national news
കൊവിഡ് മാത്രമല്ല, പൗരത്വ വിരുദ്ധ സമരവും കര്‍ഷക സമരവും 2020 ന്റെ ഭാഗമാണെന്ന് മറക്കരുത്: പ്രശാന്ത് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 31, 03:23 pm
Thursday, 31st December 2020, 8:53 pm

ന്യൂദല്‍ഹി: രാജ്യം പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 2020 ലെ കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഓര്‍മ്മിപ്പിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൊവിഡ് മൂലമുണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല ഇത്തരം പോരാട്ടങ്ങളും 2020 ന്റെ ഭാഗമായിരുന്നെന്ന് നാം ഓര്‍മ്മിക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘അത്ര നല്ല വര്‍ഷമല്ലാത്ത 2020 വിട പറയാനിരിക്കെ കൊവിഡ് മാത്രമല്ലാതെ ചില ഹൃദയസ്പര്‍ശിയായ മുന്നേറ്റങ്ങളും നാം ഓര്‍ക്കേണ്ടതുണ്ട്. പൗരത്വ നിയമ വിരുദ്ധ പോരാട്ടം നയിച്ച ധീരരായ സ്ത്രീകളും വിദ്യാര്‍ത്ഥികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷകപ്രക്ഷോഭം. 2021 മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ , പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.


ഈ വര്‍ഷമാദ്യം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണുയര്‍ന്നിരുന്നത്. സ്ത്രീകളും വിദ്യാര്‍ത്ഥികളും നടത്തിയ പോരാട്ടത്തെ ദല്‍ഹി പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു.

സമരക്കാര്‍ക്ക് നേരെ വെടിവെയ്പും പിന്നാലെ ദല്‍ഹിയില്‍ കലാപവും അരങ്ങേറി. മാര്‍ച്ച് മാസത്തോട് കൊവിഡ് മൂര്‍ച്ഛിക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ സമരങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി.

എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒന്നിച്ച് തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനം വീണ്ടും പ്രക്ഷോഭമുഖരിതമായി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായി പുതുവര്‍ഷരാത്രിയിലും കര്‍ഷകര്‍ തെരുവിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Prasanth Bhusan on 2020