കൊവിഡ് വ്യാപനം: നഗരസഭയുടെ നിയന്ത്രണം ലംഘിച്ച് പോത്തീസ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു
Kerala News
കൊവിഡ് വ്യാപനം: നഗരസഭയുടെ നിയന്ത്രണം ലംഘിച്ച് പോത്തീസ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 04, 09:54 am
Tuesday, 4th August 2020, 3:24 pm

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയ തിരുവനന്തപുരത്തെ പ്രമുഖ ടെക്‌സ്റ്റൈല്‍സായ പോത്തീസ് തുറന്നു പ്രവര്‍ത്തിക്കുന്നു. നഗരത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

മുമ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തുറന്നുപ്രവര്‍ത്തിച്ചതിനാലാണ് ഈ സ്ഥാപനത്തിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കിയത്. ഇതുവരെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. എന്നാല്‍ കടയിലെ സാധനങ്ങള്‍ മാറാനാണ് അനുമതി നല്‍കിയതെന്ന് മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.

ജൂലൈ 20 നാണ് തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്സിന്റേയും ലൈസന്‍സ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ചതിനായിരുന്നു കോര്‍പ്പറേഷന്റെ നടപടി.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ രാമചന്ദ്രനും പോത്തീസും രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിച്ചതായും കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചില്ലെന്നും തിരുവനന്തപുരം മേയര്‍ പറഞ്ഞിരുന്നു.

ഇരുസ്ഥാപനങ്ങളിലേയും നൂറുകണക്കിന് ജീവനക്കാര്‍ രോഗബാധിതരായെന്നും മേയര്‍ അറിയിച്ചു. അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്സ്. തിരുവനന്തപുരം നഗരത്തിലെ എം.ജി റോഡിലാണ് പോത്തീസ് സൂപ്പര്‍ സ്റ്റോഴ്സ്.

കൊവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ കടയ്ക്ക് അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങള്‍ക്കുമെതിരെ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