കൊച്ചി: സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാവുകയാണ്. ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ പലര്‍ക്കും പാമ്പ് കടിയേറ്റു. നാല്പതോളം പേരാണ് ഇന്ന് പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
പാമ്പ് കടിയേറ്റാല്‍ ചെയ്യേണ്ടത്
1. പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മ്മയില്‍ വെയ്ക്കുക. ഇത് വൈദ്യസഹായം തേടുമ്പോള്‍ ഡോക്ടറോട് പറയുന്നത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കും.
2. കടിയേറ്റ വ്യക്തിയെ പരന്ന സ്ഥലത്ത് കിടത്തുക. കടിയേറ്റ സ്ഥലം ഹൃദയത്തിന് താഴെ വരുന്ന വിധത്തില്‍ വെയ്ക്കാന്‍ ശ്രമിക്കണം. വിഷം മറ്റ് ഭാഗങ്ങളിലേക്ക് രക്തം വഴി പരക്കുന്നത് ഒഴിവാക്കാം.
3. കടിയേറ്റ വ്യക്തിയെ സമ്മര്‍ദ്ദത്തിലാക്കാതെ, സമാധാനിപ്പിക്കുക. ഇല്ലെങ്കില്‍ രക്തയോട്ടം വേഗത്തിലായി വിഷം പരന്നേക്കാം.
4. കടിയേറ്റ സ്ഥലം ലൂസായി ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടാം.
5. കടിയേറ്റ സ്ഥലത്ത് എന്തെങ്കിലും ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഊരി മാറ്റണം. കാലിന് ആണ് കടിയേറ്റതെങ്കില്‍ ഷൂ ഊരി മാറ്റണം.
6. സോപ്പ് ഉപയോഗിച്ച് മുറിവേറ്റ സ്ഥലം കഴുകണം.
ഇവ ചെയ്യരുത്
1. കടിയേറ്റ സ്ഥലം മുറിക്കാന്‍ ശ്രമിക്കുക.
2. വിഷം വലിച്ചെടുക്കാന്‍ ശ്രമിക്കുക.
3. അമിതമായി ഭയപ്പെടുക.
4. ഐസ് വാട്ടര്‍ ഉപയോഗിക്കുക.
5. മദ്യം, കഫീന്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ എന്നിവ നല്‍കുക.
കടിയേറ്റാല്‍ എത്രയും പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കാന്‍ ശ്രമിക്കണം. താലൂക്ക് ആശുപത്രികള്‍ മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റി വെനോ ചികിത്സ ലഭ്യമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സ്വയം ചികിത്സക്ക് മുതിരരുത്.