സമകാലിക രാഷ്ട്രീയത്തിലെ ഒരു ‘പ്രശ്‌നബാധിത’ പ്രദേശമാണ് ഇന്ന് പൊന്നാനി. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ രണ്ടു താവഴികള്‍ തമ്മിലുള്ള പോരാണ് പൊന്നാനിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നിട്ട ഒന്നര നൂറ്റാണ്ടിനിടയില്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള പൊന്നാനി ഉള്‍പ്പെട്ട തെക്കേ മലബാര്‍ ഒരു ‘പ്രശ്‌നബാധിത’ പ്രദേശമായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് എന്നും തലവേദനയായിരുന്നത് ഈ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ നടന്ന മാപ്പിള കര്‍ഷകരുടെ അക്രമാസക്തമായ പ്രതിഷേധങ്ങളായിരുന്നു. അക്കാലത്തെ ചെറുചെറു കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൊട്ടിക്കലാശമായിരുന്നു 1921 – ലെ മലബാര്‍ കലാപം.
ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ – ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഫലമായിരുന്നു ജനങ്ങളുടെ ആ പൊട്ടിത്തെറി. ബ്രിട്ടീഷ് അടിച്ചമര്‍ത്തലുകളുടെയും പ്രതികാരങ്ങളുടെയും ശിക്ഷണ നടപടികളുടെയും വാഗണ്‍ ട്രാജഡിയുടെയും മറ്റ് ഭരണകൂട ക്രൂരതകളുടെയും കാലമായി തുടര്‍ന്നുളള കുറച്ചുനാളുകള്‍.
സാമൂഹ്യ – രാഷ്ട്രീയ ജീവിതത്തിലെന്നപോലെ ചരിത്രം അടക്കമുള്ള വിജ്ഞാന മേഖലകളിലും ‘ മലബാര്‍ കലാപം’ ഒരു പ്രശ്‌ന – തര്‍ക്ക വിഷയമായി. കലാപത്തിന്റെ സ്വഭാവത്തെ ചൊല്ലിയായിരുന്നു തര്‍ക്കങ്ങള്‍. വര്‍ഗീയ കലാപമാണെന്ന് ഒരു കൂട്ടര്‍. കര്‍ഷക കലാപമാണെന്ന് വേറൊരു കൂട്ടര്‍. കലാപത്തില്‍ പങ്കാളികളായ മാപ്പിള കര്‍ഷകരുടെ മതബോധമടക്കം സംഭവത്തില്‍ ഉള്‍ച്ചേര്‍ന്ന സങ്കീര്‍ണ്ണമായ പ്രവണതകളും അടിയൊഴുക്കുകളും പരിശോധിക്കുന്ന കൂടുതല്‍ മികച്ച വിശകലനങ്ങളും അനുഭവസാക്ഷ്യങ്ങളും പിന്നീടുണ്ടായി.
മലബാര്‍ കലാപം ഒരേസമയം ഒരു ആഹ്വാനവും താക്കീതുമാകുന്നതെങ്ങനെയെന്ന് ഇ.എം.എസ്.വിശദീകരിച്ചു. എന്നാല്‍, ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിന് ഈ ആഹ്വാനവും താക്കീതും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഏറനാട്ടിലെ മാപ്പിള കൃഷിക്കാരുടെ സാമ്രാജ്യത്വ വിരുദ്ധ ബോധത്തെയും ഉള്ളടക്കത്തെയും കോണ്‍ഗ്രസ്സ് നേതൃത്വം വിലകുറച്ചു കണ്ടു. അവരുടെ ‘അഹിംസാപരമായ കീഴടങ്ങലിന്റെ കല’ ഖിലാഫത്ത്- നിസഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചക്കും ഒരു ജനതയുടെ വലിയ തോതിലുള്ള ഒറ്റപ്പെടലിനും ദേശീയ പ്രസ്ഥാനത്തോടുള്ള സംശയദൃഷ്ടിക്കും കാരണമായി.
മുസ്‌ലിം ലീഗിന്റെ വരവ് ഇത് പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ക്കും ചേരിപ്പോരുകള്‍ക്കും വഴിതുറന്നു. മുസ്‌ലിം സമുദായത്തില്‍ പുതുലോകത്തിന്റെ ആശയങ്ങളും ദേശീയ ബോധവും പരത്തിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും അദ്ദേഹത്തിന്റെ പത്രം ‘അല്‍ അമീനും’ ഒരു വശത്തും, ചാലപ്പുറം കോണ്‍ഗ്രസും ‘മാതൃഭൂമി’ പത്രവും മറുവശത്തും നിന്നായിരുന്നു ഈ ചേരിപ്പോര്.
