Entertainment
മോശം തിരക്കഥയിൽ മികച്ച നടന്മാർ അഭിനയിച്ചാൽ ഗംഭീര ചിത്രം ഒരുക്കാൻ കഴിയില്ലെന്ന് അന്ന് മനസിലാക്കി: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 20, 02:24 am
Thursday, 20th February 2025, 7:54 am

രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്ത് കാലെടുത്തുവെച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച പൃഥ്വി, വാസ്തവം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കി.

അഭിനയത്തിന് പുറമെ ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനും പൃഥ്വിക്ക് സാധിച്ചു.

കരിയറിന്റെ തുടക്കത്തിൽ സംവിധായകരുടെ പേര് നോക്കിയാണ് താൻ സിനിമകൾ തെരഞ്ഞെടുത്തിരുന്നതെന്നും അന്നതായിരുന്നു ശരിയെന്നും പൃഥ്വിരാജ് പറയുന്നു. എന്നാൽ മോശം തിരക്കഥയിൽ മികച്ച നടന്മാർ അഭിനയിച്ചാൽ ഗംഭീര സിനിമ ഒരുക്കാൻ കഴിയില്ലെന്ന് തനിക്ക് പിന്നീട് മനസിലായെന്നും ഇപ്പോൾ സിനിമയുടെ ടോട്ടാലിറ്റിക്കായി എന്ത് ചെയ്യാൻ കഴിയുമെന്നാണ് താൻ ചിന്തിക്കാറെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

‘ഞാൻ സിനിമയിൽ വന്ന കാലത്ത് സംവിധായകരുടെ പേര് നോക്കിയാണ് സിനിമ തെരഞ്ഞെടുത്തിരുന്നത്‌. അന്ന് അതായിരുന്നു ശരി. പിന്നീട് ആ ധാരണ പലതും തകർന്നു. സംവിധായകർക്കും താരങ്ങൾക്കും അപ്പുറം നല്ല കഥയും തിരക്കഥയും മികച്ച ചിത്രങ്ങൾക്ക് കാരണമാകുന്ന കാലം വന്നു. അവിടെ കഥകളായിരുന്നു പ്രധാനം. മോശം തിരക്കഥയിൽ മികച്ച നടന്മാർ അഭിനയിച്ചാൽ ഗംഭീര ചിത്രം ഒരുക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിഞ്ഞു. ഇന്ന് ഒരു കഥ കേൾക്കുമ്പോൾ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെക്കാൾ ചിത്രത്തിന്റെ ടോട്ടാലിറ്റി നന്നാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ ചിന്തിക്കുന്നത്,’പൃഥ്വിരാജ് പറയുന്നു.

അതേസമയം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍.

പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമാണ് എമ്പുരാന്‍. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങുമെന്ന് അറിയിച്ച ചിത്രത്തിന്റെ ആദ്യഭാഗം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു. മാർച്ച് 27 ന് പ്രേക്ഷർക്ക് മുന്നിലെത്തുന്ന സിനിമയിൽ വിദേശീയരടക്കമുള്ള വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്.

 

Content Highlight: Prithviraj About Starting Of His Film Career