ന്യൂദല്‍ഹി: ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി പൗരന്‍മാര്‍ ഒരു രേഖയും സമര്‍പ്പിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍.
എന്‍.പി.ആര്‍ കണക്കെടുപ്പിന് ഒരു രേഖയും ആവശ്യമില്ലെന്നും ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടന്നും പ്രകാശ് ജാവേദ്ക്കര് പറഞ്ഞു.
എല്ലാ സംസ്ഥാനവും എന്‍.പി.ആറും സെന്‍സസും അംഗീകരിച്ചതാണ്. ഇതില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. എന്‍.പി.ആറും സെന്‍സസും ഒരുമിച്ച് കൊണ്ടുപോകാനാണ് തീരുമാനം. കടലാസില്‍ എഴുതുന്നതിന് പകരം മൊബൈല്‍ ആപ്പ് വഴി ഓരോരുത്തരുടേയും വിവരം സ്വീകരിക്കും.
ഒരു തരത്തിലുള്ള രേഖയും കണക്കെടുപ്പിന് നല്‍കേണ്ടതില്ല. പൗരന്‍മാര്‍ക്ക് അവരുടെ റസിഡന്‍ഷ്യല്‍ വിവരങ്ങള്‍ നല്‍കാം. രേഖകള്‍ നല്‍കുന്നതിലൂടെ പൗരന്‍മാര്‍ ഇന്ത്യയിലെ ആളുകളാണോ എന്ന് പരിശോധിക്കുകയും അതിന് ശേഷം ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമെന്നാണ് പലരും പ്രചരിപ്പിക്കുന്നത്.
എന്നാല്‍ എന്‍.പി.ആറിനും സെന്‍സസിനും ഒരു തരത്തിലുള്ള രേഖയും നല്‍കേണ്ടതില്ല. ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ആളുകള്‍ അവരുടെ വിശദാംശങ്ങള്‍ നല്‍കുക. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ വിശ്വാസമുണ്ട്. ഇത് ഏതെങ്കിലും രീതിയിലുള്ള പരിശോധനയല്ല. കണക്കെടുപ്പുമാത്രമാണെന്നും പ്രകാശ് ജാവേദ്ക്കര് പറഞ്ഞു.
ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു.
2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എന്‍.പി.ആറിനായുള്ള പരിശീലനം നടക്കും. എന്‍.പി.ആറിനായുള്ള ഡാറ്റ 2010ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ആദ്യമായി ശേഖരിച്ചത്.
വീടുകള്‍ തോറുമുള്ള സര്‍വേകള്‍ ഉപയോഗിച്ച് എന്‍.പി.ആര്‍ ഡാറ്റ 2015ല്‍ അപ്‌ഡേറ്റ് ചെയ്തു. പുതുക്കിയ വിവരങ്ങളുടെ ഡിജിറ്റൈസേഷന്‍ ഇപ്പോള്‍ പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. എന്‍.പി.ആര്‍ പുതുക്കുന്നിതിനൊപ്പം രാജ്യത്തെ വീടുകളുടെ കണക്കെടുപ്പും 2020ല്‍ നടക്കും.
ഡാറ്റാബേസില്‍ ജനസംഖ്യാപരമായതും ബയോമെട്രിക് വിശദാംശങ്ങളും ഉണ്ടായിരിക്കും. ഒരു പ്രദേശത്ത് കുറഞ്ഞത് ആറുമാസമോ അതില്‍ കൂടുതലോ താമസിച്ച വ്യക്തിയാണ് ”സാധാരണ താമസക്കാരന്‍”. അതല്ലെങ്കില്‍ അടുത്ത ആറുമാസമോ അതില്‍ കൂടുതലോ ഒരു പ്രദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്കും അപേക്ഷിക്കാം.
ഇന്ത്യയിലെ ഓരോ വ്യക്തിയും എന്‍.പി.ആറില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാണ്. സെന്‍സസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന എന്‍.പി.ആര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ആദ്യപടിയായിട്ടാണ് ആരോപിക്കപ്പെടുന്നത്.
അതേസമയം എന്‍.ആര്‍.സിയും സി.എ.എയും മൂലം ഉടലെടുത്ത ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.