ചന്ദ്രമുഖിയിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി, നയന്‍താരക്കെതിരെ വീണ്ടും നിയമനടപടി
Film News
ചന്ദ്രമുഖിയിലെ രംഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തി, നയന്‍താരക്കെതിരെ വീണ്ടും നിയമനടപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th January 2025, 5:46 pm

തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ജീവിതകഥയെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് അണിയിച്ചൊരുക്കിയ ഡോക്യുമെന്ററിയാണ് നായന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍. എന്നാല്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങളും പുറത്തുവന്നിരുന്നു. അത്തരം വിവാദങ്ങള്‍ക്ക് അവസാനമില്ലെന്ന് തോന്നിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രജിനികാന്ത് നായകനായ ചന്ദ്രമുഖി എന്ന ചിത്രത്തിലെ രംഗങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് ചന്ദ്രമുഖിയുടെ നിര്‍മാതാക്കള്‍ നയന്‍താരക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നത്. തമിഴ് നടനായ ചിത്രാ ലക്ഷ്മണനാണ് കഴിഞ്ഞദിവസം തന്റെ യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്. അഞ്ച് കോടി രൂപയാണ് ചന്ദ്രമുഖിയുടെ നിര്‍മാതാക്കള്‍ നയന്‍താരയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിനെപ്പറ്റി നിര്‍മാതാക്കളോ നയന്‍താരയോ ഇതുവരെ പ്രതികരിച്ചില്ലെന്നതും പലരും ചൂണ്ടികാണിക്കുന്നുണ്ട്. ഡോക്യുമെന്ററി റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദങ്ങള്‍ ആദ്യമായി ആരംഭിച്ചത്. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോക്ക് എന്‍.ഓ.സി ആവശ്യപ്പെട്ടുകൊണ്ട് നയന്‍താര ധനുഷിന് അയച്ച കത്തില്‍ മറുപടിയൊന്നും ലഭിക്കാത്തതിന് പിന്നാലെ താരം ധനുഷിനെതിരെ പരസ്യപ്രതികരണം നടത്തിയിരുന്നു.

വെറും മൂന്ന് സെക്കന്‍ഡ് ക്ലിപ്പിന് പത്തുകോടി രൂപയായിരുന്നു ധനുഷ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇരുവരെയും എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാകുന്നത്. ഇത് പിന്നീട് ഇരുവരുടെയും വിവാഹത്തിലേക്ക് വരെ എത്തിയിരുന്നു. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് ആവശ്യമായി വന്നതുകൊണ്ടായിരുന്നു ധനുഷിനോട് എന്‍.ഓ.സി ആവശ്യപ്പെട്ടത്.

Content Highlight: Producers of Chandramukhi sent legal notice to Nayanthara about the documentary