ഞാന്‍ പറഞ്ഞ ഉത്തരങ്ങളെല്ലാം ശരിയായി, ഷാരൂഖ് എനിക്ക് 200 രൂപ തന്നു: പ്രിയാമണി
Film News
ഞാന്‍ പറഞ്ഞ ഉത്തരങ്ങളെല്ലാം ശരിയായി, ഷാരൂഖ് എനിക്ക് 200 രൂപ തന്നു: പ്രിയാമണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th July 2023, 11:55 pm

ചെന്നൈ എക്‌സ്‌പ്രെസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി പ്രിയാമണി. സെറ്റില്‍ വെച്ച് തങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നുവെന്നും താന്‍ ഉത്തരങ്ങളെല്ലാം കൃത്യമായി പറയുമായിരുന്നുവെന്നും പ്രിയാമണി പറഞ്ഞു.

ആരാധകനായ തന്റെ അച്ഛന് വേണ്ടി ഷാരൂഖ് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഡി.വി.ഡി ഒപ്പിട്ടുതന്നിട്ടുണ്ടെന്നും ഗുള്‍ട്ടി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയാമണി പറഞ്ഞു.

‘ചെന്നൈ എക്‌സ്‌പ്രെസ് സെറ്റില്‍ ഷാരൂഖുമായി അദ്ദേഹത്തിന്റെ ഐ പാഡില്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 200 രൂപ തന്നു. കാരണം ഞാന്‍ പറഞ്ഞ ഉത്തരങ്ങളെല്ലാം കറക്ടായിരുന്നു. നമ്മള്‍ പൈസ വെച്ചാണല്ലോ കളിക്കുന്നത്. രാജു മാസ്റ്ററും, രോഹിത് ഷെട്ടിയുമെല്ലാം അവിടെ ഉണ്ടായിരുന്നു. ദീപികയും വന്നിട്ടുണ്ടായിരുന്നു. ഷൂട്ടിന്റെ പ്രോഗ്രസിനെ പറ്റിയൊക്കെ അറിയാനായി വന്നതാണ്. ദീപിക കളിച്ചോയെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല.

പിന്നെ എന്റെ അച്ഛന്‍ ഒരു വലിയ ഷാരൂഖ് ഫാനാണെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞിരുന്നു. ഷാരൂഖിനൊപ്പം ഞാന്‍ ഡാന്‍സ് കളിക്കാന്‍ പോവാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായിരുന്നു. ഷാരൂഖ് എനിക്ക് ജബ് തക് ഹേ ജാന്‍ എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന്റെ ഡി.വി.ഡി തന്നു. എന്റെ അച്ഛന് വേണ്ടി അതില്‍ ഒപ്പിട്ടു. ചെന്നൈ എക്‌സ്‌പ്രെസിന്റെ ഭാഗമാവാന്‍ മകളെ അനുവദിച്ചതിന് നന്ദി എന്നും അദ്ദേഹം അതില്‍ എഴുതി.

അദ്ദേഹത്തെ പോലെയുള്ള ഒരാള്‍ക്ക് എന്റെ അച്ഛന് അങ്ങനെ ഒരു കത്ത് എഴുതേണ്ട കാര്യമില്ല. വെറുതേ ഒപ്പിട്ട് തന്നാല്‍ മതി. പക്ഷേ ഇങ്ങനെ ഒരു നന്ദി കുറിക്കുമ്പോള്‍ ആ മനുഷ്യന്റെ വലുപ്പമാണ് അവിടെ പ്രകടമാവുന്നത്. അദ്ദേഹം എല്ലാവരേയും തുല്യരായാണ് കാണുന്നത്,’ പ്രിയാമണി പറഞ്ഞു.

Content Highlight: priyamani talks about the humblness of sharukh khan