അക്ഷയ് കുമാറിന് മോഹന്‍ലാലാവാന്‍ പറ്റില്ല, ഇന്ത്യയിലെ മിക്ക റീമേക്കുകളും ഫ്‌ളോപ്പാണ്: പ്രിയദര്‍ശന്‍
Film News
അക്ഷയ് കുമാറിന് മോഹന്‍ലാലാവാന്‍ പറ്റില്ല, ഇന്ത്യയിലെ മിക്ക റീമേക്കുകളും ഫ്‌ളോപ്പാണ്: പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th February 2023, 11:47 pm

ഇന്ത്യയില്‍ മിക്ക റീമേക്കുകളും പരാജയമാണെന്ന് പ്രിയദര്‍ശന്‍. മലയാളത്തിലെ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ അഭിനേതാക്കളുടെ പ്രകടനത്തിനൊത്ത് ഉയരാന്‍ അന്യഭാഷയിലെ താരങ്ങള്‍ക്ക് പരിമിതികളുണ്ടാവുന്നുണ്ടെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘മോഹന്‍ലാലാവാന്‍ പറ്റില്ല അക്ഷയ് കുമാറിന്. അക്ഷയ് കുമാറിന് അദ്ദേഹത്തിന്റേതായ ലിമിറ്റേഷനുണ്ട്. ആ ലിമിറ്റേഷനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ അഭിനയിക്കാനാവൂ. തിലകന്റെ കാര്യവും അങ്ങനെ തന്നെയാണ്. അവിടുത്തെ ആര്‍ട്ടിസ്റ്റുകള്‍ക്ക് അദ്ദേഹം ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലിമിറ്റേഷനുണ്ട്.

പക്ഷേ എന്താണ് ചെയ്യുന്നതെന്ന് വെച്ചാല്‍ ഈ സിനിമ കാണാത്ത വലിയൊരു വിഭാഗത്തിന്റെ മുമ്പിലേക്കാണ് ഒരു റീമേക്ക് സിനിമയുമായി നമ്മള്‍ ചെല്ലുന്നത്. അതില്‍ രണ്ടുമൂന്ന് കാര്യങ്ങള്‍ നോക്കിയിട്ടുണ്ട്. ഇന്ത്യയിലെ മിക്ക റീമക്ക് ചിത്രങ്ങളും ഫ്‌ളോപ്പാണ്. പല മലയാള സിനിമകളും ഹിന്ദിയിലേക്ക് പോയപ്പോഴും പൊട്ടിപ്പോയിട്ടുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകരെ പറ്റിയും പ്രിയദര്‍ശന്‍ സംസാരിച്ചു. ‘നമ്മളേക്കാള്‍ നല്ല സിനിമകളാണ് ഇപ്പോഴുള്ള ജനറേഷന്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ആ ഒരു കോംപ്ലക്സോടെയാണ് ഞങ്ങളൊക്കെ പിടിച്ചു നില്‍ക്കുന്നത്. പിടിച്ചു നില്‍ക്കുക എന്ന വാക്ക് ശ്രദ്ധിക്കണം.

ഇന്നത്തെ പുതുതലമുറയുടെയൊപ്പം ഞങ്ങള്‍ പിടിച്ച് നില്‍ക്കുകയാണ്. ഇത്രയും കാലത്തെ അനുഭവങ്ങള്‍ ഉള്ളത് കൊണ്ട് മാത്രം നമ്മള്‍ മുന്നോട്ട് പോവുന്നു എന്നേയുള്ളു.

ഇന്നും എങ്ങനെയാണ് രസകരമായ ഒരു തിരക്കഥ എഴുതേണ്ടതെന്ന് എനിക്ക് അറിയില്ല. കാരണം ആ ഒരു കാര്യം നമ്മള്‍ ദിവസവും പഠിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. പല പ്രാവശ്യവും ഞാന്‍ പരാജയപ്പെട്ടു പോയിട്ടുണ്ട്. ചില സമയത്ത് വിജയിച്ചിട്ടുമുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

Content Highlightl: priyadarshan about mohanlal and akshay kumar