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്
‘ഖദര്‍ കുപ്പായമിട്ട സമുദായവാദി’യാണ് അബ്ദുറഹ്മാന്‍ സാഹിബെന്ന് കെ.കേളപ്പന്‍. ‘നായരെന്ന പേര് എടുത്തുകളഞ്ഞ സമുദായവാദിയായ നായരാണ് കേളപ്പന്‍’ എന്ന് അബ്ദുറഹ്മാന്‍ സാഹിബ്. പോര് മുറുകുന്നതിനിടയില്‍ മലബാര്‍ കലാപത്താല്‍ വിളളല്‍ വീണ ഹിന്ദു – മുസ്‌ലിം ഐക്യം ശക്തിപ്പെടുത്തുന്നതില്‍ ഇരു ചേരിയും പരാജയപ്പെട്ടു. ഫലം സമുദായരാഷ്ട്രീയത്തിന്റെ അരങ്ങേറ്റമായിരുന്നു.
1937 – ഓടെ ഈ പ്രദേശത്ത് പടിപടിയായി സ്വാധീനം ചെലുത്തി തുടങ്ങിയ, സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്‍പുള്ള അഖിലേന്ത്യാ ലീഗിന്റെയും സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെയും കയറ്റിറക്കങ്ങളുടെ കഥ മലബാറിന്റെ രാഷ്ട്രീയ ചരിത്രവുമായി ഇഴചേര്‍ന്നു കിടക്കുന്നു.
കെ. കേളപ്പന്‍
ഇന്ത്യാ വിഭജനത്തിന്റെ പാപഭാരവും സാമുദായിക – വര്‍ഗീയ മുദ്രയും പേറി ഇതര പാര്‍ട്ടികളാല്‍ തൊട്ടും തൊടാതെയും ലീഗ് കഴിഞ്ഞു. അന്‍പതുകളില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ‘ചത്ത കുതിര’യെന്ന പരിഹാസവും കേട്ട്, അധികാരത്തിന്റെ പിന്നാമ്പുറത്ത് സ്പീക്കര്‍ കസേരയും ഭേസി നടന്ന അപമാനവും ലീഗ് സഹിച്ചു. പിന്നീട് അറുപതുകളുടെ മദ്ധ്യത്തോടെ, ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പിന്നീട് കോണ്‍ഗ്രസ്സിന്റെയും അധികാര രാഷ്ട്രീയത്തിലെ നിത്യപങ്കാളിയായി ലീഗ് മാറി, ഒന്നായപ്പോഴും രണ്ടായി പിളര്‍ന്നപ്പോഴും.
എങ്കിലും മുസ്‌ലിം സമുദായത്തിന്റെ ദേശീയ ബോധവും രാജ്യസ്‌നേഹവും കൂറും ഇടയ്ക്കിടെ വിചാരണ ചെയ്യപ്പെട്ടു. മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടതോടെ, ഹിന്ദുത്വവാദികളാല്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ‘കുട്ടിപാകിസ്ഥാനുകള്‍’ എന്ന് അപഹസിക്കപ്പെട്ടു. ഇതൊന്നും കര്‍ഷക തൊഴിലാളികളും കര്‍ഷകരും ബീഡിത്തൊഴിലാളികളും കച്ചവടക്കാരും ധനികകര്‍ഷകരും മറ്റും മറ്റുമായ മാപ്പിളമാരെ ഏറെയൊന്നും അലോസരപ്പെടുത്തിയതേയില്ല.
അവര്‍ നാട്ടിലും പുറത്തും വിയര്‍പ്പൊഴുക്കി. മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ കര്‍ക്കശക്കാരായിരിക്കുമ്പോഴും മാനവികതയുടെ ഉദാരമായ തുറസ്സുകള്‍ തീര്‍ത്തു. ആഘോഷങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും തദ്ദേശീയ മുദ്രകള്‍ പതിഞ്ഞ ഈ ജനത മറ്റുള്ളവരെ സ ല്‍ക്കരിച്ചും വിരുന്നൂട്ടിയും ആഘോഷിച്ചും ആഹ്ലാദിച്ചും ജീവിച്ചുപോന്നു.
