മടങ്ങിയ സന്ദീപിനെ തിരികെയെത്തിച്ച പ്രമോദ റെഡ്ഡി; നിര്‍ണായക വഴിത്തിരിവായി ശോഭിത ധൂലിപാല
Film News
മടങ്ങിയ സന്ദീപിനെ തിരികെയെത്തിച്ച പ്രമോദ റെഡ്ഡി; നിര്‍ണായക വഴിത്തിരിവായി ശോഭിത ധൂലിപാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 8:43 pm

മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാക്കിയ മേജര്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സന്ദീപിന്റെ ബാല്യകാലവും മുംബൈ ആക്രമണത്തിന്റെ ഭീകരതയുമെല്ലാം മികച്ച രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടത്.

******************** spoiler alert *************

 

തെലുങ്ക് താരം അദിവി ശേഷാണ് ചിത്രത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, രേവതി, സെയ് മഞ്‌ജേരക്കര്‍, മുരളി ശര്‍മ, ശോഭിത ധൂലിപാല എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതില്‍ അവസാന രംഗങ്ങളില്‍ മാത്രമാണ് എത്തിയതെങ്കിലും കഥയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് ശോഭിത അവതരിപ്പിച്ച പ്രമോദ റെഡ്ഡിയുടേത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ ശോഭിത ഈ ചിത്രത്തിലും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.

മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ ഭീകരരുടെ ആക്രമണത്തിനിടയില്‍ കുടുങ്ങിപ്പോയ പ്രമോദ ആ ഭീകാരാന്തരീക്ഷത്തിനിടയിലും ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ റെസ്‌ക്യൂ ഓപ്പറേന്‍ നിര്‍ത്താന്‍ നിര്‍ബന്ധിതനാവുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ ഓപ്പറേഷനിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രമോദ റെഡ്ഡിയുടെ ഇടപെടലാണ്.

ഭയചകിതമായ അന്തരീക്ഷത്തിനിടയിലും ധൈര്യം മുറുകെ പിടിച്ച് ധീരതയോടെ മുന്നേറിയ പ്രമോദയെ ഗംഭീരമായാണ് ശോഭിത ചിത്രത്തില്‍ അവതരിപ്പിച്ചത്.

അതേസമയം ചിത്രത്തിന് പ്രേക്ഷകരുടെ കയ്യടി ഉയരുകയാണ്. സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ അദിവി ശേഷിനായി എന്ന് പ്രേക്ഷകര്‍ പറയുന്നു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനുള്ള ഏറ്റവും മികച്ച ആദരമാണ് ഈ സിനിമ എന്നും പ്രേക്ഷകര്‍ പറയുന്നു.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് മേജര്‍ നിര്‍മിച്ചത്.

Content Highlight: Pramodha Reddy, played by Shobhita, plays a pivotal role in the movie major