നമ്മുടെ മനുഷ്യത്വം എവിടെ പോയി; ഫലസ്തീന്‍ വിഷയത്തില്‍ ഒരു വാക്കും മിണ്ടാതെ ഇന്ത്യ മാറിനില്‍ക്കുന്നു: പ്രിയങ്ക
national news
നമ്മുടെ മനുഷ്യത്വം എവിടെ പോയി; ഫലസ്തീന്‍ വിഷയത്തില്‍ ഒരു വാക്കും മിണ്ടാതെ ഇന്ത്യ മാറിനില്‍ക്കുന്നു: പ്രിയങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th December 2023, 10:45 am

ന്യൂദല്‍ഹി: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളെയും അതിക്രമങ്ങളെയും വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അന്താരാഷ്ട്ര സമൂഹത്തിലെ അംഗമെന്ന നിലയില്‍ ഇന്ത്യ സത്യത്തിന്റെ കൂടെയാണ് നിലകൊള്ളേണ്ടതെന്നും അത് രാജ്യത്തിന്റെ കടമയാണെന്നും പ്രിയങ്ക പറഞ്ഞു. ഫലസ്തീന്‍ എന്ന രാജ്യം ഇസ്രഈലിനാല്‍ മുഴുവനായും തുടച്ചുനീക്കപ്പെടുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

‘ഗസയിലെ ബോംബാക്രമണം നിഷ്‌കരുണം മുമ്പുള്ളതിനേക്കാള്‍ ക്രൂരതയോടെ തുടരുന്നു. അവിടെ ഭക്ഷണസാധനങ്ങള്‍ കുറവാണ്, മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാതായി, അടിസ്ഥാന സൗകര്യങ്ങള്‍ അടച്ചുപൂട്ടി. ഏകദേശം 10,000 കുട്ടികളും 60ലധികം മാധ്യമപ്രവര്‍ത്തകരും നൂറുകണക്കിന് മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടെ 16,000 നിരപരാധികളായ സാധാരണക്കാര്‍ ഗസയില്‍ കൊല്ലപ്പെട്ടു,’ പ്രിയങ്ക എക്‌സില്‍ കുറിച്ചു.

പലപ്പോഴും അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ കൃത്യമായ നിലപാടുകള്‍ എടുത്തിട്ടുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തില്‍ പ്രതിഷേധിച്ച് ഭരണകൂടത്തിനെതിരെ ഇന്ത്യ പോരാടിയിരുന്ന കാര്യവും പ്രിയങ്ക ഓര്‍മിപ്പിച്ചു.

സ്വാതന്ത്ര്യത്തിനായുള്ള നീണ്ട പോരാട്ടത്തില്‍ തുടക്കം മുതല്‍ തങ്ങള്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കിയിരുന്നെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ ഫലസ്തീനില്‍ നടക്കുന്ന വംശഹത്യയെ കുറിച്ച് സംസാരിക്കാതെ ഇന്ത്യ മാറിനില്‍ക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഫലസ്തീനികള്‍ നമ്മളെ പോലെ ജീവിതത്തെ കുറിച്ച് സ്വപ്നങ്ങള്‍ ഉള്ളവരാണെന്നും എന്നാല്‍ നമുക്ക് മുന്നിലൂടെ അവര്‍ മരണത്തിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍ നമ്മുടെ മനുഷ്യത്വം എവിടെ പോയെന്നും പ്രിയങ്ക ചോദിച്ചു. ഫലസ്തീനില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ ഇന്ത്യക്ക് കഴിയുന്നതെല്ലാം ചെയ്യണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Content Highlight: Priyanka Gandhi says India is keeping silent on the genocide in Gaza