മതാതീതമായ ഒരുമയുടെയും മാനവികതയുടെയും വിശാലതകളിലേക്ക് ഈ സമുദായം സ്വാഭാവികമായി വളരുകയായിരുന്നില്ല. മറിച്ച് ജന്മിത്തത്തിന്റെയും സമുദായത്തിലെ പൗരോഹിത്യത്തിന്റെയും യാഥാസ്ഥിതിക മനോഗതിക്കെതിരെ ദുരിത പാതകള്‍ ഏറെ താണ്ടിയാണ് മുസ്‌ലിം സമുദായവും ഈ വിഹായസ്സുകള്‍ സൃഷ്ടിച്ചത്. അതായത് കേരളത്തിലെ ഇതര സമുദായങ്ങളിലും ജാതികളിലും നടന്ന ‘മനുഷ്യവത്കരണ’യത്‌നങ്ങള്‍ മുസ്‌ലിംങ്ങള്‍ക്കിടയിലും നടന്നിരുന്നുവെന്ന് അര്‍ത്ഥം. ഇതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു.
നാടകങ്ങളിലെ സമുദായ വിമര്‍ശനം
മുസ്‌ലിം സമുദായത്തിലെയും സമ്പന്ന പൗരോഹിത്യ – യാഥാസ്ഥിതിക കൂട്ടുകെട്ട് കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചത് ബീഡിപ്പിള്ളേരുടെയും അങ്ങാടിപ്പിള്ളേരുടെയും നേതാക്കളെന്നാണ്. പൊന്നാനിയിലെ മീന്‍കച്ചവടക്കാരെയും ബീഡിക്കാരെയും സംഘടിപ്പിക്കാന്‍ കെ.ദാമോദരനും സി കണ്ണനും എത്തി. കൂടെ പൊന്നാനിക്കാരുടെ സുല്‍ത്താന്‍ ഇമ്പിച്ചിബാവയും. വള്ളുവനാട്ടിലെയും ഏറനാട്ടിലെയും കര്‍ഷകരെ സംഘടിപ്പിക്കാന്‍ ഇ.പി.ഗോപാലനും പി.വി.കുഞ്ഞുണ്ണി നായരും സഖാക്കളും വിയര്‍പ്പൊഴുക്കി. നിലമ്പൂരിലെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ സാധു പി.അഹമ്മദ് കുട്ടിയും കുഞ്ഞാലിയും കൂട്ടുകാരും.
കെ. ദാമോദരന്‍
സമുദായ ജീവിതത്തില്‍ ആനന്ദത്തിന്റെയും തിരിച്ചറിവിന്റെയും വേളകള്‍ നല്‍കി നാടകങ്ങളും പാട്ടും ആവിഷ്‌ക്കരിക്കപ്പെട്ടു. ബീഡിത്തൊഴിലാളിയായിരുന്ന ഇ.കെ.അയമുവും തപാല്‍ ജീവനക്കാരനായിരുന്ന കെ.ടി.മുഹമ്മദും നാടകവും പാട്ടും എഴുതി. ഒപ്പം ചെറുകാടും, ഖദറിന്റെ ഗാന്ധിയന്‍ വിശുദ്ധിയുമായി ജീവിച്ച പൊന്നാനിക്കാരന്‍ വക്കീല്‍ ഗുമസ്തന്‍ ഇടശ്ശേരിയും ഉറൂബും മാപ്പിളമാരുടെ മനസ്സിന്റെ നേരും നെറിയും കഥയായും നാടകമായും ആവിഷ്‌കരിച്ചു. തലയും മുഖവും മൂടി പുറംലോകത്തിന്റെ കാഴ്ചകളി നിന്നും അകറ്റി നിര്‍ത്തപ്പെട്ടിരുന്ന, നിലമ്പൂര്‍ ആയിഷയെന്ന പെണ്ണൊരുവള്‍, നാടകം കളിക്കാന്‍ ഒരുമ്പെട്ടിറങ്ങി. ജീവന്‍ പണയം വച്ചായിരുന്നു നാടകം കളി.
