ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായ നടനാണ് പ്രഭാസ്. തന്റെ കരിയറിലെ അഞ്ച് വര്‍ഷത്തോളം ഒരു സിനിമക്കായി മാറ്റിവെച്ച പ്രഭാസ് പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറി. തുടര്‍ച്ചയായി നാല് ചിത്രങ്ങള്‍ 100 കോടി ഓപ്പണിങ് നേടിയ ഒരേയൊരു നടന്‍ കൂടിയാണ് പ്രഭാസ്.
ബാഹുബലിക്ക് ശേഷം തുടര്‍ച്ചയായി പ്രഭാസിന്റെ മൂന്ന് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. വന്‍ ബജറ്റിലെത്തിയ രാധേ ശ്യാമും സാഹോയും വമ്പന്‍ പരാജയമായപ്പോള്‍ 700 കോടി ബജറ്റിലെത്തിയ ആദിപുരുഷ് ട്രോള്‍ മെറ്റീരിയലായി മാറി. പിന്നീട് വന്ന സലാര്‍ ശരാശരി വിജയമായപ്പോള്‍ കല്‍ക്കി 1000 കോടി നേടി പ്രഭാസിന്റെ തിരിച്ചുവരവ് രേഖപ്പെടുത്തി.
കല്‍ക്കിക്ക് ശേഷം പ്രഭാസിന്റേതായി തിയേറ്ററുകളിലെത്താന്‍ പോകുന്ന ചിത്രമാണ് രാജാസാബ്. ഏറെക്കാലത്തിന് ശേഷം റോം കോം ഴോണറിലേക്ക് പ്രഭാസ് തിരിച്ചെത്തുന്ന ചിത്രമാകും രാജാസാബെന്ന് തുടക്കത്തില്‍ റൂമറുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം ഹൊറര്‍ ഴോണറിലുള്ളതാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷം പകുതിയോടെ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
രാജാസാബിനൊപ്പം പ്രഭാസ് ഭാഗമാകുന്ന ചിത്രമാണ് ഫൗജി. സീതാരാമത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം 1970കളില്‍ നടക്കുന്ന പ്രണയകഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളുടെ ഷൂട്ടും ഒരേ സമയത്ത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. 400 കോടിയാണ് ഫൗജിയുടെ ബജറ്റ്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വലിയ ചര്‍ച്ചയായിരുന്നു.
പ്രഭാസ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്പിരിറ്റ്. അനിമലിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് പ്രഭാസ് വേഷമിടുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും പ്രഭാസിന്റെ ഒഴിവിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഷൂട്ട് ചെയ്യാന്‍ തയാറാണെന്നും സന്ദീപ് റെഡ്ഡി അടുത്തിടെ അറിയിച്ചിരുന്നു. കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്കും മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും സ്പിരിറ്റിന്റെ ഭാഗമാകുമെന്ന് കേട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ കല്‍ക്കിയുടെ രണ്ടാം ഭാഗം 2025 ഒടുവില്‍ മാത്രമേ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍ അറിയിച്ചിരുന്നു. സലാറിന്റെ രണ്ടാം ഭാഗം 2026 പകുതിയോടെയും ആരംഭിക്കും. ഒരുവര്‍ഷം തന്നെ മൂന്നും നാലും സിനിമകളുടെ ഭാഗമാകാന്‍ ശ്രമിക്കുന്ന പ്രഭാസിനെ അത്ഭുതത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
Content Highlight: Prabhas now being part of four films in same time