള്‍ തുറക്കുമെന്നും ആ പഞ്ചസാര കൊണ്ട് ചായ കുടിക്കുമെന്നും 2014ലെ തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ട് എന്തായി?
കേന്ദ്രത്തില്‍ തന്റെ സര്‍ക്കാര്‍ 10 വര്‍ഷം പിന്നിട്ടിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിച്ചു? 100 വര്‍ഷത്തെ മഹത്തായ ഭൂതകാലമുള്ള പാട്‌ന സര്‍വകലാശാലയ്ക്ക് കേന്ദ്ര സര്‍വകലാശാല പദവി നല്‍കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് എന്ത് സംഭവിച്ചു?’ ലാലു പ്രസാദ് യാദവ് ചോദിച്ചു.
ബീഹാറിലെ ജനങ്ങള്‍ വിഡ്ഢികളല്ലെന്ന് ലാലു പ്രസാദ് പറഞ്ഞു. ‘ബീഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ 39 ലും വിജയിച്ചിട്ടും, മോദി വികസിപ്പിച്ചത് ഗുജറാത്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. നിക്ഷേപങ്ങളെല്ലാം മോദി ഗുജറാത്തിലേക്ക് കൊണ്ടുപോയി,’ ലാലു പറഞ്ഞു.
സംസ്ഥാനത്ത് ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എക്കുണ്ടായ മോശം പ്രകടനം മറച്ചുവെക്കാന്‍, റോഡ്‌ഷോ നടത്താന്‍ മോദി നിര്‍ബന്ധിതനായെന്നും ലാലു വിമര്‍ശിച്ചു. എന്നാല്‍ ആളുകള്‍ക്ക് ഇതിനെക്കുറിച്ച് അറിയാമെന്നും ഇത്തവണ അവര്‍ക്ക് തെറ്റില്ലെന്നും ലാലു എക്‌സില്‍ പങ്കുവെച്ചു.
യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിക്കുന്നതിന് പകരം തൊഴിലില്ലായ്മയെയും കുതിച്ചുയരുന്ന വിലയെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും ലാലു വ്യക്തമാക്കി. ബീഹാര്‍ തലസ്ഥാനത്ത് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോയ്ക്ക് മണിക്കൂറുകള്‍ മുമ്പാണ് ലാലു എക്‌സില്‍ തന്റെ നിലപാട് പങ്കുവെച്ചത്.
Content highlight: Promises made to Bihar not fulfilled by NDA, says Lalu