ഇമ്പിച്ചിബാവ
‘എടാ, അന്നോട് ഞാന്‍ വര്‍ത്തമാനം പറയാന്‍ കുത്തിരിന്നല്ലോ. അതിന്റെ പിരാന്താണ് കൂട്ടിക്കോ. ഇജ്ജ് ഈ പറീണ ഞായൊന്നും ഈ ദുന്യാവില് വരണ കാര്യല്ല. ഇങ്ങടെ ഈ കമ്മ്യൂണിഷ്ടാരെ ഞായൊന്നും ഞമ്മള് ഇസ്‌ലാമിങ്ങക്ക് പറ്റൂലെടാ’ (പുറം 98, ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്, ഇ.കെ.അയമു) എന്ന് പറഞ്ഞ ഹാജ്യാരും ‘പട്ടിണിം ബുദ്ധിമുട്ടും തൊഴിലില്ലായ്മയും ഒന്നുമല്ല പ്രശ്‌നം കമ്മ്യൂണിസമാണ്’ എന്ന് പറഞ്ഞ മൗലവിയും അക്കാലത്തെയും ഇക്കാലത്തെയും മുസ്‌ലിം യാഥാസ്ഥിതികതയുടെ പ്രതിനിധികള്‍ തന്നെ.
ജന്മിയായ ഹാജ്യാര്‍ കൃഷിഭൂമിയില്‍ നിന്നും കുടിയിറക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘രണ്ടു കണ്ടം ഭൂമിയല്ല പ്രശ്‌നം. വിശാലമായ സ്വര്‍ഗം നമ്മളെ കാത്തിരിക്കയാണ്. എന്നായിരുന്നു മൗലവിയുടെ ഉപദേശം. ‘ആലിക്കുട്ടി. ഈ ലോകത്തിലെ ജീവിതം പരലോകത്തിലേക്കുള്ള ഒരു വഴിയാത്രയാണ്. വെറും നാലു നാളുകളല്ലേ ഈ ലോകത്തില്‍ നമുക്കുള്ളു. ഇവിടെയെന്തിന് ഈ ചില്ലറകാര്യങ്ങള്‍ക്കുവേണ്ടി നാം ലഹളകൂടണം. നമുക്ക് ശാശ്വതമായ സ്വപ്‌നമില്ലേ’ (ജ്ജ് നല്ല മന്‌സനാകാന്‍ നോക്ക്) എന്ന് ഉപദേശിച്ച പൗരോഹിത്യത്തെ ‘ഇത് ഭൂമിയാണ്’ എന്ന് ഉറക്കെയുറക്കെ ഓര്‍മ്മിപ്പിക്കുകയായിരുന്നു കെ.ടി.മുഹമ്മദ്.
കെ.ടി.മുഹമ്മദ്
‘പണ്ട് ആ ബള്ളക്കാരന്‍ ബരിച്ചിന കാലത്ത് എന്തൊരു സൊകൈനി’ എന്ന് മതിമറന്നു സുന്നി – വഹാബി തര്‍ക്കം കളിച്ചും, ‘നമ്മള്‍ മുസ്‌ലിംങ്ങള്‍ ഈ നാട്ടില്‍ നിന്നും പാകിസ്ഥാനില്‍ പോണം എന്നു പറയുന്ന ആര്‍.എസ്.എസ് സംഘക്കാരനായ’ നമ്പീശനെന്ന ജന്മിയുമായി കൂട്ടുകൂടിയും ‘കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കാന്‍ അമേരിക്കക്കാരോട് പഠിക്കണം’ എന്ന് ആവേശം കൊണ്ടും കഴിയുന്ന മുസ്‌ലിം സമുദായത്തിലെ ജന്മി – യാഥാസ്ഥിതിക – പൗരോഹിത്യകൂട്ടിനോട്, ‘ഓന്റെ തൊപ്പിം ഓന്റെ താടിം. ഒരു മൗലവി ആകണീന്റെ മുമ്പേ ജ്ജ് നല്ലൊരു മന്‌സനാകാന്‍ നോക്ക് ‘ എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാരുടെ ആഹ്വാനം.
ജീവിതമെന്ന കൂട്ടുകൃഷിക്കളം
കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ ഹിന്ദു – മുസ്ലിം വര്‍ഗീയതയും ജന്മിത്വവും കൂട്ടുകൂടുന്നതിന്റെ ഈ ചിത്രം ഇ.കെ.അയമു നാടകത്തില്‍ വരഞ്ഞിട്ടത് അരനൂറ്റാണ്ടിനു മുന്‍പാണ്. സാമുദായിക വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തൊഴുത്തില്‍കുത്തും കമ്മ്യൂണിസ്റ്റുകാരുടെ കാര്യം വരുമ്പോള്‍ അപ്രധാനമായി തീരുമെന്ന രാഷ്ട്രീയമായ തിരിച്ചറിവ് ഇ.കെ.അയമുവെന്ന ബീഡിത്തൊഴിലാളിക്ക് 1945ല്‍ തന്നെ ഉണ്ടായിരുന്നു.
