വാഷിങ്ടണ്‍: നാഷ്‌വില്‍ സ്‌കൂള്‍ വെടിവെപ്പിന് പിന്നാലെ അമേരിക്കയിലെ ഗണ്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തെ അപലപിച്ച ബൈഡന്‍ കഴിഞ്ഞ കുറച്ചുകാലമായി അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. നാഷ്‌വില്‍ അറ്റാക്കിന് ശേഷം വൈറ്റ് ഹൗസില്‍ ചേര്‍ന്ന വനിത ബിസിനസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആയുധാക്രമണങ്ങള്‍ അമേരിക്കയുടെ ആത്മാവിനെ കീറിമുറിക്കുകയും കമ്മ്യൂണിറ്റികളെ ശിഥിലമാക്കുകയും ചെയ്യുന്നു. നമ്മുടെ വിദ്യാലയങ്ങളെ സുരക്ഷിതമാക്കാന്‍ കൂടുതല്‍ നടപടികള്‍ കൈകൊള്ളേണ്ടതുണ്ട്,’ ബൈഡന്‍ പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച രാവിലെ ടെന്നസിയിലെ നാഷ്‌വില്ലില്‍ സ്ഥിതി ചെയ്യുന്ന പ്രൈവറ്റ് സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒമ്പത് വയസുള്ള മൂന്ന് വിദ്യാര്‍ത്ഥികളും മൂന്ന് സ്‌കൂള്‍ സ്റ്റാഫുകളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്.
28 വയസുകാരിയായ ഔഡ്രി ഹെയ്ല്‍ എന്ന യുവതിയാണ് സ്‌കൂളില്‍ അതിക്രമിച്ച് കയറി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇവര്‍ ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന വാര്‍ത്തകളും അതിനിടെ പുറത്ത് വന്നിട്ടുണ്ട്.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 120ലധികം തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. 2020ന് ശേഷം ഓരോ വര്‍ഷവും അമേരിക്കയില്‍ 600ന് മുകളില്‍ സായുധാക്രമണങ്ങളാണ് ഉണ്ടാവുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിന് മുമ്പത്തെ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 60 ശതമാനത്തോളം ആക്രമണങ്ങള്‍ വര്‍ധിച്ചതായാണ് എഫ്.ബി.ഐ പുറത്തുവിട്ട റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് തോക്കുനിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിക്കുന്നതെന്നാണ് സൂചന.