Advertisement
Kerala News
സ്വകാര്യ സര്‍വകലാശാല ബില്‍; എതിര്‍പ്പ് അറിയിച്ച് സി.പി.ഐ, കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 05, 11:49 am
Wednesday, 5th February 2025, 5:19 pm

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല ബില്ലില്‍ എതിര്‍പ്പ് അറിയിച്ച് സി.പി.ഐ. ബില്ലില്‍ കൂടുതല്‍ ചര്‍ച്ചയും പഠനവും വേണമെന്ന് സി.പി.ഐ പറഞ്ഞു.

ബില്ലില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കൂടിയ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി പി. പ്രസാദാണ് എതിര്‍പ്പ് അറിയിച്ചത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ അസാന്നിധ്യത്തില്‍ ബില്‍ പരിഗണിക്കുന്നത് മാറ്റിവെക്കുകയും ചെയ്തു.

വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യകത ഇല്ലെന്നും സ്വകാര്യ സര്‍വകലാശാല ബില്‍ കേരളത്തിന് ഗുണകരമല്ലെന്നും എ.വൈ.ഐ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും പ്രതികരിച്ചു. എ.ഐ.എസ്.എഫിനും ഇതേ നിലപാടാണെന്നും ബില്‍ അംഗീകരിച്ചാല്‍ പ്രതിഷേധിക്കുമെന്നും അരുണ്‍ പറഞ്ഞു.

നേരത്തെ എല്‍.ഡി.എഫ് ഘടകക്ഷിയായ ആര്‍.ജെ.ഡിയും സ്വകാര്യ സര്‍വകലാശാല ബില്ലില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. എല്‍.ഡി.എഫ് യോഗത്തില്‍ ബില്‍ സംബന്ധിച്ച് അതൃപ്തി അറിയിച്ചിരുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു. ബില്ലില്‍ അന്തിമ തീരുമാനം ഉണ്ടായാല്‍ മുന്നണി മര്യാദ അനുസരിച്ച് അതിനെ പിന്തുണക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ബില്ലിന് അനുമതി നല്‍കാന്‍ സി.പി.ഐ.എം നേരത്തെ രാഷ്ട്രീയ തീരുമാനം എടുത്തിരുന്നു. പിന്നാലെ തീരുമാനത്തില്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബില്‍ നിലവില്‍ വന്നാല്‍, സ്വകാര്യ സര്‍വകലാശാലയില്‍ എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ലഭിക്കുമെന്നാണ് വിവരം.

എന്നാല്‍ സര്‍വകലാശാലകളുടെ നിയന്ത്രണം, ഫീസ് എന്നിവയില്‍ സര്‍ക്കാരിന് പങ്കുണ്ടാവില്ലെന്നാണ് ഘടകക്ഷികള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ സര്‍വകലാശാല സംബന്ധിച്ച സി.പി.ഐ.എമ്മിന്റെ തീരുമാനത്തില്‍ എസ്.എഫ്.ഐയും രംഗത്തുണ്ട്.

കഴിഞ്ഞ വര്‍ഷം, സംസ്ഥാനത്ത് ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ 20ഓളം സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താത്പര്യമറിയിച്ചിരുന്നു.

ഇതില്‍ മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. വിമാന, റെയില്‍ സൗകര്യങ്ങളുള്ള ജില്ലകളിലാവും സ്വകാര്യ നിക്ഷേപം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും പഠനത്തിനായുള്ള മലയാളികളുടെ വിദേശകുടിയേറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ക്ക് നിക്ഷേപം അനുമതി നല്‍കാന്‍ പദ്ധതിയിടുന്നത്.

Content Highlight: Private University Bill; CPI protested and demanded more talks