ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ബെംഗളുരുവിന്റെ തട്ടകമായ ചിന്നസ്വാമിയിലാണ് മത്സരം.
സീസണിലെ ആദ്യ ഹോം വിജയം കൊതിച്ച് ബെംഗളൂരു ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ ഉന്നമിട്ടാണ് രാജസ്ഥാന്‍ പോരാട്ടത്തിനൊരുങ്ങുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് വിജയുമായാണ് രജത് പാടിദാറിന്റെ സംഘമെത്തുന്നത്. അതേസമയം, രാജസ്ഥാന്‍ സീസണില്‍ രണ്ട് വിജയങ്ങള്‍ മാത്രമാണ് ഉള്ളത്.
ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് യുവ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടം. ഐ.പി.എല്ലില്‍ 2000 റണ്‍സെന്ന നാഴികക്കല്ലാണ് താരത്തിനെ കാത്തിരിക്കുന്നത്. ഇതിനായി താരത്തിന് വേണ്ടത് വെറും 86 റണ്‍സ് മാത്രം!
ബെംഗളൂരുവിനെതിരെ ഇത്രയും റണ്‍സ് നേടാനായാല്‍ ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ രാജസ്ഥാന്‍ താരമാകാനും ജെയ്സ്വാളിന് കഴിയും. സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, അജിന്‍ക്യ രഹാനെ, ഷെയ്ന്‍ വാട്‌സണുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തില്‍ എത്തുന്ന രാജസ്ഥാന്‍ താരങ്ങള്‍.
നിലവില്‍ ഐ.പി.എല്ലില്‍ 61 മത്സരങ്ങളില്‍ നിന്ന് ജെയ്‌സ്വാള്‍ 1914 റണ്‍സ് നേടിയിട്ടുണ്ട്. 33 ശരാശരിയും 148.71 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിന്റെ പേരിലുള്ളത്. രാജസ്ഥാന്‍ ഓപ്പണര്‍ ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറികളും 13 അര്‍ധ സെഞ്ച്വറികളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
പതിനെട്ടാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനമാണ് ജെയ്സ്വാള്‍ നടത്തുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് താരം 307 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഈ സീസണില്‍ ഇതുവരെ രാജസ്ഥാന്‍ ഓപ്പണര്‍ നാല് അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഐ.പി.എല്‍ 2025 പതിപ്പിലെ പിങ്ക് ആര്‍മിയുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരവും ജെയ്‌സ്വാളാണ്. 38.38 ആവറേജിലും 139.54 സ്‌ട്രൈക്ക് റേറ്റിലുമാണ് ഇടം കൈയ്യന്‍ ബാറ്റര്‍ കളിക്കുന്നത്. മോശം ഫോമില്‍ തുടരുന്ന ടീമിന്റെ പ്രതീക്ഷയും ജെയ്‌സ്വാളാണ്.
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ആറ് തോല്‍വിയുമായി നാല് പോയിന്റ് മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. -0.633 നെറ്റ് റണ്‍റേറ്റ് മാത്രമുള്ള ടീം പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്.
Content Highlight: IPL 2025; RR vs RCB: Yashasvi Jaiswal needs 86 runs to complete 2000 IPL runs