‘മനുസനെ തൊട്ട് ഇത്തരേം കൂറും ക്രിബീം’ (മനുഷ്യന്റെ കാര്യത്തി കൂറും കൃപയും) കാട്ടിയാണ് ഇമ്പിച്ചിബാവയെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ സമുദായത്തിന്റെ ഹൃദയത്തെ സ്പര്‍ശിച്ചത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിലെ ഒത്തുതീര്‍പ്പുകളുടെ എളുപ്പവഴികളിലൂടെയല്ല.
ഇ.കെ.അയമു
മറ്റൊരു നാടകം ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’യാണ്. ഇപ്പോള്‍ ‘പ്രശ്‌നബാധിത’മായ പൊന്നാനിയിലെ കൃഷ്ണപണിക്കര്‍ സ്മാരകവായനശാലയുടെ വാര്‍ഷികത്തില്‍ അരങ്ങേറാന്‍ 1949 – ല്‍ ഇടശ്ശേരി എഴുതിയ നാടകം. മനുഷ്യ സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും കൂട്ടുകൃഷിക്കളങ്ങളില്‍ വിഷവിത്ത് വിതയ്ക്കുന്നവരെ ആറുപതിറ്റാണ്ടു മുന്നേ ഇടശ്ശേരി കണ്ടു.
‘നമ്മളും അവറ്റയും തമ്മില്‍ ചേരില്ല. ഒരു കാലത്തും ചേരില്ല’ എന്ന് തറപ്പിച്ചു പറയുന്ന അനിയന്‍ സുകുമാരനോട് നാടകത്തിലെ മുഖ്യ കഥാപാത്രമായ ശ്രീധരന്‍നായര്‍ ചോദിച്ചത് ” ‘നീയെന്താ ആര്‍.എസ്.എസാ? എന്നാണ്. തുടര്‍ന്ന് ശ്രീധരന്‍നായര്‍ പറഞ്ഞത്. ‘മാപ്പിളയും ഹിന്ദുവും എന്നതല്ല പ്രശ്‌നം. കൃഷിക്കാരനും കൃഷിക്കാരനും തമ്മില്‍ എപ്പോഴും ചേരും. എതൃകക്ഷി ജന്മ്യാണ്’ എന്നായിരുന്നു. ശ്രീധരന്‍ നായരുടെ മറ്റൊരു പ്രഖ്യാപനം, ‘ ഒരു കണ്ടത്തിലിറങ്ങി കൃഷി ചെയ്യാമെങ്കില്‍ ഒരു മേല്‍പ്പുരയ്ക്കുള്ളില്‍ ഒന്നിച്ച് താമസിക്കുകയും ചെയ്യാം’ എന്നാണ്.
‘ഈ ഹിന്ദുക്കള്ണ്ടല്ലോ ഇങ്ങനെ തന്നെയാ. ഇസ്‌ലാമിനെ പറ്റിക്കാ. നമ്മള് നയിക്ക, അബര് തിന്ന’. എന്നുപറയുന്ന പുതുമടിശീലക്കാരനായ പോക്കറിന്റെയും ‘നിര്‍ത്തൂ സാര്‍, അവിശ്വാസിക്ക് ഭയമുണ്ടാകും. മുസ്‌ലിമിന് ഭയമില്ല. ഭയം മരണമാണ്. ഒരു മുസ്‌ലിം ഒരിക്കലേ മരിക്കൂ’ എന്ന് പറയുന്ന ബാപ്പുവിന്റെയും പിന്‍ഗാമികള്‍, ഇപ്പോള്‍ ഉടുപ്പിലും നടപ്പിലും ഭാഷയിലും പരിഷ്‌കാരത്തിന്റെ തൊങ്ങലുകള്‍ ചാര്‍ത്തി വിമോചക നാട്യവുമായി നമുക്കിടയില്‍ മാരകായുധങ്ങളുമായി ഒളിവും മറയുമില്ലാതെ നടക്കുന്നുണ്ട്.
‘ജന്മിയെയും കുടിയാനെയും നമ്മള് നാടു കടത്തീലൊ. ഇവിടെ ഇപ്പോള്‍ മനുഷ്യന്മാരല്ലേ ഉള്ളൂ.’ എന്നും ‘ഈശ്വരാ, അങ്ങയുടെ ഉദയം ഞങ്ങളിട്ടിരുന്ന എടവരമ്പൊക്കെ ഞങ്ങള്‍ തന്നെ കൊത്തിയിട്ടു. ആ വരമ്പുകളാണ് കണ്ടത്തി നീരൊഴുക്കില്ലാതാക്കിയത്. ഞങ്ങള്‍ക്കിന്നത് മനസ്സിലായി’ എന്നും ഉള്ള മാനവികമായ തിരിച്ചറിവുകള്‍ ‘അന്‍പതുകളില്‍ തന്നെ ഏറനാട്ടില്‍ പരന്നിരുന്നു.
