ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്ക് സോഷ്യല്‍ മീഡികളിലും മറ്റും ചര്‍ച്ചയായിരിക്കുകയാണ്. ആഗസ്റ്റ് ഒന്നുമുതല്‍ പല പ്രമുഖ പോണ്‍ സൈറ്റുകളും ലഭ്യമല്ലാതായത്. അശ്ലീല സെറ്റുകള്‍ നിരോധിച്ചതു കൊണ്ട് പ്രശ്‌നങ്ങള്‍ തീരുമോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. ഇതേക്കുറിച്ച് അഭിപ്രായ പ്രകടനങ്ങളുമായി ബോളിവുഡിലെ പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു.
താലിബാനും ഇസിസും സ്വാതന്ത്ര്യത്തിനു മേല്‍ നടത്തുന്ന കടന്നുകയറ്റം പോലെ തന്നെയാണ് അശ്ലീല സൈറ്റുകള്‍ കാണുന്നവരോട് അതു കാണേണ്ടെന്നു പറയുന്നതെന്നാണ് ബോളിവുഡ് ഫിലിംമേക്കര്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.
ട്വിറ്ററിലൂടെയാണ് ആര്‍.ജി.വിയുടെ അഭിപ്രായ പ്രകടനം. “അശ്ലീല സൈറ്റുകള്‍ക്കുള്ള സ്വീകാര്യത പരിഗണിക്കുമ്പോള്‍ അതാര് നിരോധിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ പുറത്താക്കപ്പെടും. പോണ്‍ സൈറ്റുകളെ ബ്ലോക്കു ചെയ്യാതെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.” അദ്ദേഹം പറയുന്നു.
“പോണ്‍ കണ്ട് ദിര്‍ദോഷ ആനന്ദം ആസ്വദിക്കുന്നവര്‍ക്ക് അതിനുള്ള സാഹചര്യം നിഷേധിക്കുന്നതിലൂടെ താലിബാനും ഇസിസും സ്വാതന്ത്ര്യത്തോട് കാട്ടുന്നതിനു തന്നെയാണ് സര്‍ക്കാരും ചെയ്തിരിക്കുന്നത്. കാണാന്‍ പാടില്ലാത്തവരും കാണുന്നുണ്ടാവും എന്നു പറഞ്ഞ് പോണ്‍ നിരോധിക്കുന്നത് റോഡ് അപകടം തടയാന്‍ ഗതാഗതം നിര്‍ത്തുകയെന്നതു പോലെയാണ്.” അദ്ദേഹം പറഞ്ഞു.
നിരോധനത്തെ വിമര്‍ശിച്ച് സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയും രംഗത്തെത്തിയിട്ടുണ്ട്.
“എനിക്ക് അത്ഭുതമൊന്നുമില്ല. പാര്‍ലമെന്റില്‍ പോണ്‍ കണ്ടതിനു പിടിക്കപ്പെട്ട എം.പിമാരുള്ള അതേ പാര്‍ട്ടിതന്നെയാണിത് നിരോധിച്ചത് എന്നതാണ് വിരോധാഭാസം. ” അദ്ദേഹം പറഞ്ഞു.
ഉദയ് ചോപ്രയും അഭിപ്രായ പ്രകടനവുമായി രംഗത്തുണ്ട്. “അപ്പോള്‍ ഇന്ത്യ പോണ്‍ നിരോധിച്ചു. ഈ തീരുമാനം ലൈംഗിക അതിക്രമക്കേസുകള്‍ വര്‍ധിപ്പിക്കുമോ കുറയ്ക്കുമോ. ഞാന്‍ അത്ഭുതപ്പെടുന്നു.” എന്നാണ് അദ്ദേഹം ട്വീറ്റു ചെയ്തത്.