തൃശൂര്‍ ഡ്രാമ സ്‌കൂളിലും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആക്ടിങ് സ്‌കൂളിലും അഭിനയത്തില്‍ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൂജ മോഹന്‍രാജ്. മമ്മൂട്ടിയുടെ കാതലില്‍ തങ്കന്റെ സഹോദരിയുടെ കഥാപാത്രമായും ജോജു ജോര്‍ജ് നായകനായ ഇരട്ടയിലെ പൊലീസ് കഥാപാത്രമായുമൊക്കെ പൂജ എത്തിയിരുന്നു.
കാതലിനും ഇരട്ടക്കും പുറമെ കോള്‍ഡ് കേസ്, മഞ്ഞുമ്മല്‍ ബോയ്സ്, രോമാഞ്ചം, നീലവെളിച്ചം, പുരുഷ പ്രേതം തുടങ്ങിയ സിനിമകളുടെയൊക്കെ ഭാഗമാവാന്‍ പൂജക്ക് സാധിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആവേശമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
താന്‍ പോത്തിനെ പോലെയുണ്ടെന്ന കമന്റുകള്‍ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് പൂജ മോഹന്‍രാജ്. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. കുറേയാളുകള്‍ തനിക്ക് തടിയുള്ളതാണ് നല്ലതെന്നും അതാണ് ഭംഗിയെന്നും പറയാറുണ്ടെന്നും പക്ഷെ ഒരു ആക്ടറെന്ന നിലയില്‍ താന്‍ അത് ശ്രദ്ധിക്കാറില്ലെന്നും പൂജ പറഞ്ഞു.
‘ഞാന്‍ കഴിഞ്ഞ ഒമ്പത് മാസം കൊണ്ട് പത്ത് കിലോ കൂടി. ആ സമയത്ത് ഒരു കഥാപാത്രത്തിന് വേണ്ടി വര്‍ക്ക് ചെയ്യുകയായിരുന്നു. അതേസമയം ഞാന്‍ ഹിന്ദി വെബ് സീരീസില്‍ അഭിനയിക്കുകയുമായിരുന്നു. സീരീസെന്ന് പറയുമ്പോള്‍ കുറേ സമയമെടുത്ത് ചെയ്യേണ്ടതാണ്.
ഞാന്‍ അതില്‍ കുറച്ചുകൂടെ വലിയ സ്ത്രീയായിട്ടാണ് അഭിനയിക്കേണ്ടത്. പിന്നെ കുറേ ആക്ഷനുമുണ്ടായിരുന്നു. അതുകൊണ്ട് ഒരേസമയം ജിമ്മിലും പോകണമായിരുന്നു, തടി കുറയാനും പാടില്ലായിരുന്നു. ആ സമയത്ത് ആളുകളൊക്കെ എന്തിനാണ് നീ ജിമ്മില്‍ പോകുന്നത്, തടിക്കാനാണോയെന്ന് ചോദിച്ചിരുന്നു. എന്തെങ്കിലും അസുഖമുണ്ടോയെന്നൊക്കെ ചോദിച്ചു.
കുറേയാളുകള്‍ തനിക്ക് തടിയുള്ളതാണ് നല്ലത്, അതാണ് ഭംഗിയെന്ന് പറയാറുണ്ട്. പക്ഷെ ഒരു ആക്ടറെന്ന നിലയില്‍ ഞാന്‍ അത് ശ്രദ്ധിക്കാറില്ല. പോത്തിനെ പോലെയുണ്ടെന്ന കമന്റുകള്‍ കണ്ടിട്ടുണ്ട്. എന്റെ മനസില്‍ ആ കഥാപാത്രത്തിന്റെ റഫറന്‍സ് ഞാന്‍ ഒരു പോത്തിനെ പോലെ വേണമെന്ന് തന്നെയായിരുന്നു. അപ്പോള്‍ ആ കമന്റ് കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സന്തോഷമാണ് തോന്നിയത്,’ പൂജ മോഹന്‍രാജ് പറഞ്ഞു.
View this post on Instagram
Content Highlight: Pooja Mohanraj Talks About Comments