മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും.
സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കുന്ന ചിത്രത്തെ കുറിച്ച് വമ്പന്‍ പ്രതീക്ഷകളാണ് സിനിമാ ലോകത്തിന്. ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഏപ്രില്‍ 25 ന് സിനിമ തീയേറ്ററുകളില്‍ എത്തും.
ഇപ്പോള്‍ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാലിനെ ഷോട്ടില്‍ കാണുമ്പോള്‍ അദ്ദേഹത്തിന് ഒരു ഡൈമന്‍ഷനും എന്നാല്‍ എഡിറ്റിങ് ടേബിളിലേക്ക് വരുമ്പോള്‍ മറ്റൊരു തരത്തിലാണെന്നും അതിന്റെ അര്‍ത്ഥം ഒരോ സമയത്തും മാറി വരുന്നതായി തനിക്ക് തോന്നുമെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. മോഹന്‍ലാല്‍ വളരെ സിമ്പിളായിട്ടാണ് പെര്‍ഫോം ചെയ്യുന്നതെന്നും എന്നാല്‍ എഡിറ്റ് ടേബിളിലേക്ക് വരുമ്പോഴാണ് എന്താണ് അദ്ദേഹം ചെയ്ത് വെച്ചിട്ടുള്ളതെന്ന് മനസിലാകുന്നതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. തന്നെ സംബന്ധിച്ച് അതാണ് മോഹന്‍ലാലില്‍ കണ്ടിട്ടുള്ള മാജിക്കെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലാലേട്ടനെ നമ്മള്‍ ഡയറക്ട് ചെയ്യുന്ന സമയത്ത് ഷോട്ടില്‍ കാണുമ്പോള്‍ ഒരു ഡൈമെന്‍ഷന്‍. അത് എഡിറ്റിങ് ടേബിളിലേക്ക് വരുമ്പോള്‍ വേറൊരു ഡൈമെന്‍ഷനാണ്. അത് സീനില്‍ എല്ലാം കഴിഞ്ഞ് മ്യൂസിക് ഒക്കെ ചേര്‍ന്ന് വരുമ്പോള്‍ അതിന്റെ മീനിങ് മാറുന്നത് പോലെ തോന്നും. അതാണ് എനിക്ക് ലാലേട്ടന്റെ ഒരു മാജിക് ആയിട്ട് തോന്നുന്നത്. നമ്മള്‍ പറഞ്ഞ് കൊടുത്ത് പെര്‍ഫോം ചെയ്യുമ്പോള്‍ വളരെ സിമ്പിളായി, നാച്ചുറല്‍ ആയിട്ട് ചെയ്യും. അവിടെ എന്താണ് ഇതിന് മാത്രം ചെയ്തതെന്ന് നമുക്ക് തോന്നും.
പക്ഷേ എഡിറ്റ് ടേബിളില്‍ വരുമ്പോഴാണ് പ്രോപ്പര്‍ ആയിട്ട് എന്താണ് അദ്ദേഹം ചെയ്ത് വെച്ചിട്ടുള്ളതെന്ന് മനസിലാകുന്നത്. ലാലേട്ടന്റെ ആ കണ്ണിന്റെ അനക്കത്തിന് പോലും ഒരു അര്‍ത്ഥമുണ്ടെന്ന് തോന്നും. ഒരുപാട് ആളുകള്‍ പറും ഞാന്‍ കേട്ടിട്ടുണ്ട് ചെയ്യുമ്പോള്‍ നമുക്ക് ഒന്നും ചെയ്യുന്നില്ലെന്ന് തോന്നും. പക്ഷേ എഡിറ്റില്‍ കാണുമ്പോള്‍ അങ്ങനെയല്ല. അതാണ് എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ മാജിക്,’ തരുണ്‍ മൂര്‍ത്തി.
Content Highlight: Tharun Moorthy talks about Mohanlal