മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ടാണ് മോഹൻലാൽ – പ്രിയദർശൻ.
ബോയിങ് ബോയിങ്, കിലുക്കം, വന്ദനം, തേന്മാവിൻ കൊമ്പത്ത് തുടങ്ങി ഇരുവരും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ തിയേറ്ററിലേക്ക് വന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച മരക്കാർ അറബികടലിന്റെ സിംഹം എന്ന ചിത്രം വലിയ ഹൈപ്പോടെയാണ് തിയേറ്ററിൽ എത്തിയത്. എന്നാൽ സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.
മോഹൻലാൽ ഒരു നായകനായില്ലായിരുന്നുവെങ്കിൽ തനിക്ക് നല്ലൊരു കരിയർ ഉണ്ടാവില്ലായിരുന്നുവെന്നും മോഹൻലാലുമായുള്ള സൗഹൃദത്തെ ദൈവാനുഗ്രഹമായാണ് താൻ കാണുന്നതെന്നും പ്രിയദർശൻ പറയുന്നു. മോഹൻലാൽ അഭിനയിച്ച നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് എന്നീ സിനിമകൾ തനിക്ക് സംവിധാനം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും തന്റെ വെള്ളാനകളുടെ നാട് എന്ന സിനിമ സത്യൻ അന്തിക്കാട് സംവിധാനം ചെയ്തതാണെന്ന് കരുതുന്നവരുണ്ടെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
ലാൽ അഭിനയിച്ച നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും എനിക്ക് സംവിധാനം ചെയ്യാൻ തോന്നിയിട്ടുണ്ട്
– പ്രിയദർശൻ
‘വലിയ സന്തോഷത്തോടെയാണ് ലാലിൻ്റെ ഓരോ ചുവടുവെപ്പും കണ്ടിരുന്നത്. കാരണം മോഹൻലാൽ ഇങ്ങനെയൊക്കെ ഉയർന്നുവന്നില്ലായിരുന്നെങ്കിൽ എന്റെ കാര്യം പരുങ്ങലിലായേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കഥയുമായി ഞാൻ വേറെ ആരുടെയടുത്ത് പോകും. പറയുന്നത് കൃത്യമായി മനസിലാക്കുന്ന, വിശ്വസിക്കുന്ന ഒരാളായി ലാൽ ഒപ്പമുണ്ടായിരുന്നു. ഈ സൗഹൃദത്തെ ദൈവാനുഗ്രഹമായാണ് അന്നും ഇന്നും കാണുന്നത്.
എന്റെ സിനിമകളിൽ ആവർത്തിക്കുന്ന ചിലകാര്യങ്ങളുണ്ടാകാം, അതിന്റെ പ്രധാന കാരണം ഞാൻ സിനിമകൾ കണ്ട് സിനിമ പഠിച്ച ആളാണ്. ഇഷ്ടപ്പെട്ട സിനിമകളും അവയിലെ രംഗങ്ങളും മനസിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. അവയെല്ലാം വീണ്ടും വീണ്ടും കയറിവന്നേക്കാം.
ലാൽ അഭിനയിച്ച രണ്ടു സിനിമകൾ എനിക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. അത് നാടോടിക്കാറ്റും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റുമാണ്. അവ രണ്ടും എൻ്റെ രീതിക്കുചേരുന്നതാണ്. ഇന്നും പലരും സംസാരിക്കുമ്പോൾ നാടോടിക്കാറ്റ് എൻ്റെ സിനിമയാണ് എന്ന നിലയിൽ പറയാറുണ്ട്. അതുപോലെ ഞാൻ ചെയ്‌ത വെള്ളാനകളുടെ നാട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തതാണെന്ന് കരുതുന്നവരുമുണ്ട്. നാടോടിക്കാറ്റിൽ ക്ലൈമാക്‌സിലെ സ്ലാപ്സ്റ്റിക് സംഘട്ടനം സാധാരണയായി എൻ്റെ സിനിമയിൽ കൂടുതലായി കാണുന്നതുകൊണ്ടാകാം അത്തരം തോന്നലുകളുണ്ടായത്,’പ്രിയദർശൻ പറയുന്നു.
Content Highlight: Priyadarshan About Mohanlal Movies