മലയാളത്തിന്റെ അനശ്വരനടന്‍ ജയന്‍ അവസാനമായി അഭിനയിച്ച ചിത്രമായിരുന്നു കോളിളക്കം. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ജയന് അപകടം സംഭവിച്ചത്. ആക്ഷന്‍ ഹീറോ എന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് അപകടം നേരിട്ടത്. ജയന്‍ മലയാളസിനിമയില്‍ ഉണ്ടാക്കിയ വിടവ് ഇന്നും ഒരു നടനും നികത്താന്‍ സാധിച്ചിട്ടില്ല.
ജയന്റെ അപകടം നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് കോളിളക്കത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്ന കല്ലിയൂര്‍ ശശി. ബൈക്കില്‍ നിന്ന് ഹെലികോപ്റ്ററില്‍ തൂങ്ങിപ്പിടിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കല്ലിയൂര്‍ ശശി പറഞ്ഞു. ജയന്‍ അങ്ങനെ കയറാന്‍ ശ്രമിക്കവെ പൈലറ്റിന് കണ്‍ട്രോള്‍ പോയെന്നും ഇടിച്ചിറക്കാന്‍ നോക്കിയപ്പോള്‍ ജയന്‍ തലയിടിച്ച് വീണെന്നും ശശി കൂട്ടിച്ചേര്‍ത്തു.
ആ ഷോട്ട് എടുത്തപ്പോള്‍ താന്‍ അവിടെ തന്നെ ഉണ്ടായിരുന്നെന്നും എല്ലാ കാര്യങ്ങളും ഇന്നും തനിക്ക് ഓര്‍മയുണ്ടെന്നും ശശി പറഞ്ഞു. ചോഴവാരം എയര്‍സ്ട്രിപ്പില്‍ വെച്ചായിരുന്നു ആ സീന്‍ എടുത്തതെന്നും അതിന്റെ പുറത്ത് ഒരാള്‍ പൊക്കത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ടായിരുന്നെന്നും ശശി കൂട്ടിച്ചേര്‍ത്തു. കണ്‍ട്രോള്‍ പോയെന്ന് മനസിലായപ്പോള്‍ താന്‍ താഴെനിന്നുകൊണ്ട് ജയനോട് കൈവിടാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അദ്ദേഹത്തിന് അത് കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ശശി പറഞ്ഞു.
ആ സമയത്ത് കൈവിട്ടിരുന്നെങ്കില്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടേനെയെന്നും ഇന്നും നമ്മുടെ കൂടെ ജയന്‍ ഉണ്ടായിരുന്നേനെയെന്നും ശശി കൂട്ടിച്ചേര്‍ത്തു. ഹെലികോപ്റ്റര്‍ ഇടിച്ച് ഇറക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കാല്‍മുട്ട് തറയില്‍ തട്ടിയെന്നും ആ സമയത്ത് കൈവിട്ട് പോയി തലയിടിച്ച് വീഴുകയായിരുന്നുമെന്നും ശശി കൂട്ടിച്ചേര്‍ത്തു. ആ രംഗം താന്‍ ഒരിക്കലും മറക്കില്ലെന്ന് ശശി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു കല്ലിയൂര്‍ ശശി.
‘അന്ന് നടന്ന എല്ലാ കാര്യങ്ങളും എനിക്ക് നല്ല ക്രിസ്റ്റല്‍ ക്ലിയറായി ഓര്‍മയുണ്ട്. ഹെലികോപ്റ്ററിലേക്ക് തൂങ്ങിപ്പിടിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. പൈലറ്റിന്റെ കണ്‍ട്രോള്‍ നഷ്ടപ്പെട്ട് ക്രാഷ് ലാന്‍ഡ് ചെയ്യുകയായിരുന്നു. ആ ഷോട്ട് എടുക്കുന്ന സമയത്ത് ഞാന്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ചോഴവാരം എയര്‍സ്ട്രിപ്പില്‍ വെച്ചായിരുന്നു ഷൂട്ട്. പൈലറ്റിന്റെ കണ്‍ട്രോള്‍ പോയെന്ന് മനസിലായപ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയായി.
ജയനോട് കൈവിടാന്‍ ഞാന്‍ താഴെനിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് കേള്‍ക്കാന്‍ പറ്റിയില്ല. കേട്ടിരുന്നെങ്കില്‍ ഇന്ന് നമ്മുടെ കൂടെയുണ്ടായേനെ. ആ എയര്‍സ്ട്രിപ്പിന് പുറത്ത് ഒരാള്‍ പൊക്കത്തില്‍ പുല്ല് വളര്‍ന്നിട്ടുണ്ടായിരുന്നു. അതിലേക്ക് വീണിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. ഹെലികോപ്റ്റര്‍ ക്രാഷ് ലാന്‍ഡാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ മുട്ട് തറയില്‍ ഇടിച്ചു. അതിന്റെ വേദനയില്‍ കൈവിട്ടപ്പോള്‍ തലയിടിച്ച് വീണതായിരുന്നു. ആ രംഗം ഒരിക്കലും മറക്കില്ല,’ കല്ലിയൂര്‍ ശശി പറഞ്ഞു.
Content Highlight: Producer Kalliyoor Sasi remembering the accident of Jayan in Kolialkkam movie