ആ സൂപ്പര്‍സ്റ്റാറിനാണ് അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ളത്: പ്രിയദര്‍ശന്‍
Entertainment
ആ സൂപ്പര്‍സ്റ്റാറിനാണ് അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ളത്: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 8:09 am

ബോളിവുഡിലെ ഹിറ്റ് സംവിധായക-അഭിനേതാവ് കോംബോയാണ് പ്രിയദര്‍ശന്‍ അക്ഷയ് കുമാര്‍ കൂട്ടുകെട്ട്. ഒരുപിടി ഹിറ്റ് കോമഡി ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്. ഹേരാ ഫേരി, ഗരം മസാല, ഭാഗം ഭാഗ്, ഭൂല്‍ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളില്‍ അക്ഷയ് കുമാറും പ്രിയദര്‍ശനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ഖട്ട മീതയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും അവസാനമായി ഒന്നിച്ച ചിത്രം.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഭൂത് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. വീണ്ടും അക്ഷയ് കുമാറുമായി വര്‍ക്ക് ചെയ്യുന്നതിന്റെ ത്രില്ലിലാണ് താനെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നു.

അബുദാബിയില്‍ നടക്കുന്ന ഐ.ഐ.എഫ്.എ അവാര്‍ഡ്സില്‍ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷയ് കുമാറിനോടൊപ്പം വര്‍ക്ക് ചെയ്യുന്ന എല്ലാ സിനിമകളും ഹിറ്റാണെന്നും അദ്ദേഹത്തിന്റെ നര്‍മബോധം ഓണ്‍ സ്‌ക്രീനില്‍ കണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ള, കൃത്യസമയത്ത് സെറ്റില്‍ എത്തുന്ന അഭിനേതാവ് അക്ഷയ് ആണെന്നും സംവിധായകന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹം ശ്രദ്ധിക്കുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘അദ്ദേഹത്തോടൊപ്പം ഞാന്‍ ചെയ്ത എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റാണ്. ആളുകള്‍ പറയുന്നത് നിങ്ങളാണ് അക്ഷയ് കോമഡി ചെയ്യാന്‍ കാരണമെന്ന്, പക്ഷേ അതെല്ലാം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ചെയ്തത് അദ്ദേഹത്തിന്റെ നര്‍മബോധം ഓണ്‍ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രമിച്ചു എന്ന മാത്രമാണ്. 14 വര്‍ഷത്തിന് ശേഷം ഞങ്ങള്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു, ഇത് വര്‍ക്ക് ആകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ഞാന്‍ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.

അദ്ദേഹം വളരെ അച്ചടക്കമുള്ള ഒരു അഭിനേതാവാണ്. അമിതാഭ് ബച്ചന് ശേഷം അര്‍പ്പണബോധമുള്ളതും കൃത്യസമയത്ത് സെറ്റില്‍ എത്തുന്ന അഭിനേതാവും അക്ഷയ് തന്നെയാണ്. സംവിധായകന്‍ പറയുന്നത് എന്താണെന്ന് അദ്ദേഹം ശ്രദ്ധിക്കും,’ പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Priyadarshan Talks About Akshay Kumar