മലയാളത്തില്‍ ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് നാനി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹിറ്റ് ദി തേര്‍ഡ് കേസിന്റെ പ്രൊമോഷന്റെ ഭാഗമായി നാനി കേരളത്തില്‍ എത്തിയിരുന്നു.
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് താരം പരിപാടിയില്‍ മറുപടി നല്‍കുന്നുണ്ട്.
പഹല്‍ഗാം തീവ്രവാദ ആക്രമണത്തെ അലപിച്ച നാനി ഇത്തരം വാര്‍ത്തകള്‍ ഹൃദയഭേദകമാണെന്നും ആര് ചെയ്താലും അതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞു.
നിരപരാധികളായ സാധാരണക്കാരെയോ വിനോദസഞ്ചാരികളെയോ അല്ല അവര്‍ നേരിടേണ്ടതെന്നും ധൈര്യമുണ്ടെങ്കില്‍ ഇന്ത്യന്‍ ആര്‍മിയെ നേരിടൂവെന്നും നാനി മാധ്യമങ്ങളോട് പറഞ്ഞു.
മതങ്ങളുടെ പങ്ക് ഇത്തരം വിഷയത്തില്‍ ഉണ്ടോ എന്ന ചോദ്യത്തിന് അതിന് പങ്കുണ്ടാവാമെന്നും പക്ഷേ യുവതലമുറ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനമെന്നും നാനി പറഞ്ഞു.
‘ വളരെ നിര്‍ഭാഗ്യകരായ ഒരു് സംഭവമാണ് അവിടെ നടന്നത്. നമുക്ക് എല്ലാവര്‍ക്കും ഇത് വളരെ തെറ്റാണെന്ന് അറിയാം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് അവിടെ നടന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ അവിടെ ഒരു സിനിമയുടെ ഷൂട്ട് നടത്തിയിരുന്നു. ഇപ്പോള്‍ ഇത്തരത്തിലൊരു വാര്‍ത്ത കേള്‍ക്കുന്നത് ഹൃദയഭേദകമാണ്.
ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊക്കെ എല്ലാ കാലത്തും ഉയര്‍ന്നുവരുന്നുണ്ട്. മതം ഇതില്‍ പങ്കുവഹിക്കുന്നുമുണ്ടാകാം. പക്ഷേ യുവതലമുറ അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.
ഗുരുതരമായ നടപടി തന്നെ ഇതിനെതിരെ സ്വീകരിക്കേണ്ടിയിരിക്കുന്നു. ആരാണോ ഇത്തരമൊരു പ്രവൃത്തി ചെയ്തത് അവരെ തീര്‍ച്ചയായും നേരിടേണ്ടതുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ പ്രവൃത്തി ചെയ്തവര്‍, അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അവര്‍ നേരിടേണ്ടത് ഇന്ത്യന്‍ ആര്‍മിയെ ആണ് അല്ലാതെ നിരപരാധികളായ വിനോദ സഞ്ചാരികളെയോ സാധാരണക്കാരെയോഅല്ല.
ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പരസ്പരം വഴക്കിടുന്നു. പിന്നെ ഒന്നും പുറത്തുവരുന്നില്ല. അതൊക്കെ എന്നെ വല്ലാതെ സങ്കടപ്പെടുന്നുണ്ട്.
ഇതില്‍ ഉടന്‍ നടപടിയുണ്ടാകുകയും ഇത്തരം ഭയാനകമായ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിക്കുകയും ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ നാനി പറഞ്ഞു.
Content Highlight: Telugu Actor Nani about Pahalgham attack