ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ ബാക്കി എന്തെന്ന് അപ്പോള്‍ പറയാം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.ആര്‍. അനില്‍
Kerala News
ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ ബാക്കി എന്തെന്ന് അപ്പോള്‍ പറയാം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.ആര്‍. അനില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th December 2021, 12:14 pm

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. പൊലീസ് ജാഗ്രതയോടെ നീങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം.

‘പോത്തന്‍കോട് ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് നടപടിയെടുക്കണം,’ മന്ത്രി പറഞ്ഞു.

പൊലീസ് ജാഗ്രതയോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായതിനെ വളരെ ഗുരുതരമായിട്ടാണ് കാണുന്നത്. ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ പിന്നീട് എന്തെന്ന് അപ്പോള്‍ പറയാമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.


‘പൊലീസിന് മേലുള്ള രാഷ്ട്രീയ മേല്‍നോട്ടത്തിന് കുറവില്ല. പല സംഭവങ്ങളും ഉണ്ടായി മിനുട്ടുകള്‍ക്കകം പ്രതികള്‍ അറസ്റ്റിലാകുന്നുണ്ട്,’ മന്ത്രി പറഞ്ഞു.

പൊലീസ് ഗൗരവമായി നീങ്ങാന്‍ പൊളിറ്റിക്കല്‍ ലീഡര്‍ഷിപ്പ് ഇടപെടുന്നതിന്റെ ലക്ഷണമാണ് അതെന്നും മന്ത്രി പറഞ്ഞു. പോത്തന്‍കോട് ഗുണ്ടാ ആക്രമണത്തിന് ഇരയായവരെ നേരില്‍ കാണുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം പോത്തന്‍കോട് വെഞ്ഞാറമൂട് സ്വദേശിക്കും മകള്‍ക്കും നേരെയാണ് കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

നിരവധി കേസുകളിലെ പ്രതിയും, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുകളുപൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറുപവന്റെ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്.

നടുറോട്ടില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു സംഭവം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pothankode Goonda attack GR Anil criticise Police