താന്‍ വളരെ എളുപ്പത്തില്‍ സിനിമയിലേക്ക് വന്ന ആളാണെന്ന് പറയുകയാണ് പൃഥ്വിരാജ് സുകുമാരന്‍. തന്റെ അച്ഛന്‍ ഒരു നടനായത് കൊണ്ട് തന്റെ ആദ്യ സിനിമ ലഭിക്കുന്നത് ആ സര്‍നെയിം കൊണ്ട് മാത്രമാണെന്നും താരം പറയുന്നു.
ആടുജീവിതത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈനുലകം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘ഞാന്‍ വളരെ എളുപ്പത്തില്‍ സിനിമയിലേക്ക് വന്ന ആളാണ്. എന്റെ അച്ഛന്‍ ഒരു നടനാണ്. എനിക്ക് എന്റെ ആദ്യ സിനിമ ലഭിക്കുന്നത് എന്റെ സര്‍നെയിം കൊണ്ട് മാത്രമാണ്. ‘ഒക്കെ അവന്‍ ഈ ആളുടെ മകനാണ്, കാണാനും കുഴപ്പമില്ല, നന്നായിരിക്കും’ എന്ന് അവര്‍ ചിന്തിച്ചത് കൊണ്ടാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്,’ പൃഥ്വിരാജ് പറഞ്ഞു.
അഭിമുഖത്തില്‍ അവതാരകന്‍ എന്തിനാണ് ഇത് ഓപ്പണായി പറയുന്നത് എന്ന് ചോദിച്ചപ്പോള്‍ സത്യമായത് കൊണ്ടാണ് താന്‍ പറയുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. തന്റെ അച്ഛന്‍ പ്രശസ്തനായ നടനാണ് എന്ന കാരണത്താല്‍ ആദ്യ സിനിമയില്‍ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളതെന്നും അതുമുതല്‍ ഇതുവരെ എത്താന്‍ താന്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
‘സത്യമായത് കൊണ്ടാണ് ഞാന്‍ പറയുന്നത്. എനിക്ക് ഉറപ്പുണ്ട്, അവര്‍ക്ക് എന്നെക്കാള്‍ ടാലന്റായ ആളുകളെ കിട്ടിയേനെ. എനിക്ക് കിട്ടിയ അവസരം അവര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവര്‍ എന്നെക്കാള്‍ വലിയ ആക്ടര്‍ ആയേനെ. എന്നാല്‍ എനിക്കാണ് അവസരം ലഭിച്ചത്.
ആ അവസരം കിട്ടിയത് എന്റെ അച്ഛന്‍ വളരെ ഫേമസായ നടനായത് കൊണ്ട് മാത്രമാണ്. എന്നാല്‍ എന്റെ അച്ഛന്‍ ഫേമസായ നടനാണ് എന്ന കാരണത്താല്‍ ആദ്യ സിനിമയില്‍ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളത്. അതുമുതല്‍ ഇതുവരെ എത്താന്‍ ഞാന്‍ ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
ആളുകള്‍ അച്ഛന്റെ പേര് വെച്ച് സിനിമയിലേക്ക് വന്ന ആളാണെന്ന് പറയുന്നത് ബ്രേക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറഞ്ഞു.
‘ഒരിക്കലും അത് ബ്രേക്ക് ചെയ്യാന്‍ പറ്റില്ല. എന്ത് ചെയ്താലും ഞാന്‍ എന്റെ അച്ഛന്റെ മകന്‍ തന്നെയാണ്. ഞാന്‍ ഭാഗ്യവാനാണോ എന്ന് ചോദിച്ചാല്‍ അതേ ഞാന്‍ ഒരുപാട് ഭാഗ്യവാനാണ്. ഞാന്‍ അച്ഛന്റെ പേരില്‍ സിനിമയിലേക്ക് വന്ന ആളാണോയെന്ന് ചോദിച്ചാല്‍, അതേ അച്ഛന്റെ പേരിലൂടെ തന്നെയാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. എന്ത് ചെയ്യാന്‍ പറ്റും,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj Sukumaran Talks About His First Movie