Entertainment
കോമഡി - ഹൊറര്‍ ഫാന്റസിയും ബ്ലാക്ക് മാജിക്കും; പുതിയ ബോളിവുഡ് ചിത്രവുമായി പ്രിയദര്‍ശന്‍; നായകനാകുന്നത് ആ സൂപ്പര്‍താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 26, 10:36 am
Friday, 26th April 2024, 4:06 pm

പ്രിയദര്‍ശന്റെ ഏറെ വിജയമായ രണ്ട് ഹിന്ദി ചിത്രങ്ങളാണ് ഹേരാ ഫേരി, ഭൂല്‍ ഭുലയ്യ എന്നിവ. 2000ല്‍ റിലീസ് ചെയ്ത ഹേരാ ഫേരി മലയാളം ചിത്രമായ റാംജി റാവു സ്പീക്കിങ്ങിന്റെ റീമേക്കായിരുന്നു. 2007ല്‍ ഇറങ്ങിയ ഭൂല്‍ ഭുലയ്യയാവട്ടെ മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു.

ഈ രണ്ട് സിനിമകളും ഹിന്ദിയിലെ മികച്ച ചിത്രങ്ങളായാണ് കണക്കാക്കുന്നത്. ഹേരാ ഫേരി, ഭൂല്‍ ഭുലയ്യ എന്നിവയില്‍ നായകനായി എത്തിയത് അക്ഷയ് കുമാറായിരുന്നു. താരവും പ്രിയദര്‍ശനും ഒന്നിക്കുന്ന അടുത്ത സിനിമ വരുന്നു എന്ന് മുമ്പ് വാര്‍ത്തകളില്‍ വന്നിരുന്നു.

ഇപ്പോള്‍ താനും അക്ഷയ് കുമാറും ഒന്നിക്കുന്ന അടുത്ത ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. രാമക്ഷേത്രവുമായി ബന്ധപ്പെട്ട തന്റെ ഡോക്യു – സീരീസിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ഇനിയുള്ളത് അക്ഷയ് കുമാറിനൊപ്പമുള്ള സിനിമയാണെന്നും അദ്ദേഹം പറഞ്ഞു.

ഏകതാ കപൂര്‍ നിര്‍മിക്കുന്ന ചിത്രം നര്‍മം കലര്‍ന്ന ഒരു ഹൊറര്‍ ഫാന്റസിയാണെന്നും സംവിധായകന്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു പ്രിയദര്‍ശന്‍.

‘ഇപ്പോള്‍ രാമക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡോക്യു-സീരീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി വരാനിരിക്കുന്ന എന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമ ഏകതാ കപൂര്‍ നിര്‍മിക്കുന്ന അക്ഷയ്‌ക്കൊപ്പമുള്ളതാണ്. നര്‍മം കലര്‍ന്ന ഒരു ഹൊറര്‍ ഫാന്റസി ചിത്രമാണിത്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നത്. പുതിയ ചിത്രം ഭൂല്‍ ഭുലയ്യ പോലെയുള്ളതാണോ എന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കി.

‘ഭൂല്‍ ഭുലയ്യ ഒരു സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു, പക്ഷേ ഈ സിനിമയില്‍ പറയുന്നത് ഇന്ത്യയിലെ ഏറ്റവും പഴയ അന്ധവിശ്വാസമായ ബ്ലാക്ക് മാജിക്കിന്റെ പശ്ചാത്തലത്തിലുള്ള ഫാന്റസി ആയിരിക്കും. അക്ഷയ്‌ക്കൊപ്പം ഒരു സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എപ്പോഴും സന്തോഷകരമായ കാര്യമാണ്.

ഞങ്ങളുടെ ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ എല്ലായ്‌പ്പോഴും അക്ഷയ് നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹം ഇമോഷന്‍സിനെ നന്നായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരു നല്ല സബ്‌ജെക്റ്റിനായി കാത്തിരിക്കുകയായിരുന്നു,’ പ്രിയദര്‍ശന്‍ പറഞ്ഞു.

അക്ഷയ് കുമാറിന്റെ അവസാനം ഇറങ്ങിയ ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ആയിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച അത്ര വിജയമായിരുന്നില്ല. പ്രിയദര്‍ശനൊപ്പം താരം വീണ്ടും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ സിനിമയെ കാണുന്നത്.

Content Highlight: Priyadarshan And Akshay kumar Reunites After 14 Years