ആദിപുരുഷ് ഫാമിലി ഓഡിയന്‍സിനും കുട്ടികള്‍ക്കും വേണ്ടി ഒരുക്കിയ സിനിമയാണെന്ന് പ്രഭാസ്. സംവിധായകന്‍ ഓം റൗട്ട് സിനിമയെ ഡിസൈന്‍ ചെയ്‌തെടുത്ത രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും കരിയറിലെ ഏറ്റവും വിലയേറിയ ചിത്രമാണ് ആദിപുരുഷെന്നും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ വെറൈറ്റിയോട് പ്രഭാസ് പറഞ്ഞു.
‘ആദിപുരുഷിന്റെ കഥ കേട്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ചെറിയ പേടി തുടങ്ങി. കാരണം ഇത് രാജ്യത്തിന് തന്നെ ഏറ്റവും മൂല്യവത്തായ ചിത്രമാകുമെന്ന് തോന്നാന്‍ തുടങ്ങി. എനിക്കിത് ചെയ്യാന്‍ പറ്റുമോ എന്നൊക്കെയൊരു പേടി. എന്നാല്‍ അങ്ങനെയൊരു പേടിയുള്ളത് നല്ലതാണെന്ന് ഓം പറഞ്ഞു. ഇത് എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വിലയേറിയ സിനിമയാണ്.
ഓം റൗട്ടിന്റെ സ്‌ക്രീന്‍ പ്ലേയും അദ്ദേഹം ചരിത്രത്തേയും ഇന്ത്യയുടെ സംസ്‌കാരത്തേയും ഒന്നിപ്പിച്ച രീതിയുമാണ് എന്നെ ഈ ചിത്രത്തിനായി സൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹം ഈ സിനിമ ഡിസൈന്‍ ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തി. ഓം അത് വളരെ നന്നായി ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.
ഇത് കുട്ടികള്‍ക്കും ഫാമിലി ഓഡിയന്‍സിനും വേണ്ടി ഒരുക്കിയ സിനിമയാണ്. സ്ത്രീകള്‍ക്ക് പോലും എന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ സിനിമയില്‍ നിരവധി ആക്ഷന്‍ സ്വീക്വന്‍സുകളുണ്ട്. കൊമേഴ്‌സ്യല്‍ സിനിമ എന്ന നിലയില്‍ കൂടിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് ഫാന്‍സിനും സന്തോഷമാകും,’ പ്രഭാസ് പറഞ്ഞു.
ടി-സീരീസും റെട്രോഫിലിസും ചേര്‍ന്ന് നിര്‍മിച്ച ആദിപുരുഷ് ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നഡ പതിപ്പുകളിലും റിലീസ് ചെയ്യും. 2023 ജനുവരി 12നാണ് ആദിപുരുഷിന്റെ റിലീസ്. ചിത്രം വിദേശഭാഷകളിലും പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി ലോസ് ആഞ്ചലസ് ആസ്ഥാനമാക്കിയുള്ള പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
അതേസമയം ചിത്രത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ ട്രോളുകളാണ് ആദിപുരുഷിന് ലഭിച്ചത്. കൊച്ചു ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍. ടെമ്പിള്‍ റണ്‍ ഗെയിമിനോടും പ്ലാനറ്റ് ഓഫ് ഏപ്സ്, അവതാര്‍ എന്നീ ചിത്രങ്ങളോടുള്ള സാദൃശ്യവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ആദിപുരുഷിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍, അശ്വിന്‍ നാഗിന്റെ പ്രോജക്ട് കെ. എന്നിവയാണ് പ്രഭാസ് ഇനി അഭിനയിക്കാനിരിക്കുന്ന ചിത്രങ്ങള്‍. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും പ്രോജ്ക്ട് കെയില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Content Highlight: Prabhas said that Adipurush is a film made for family audience and children