Entertainment
എമ്പുരാന് വേണ്ടി എനിക്കും ലാലേട്ടനും റഷ്യക്കുള്ള വിസ ശരിയാക്കിത്തന്നത് എം. എ ബേബി: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 07:00 am
Monday, 7th April 2025, 12:30 pm

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍. റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് എമ്പുരാന്റെ ചിത്രീകരണം നടന്നത്. മലയാളത്തില്‍ നിര്‍മിച്ച ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് എമ്പുരാന്‍.

എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഭാഗമായി റഷ്യയിലേക്ക് പോയതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനോടും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനോടും താന്‍ റഷ്യക്ക് പോകുകയാണെന്നും അവിടെയെത്തി 48 മണിക്കൂറിനുള്ളില്‍ തന്റെ കോള്‍ വരികയാണെങ്കില്‍ അടുത്ത ഫ്‌ലൈറ്റില്‍ കയറി അങ്ങോട്ട് വരണമെന്നും പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു.

പെട്ടെന്ന് വിസ ശരിയാകാത്തതുകൊണ്ട് തനിക്കും മോഹന്‍ലാല്‍ അടക്കമുള്ള മറ്റുള്ളവര്‍ക്കും വിസ ശരിയാക്കിത്തന്നത് സി.പി.ഐ.എമ്മിന്റെ ദേശീയ സെക്രട്ടറി എം.എ ബേബി ആണെന്നും പൃഥ്വിരാജ് പറഞ്ഞു.

‘മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ റഷ്യക്ക് പോകുകയാണെന്നും 48 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് എന്റെ കോള്‍ വരികയാണെങ്കില്‍ അടുത്ത ഫ്‌ലൈറ്റില്‍ കയറി വരണമെന്നും പറഞ്ഞു. ഇതാണ് സത്യത്തില്‍ നടന്നത്.

എം. എ ബേബിയാണ് ഞങ്ങള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ വിസയുടെ കാര്യമെല്ലാം ശരിയാക്കി തന്നത്. എനിക്ക് 24 മണിക്കൂറിനുള്ളില്‍ തന്നെ വിസ ശരിയായി കിട്ടി. ലാലേട്ടനും മറ്റുള്ളവര്‍ക്കും 48 മണിക്കൂറിനുള്ളിലും വിസ ശരിയായി. അങ്ങനെ ഞങ്ങള്‍ റഷ്യക്ക് പോയി,’ പൃഥ്വിരാജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് എം. എ ബേബിയെ പാര്‍ട്ടിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഈ പശ്ചാത്തലത്തിലാണ് എമ്പുരാന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ ഇന്റര്‍വ്യൂ വീണ്ടും ചര്‍ച്ചയാകുന്നത്.

Content Highlight: Prithviraj says M. A. Baby arranged visas for him and Mohanlal to Russia in an emergency