‘കൂട്ടുകൃഷിയില്‍ മന:പരിവര്‍ത്തനം വന്ന് മനുഷ്യനായ ബാപ്പു, ‘ ശ്രീധരന്‍നായരേ, നിങ്ങള്‍ മതത്തിന്റെ എടവരമ്പും കൊത്തി. നന്നായി കൊറച്ചൊക്കെ നീരൊഴുക്ക് അവിടെയും ഉണ്ടാവും’ എന്ന് പറയുമ്പോള്‍ ശ്രീധരന്‍നായരുടെ മറുപടി ഇങ്ങനെ:’ ബാപ്പു. ആ കാര്യത്തി നമ്മള്‍ വിജയിച്ചുകഴിഞ്ഞിട്ടില്ല. ഈശ്വരന്‍ നമ്മളെ അവിടെയും തുണക്കട്ടെ. മതപരമായ വിജ്ഞാനത്തിലും നടപ്പിലും നമ്മള്‍ക്ക് കൂട്ടുകൃഷി വേണം. പക്ഷേ, നിലം പാകപ്പെട്ടിട്ടില്ല.” കൃഷിക്കാരന്‍ എറങ്ങിയാ ആ നിലവും പാകപ്പെടും’ എന്നായിരുന്നു ഇടശ്ശേരിയുടെയും ആ കാലഘട്ടത്തിന്റെയും ഒരു ജനതയുടെയും പ്രതീക്ഷയും സ്വപ്‌നവും.
ചെങ്കൊടിക്കുകീഴില്‍ അണിനിരന്നവര്‍ കൃഷിക്കാരെ കൃഷിഭൂമിയില്‍ നിന്നൊഴിപ്പിച്ച് വഴിയാധാരമാക്കാന്‍ ജന്മിയായ നമ്പൂതിരിപ്പാട്
ശ്രമിക്കുമ്പോള്‍ തടയാനുള്ള വഴി ആലോചിക്കാനുള്ള കര്‍ഷസംഘം മീറ്റിങ്ങാണ് വെള്ളിയാഴ്ച പള്ളിയില്‍ നിന്ന് പിരിഞ്ഞിട്ട് ചേരാമെന്നുവയ്ക്കുന്നത്. ഇത് കമ്മ്യൂണിസ്റ്റുകാരനായ ചെറുകാടിന്റെ വ്യാമോഹമായിരുന്നില്ല. മറിച്ച് അക്കാലത്തെ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യമായിരുന്നു.
ജന്മിയുടെ ഗുണ്ടകളും കാര്യസ്ഥന്മാരും പങ്ങന്‍നായരെ കുടിയൊഴിപ്പിക്കാന്‍ എത്തിയപ്പോള്‍ അവരെ തടുക്കാന്‍ വന്നത് അവറാനും കര്‍ഷകസംഘവുമായിരുന്നു. അവറാനും പങ്ങന്‍നായരും മുഹമ്മദും ശങ്കുണ്ണിയും കാളിയമ്മയും നമ്മളൊന്നാണെന്ന് തിരിച്ചറിയുന്നത് ചെങ്കൊടി നാട്ടിയ വയ ക്കണ്ടത്തി നിന്നാണ്. അവരൊന്നിച്ച് പാടിയത്.
‘ഇച്ചെങ്കൊടിക്കുകീഴിലണി ചേരുക
വിപ്ലവത്താ പാര്‍ത്തലത്തെ വെല്ലുമി
ചെങ്കോടിക്കു കീഴിലണിചേരുക’ എന്നായിരുന്നു.
കേരളീയരുടെ മനസ്സില്‍ വിടര്‍ന്ന മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍പ്പോലും കൂട്ടുകൃഷി ഭാവനയില്‍കണ്ട, ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ സര്‍വരും ഒരു മേല്‍പ്പുരയ്ക്കു കീഴില്‍ ഒരുമയോടെ പാര്‍ക്കുന്ന ഭാവി സമൂഹ സ്വപ്‌നത്തിന്റെ സാമൂഹിക – രാഷ്ട്രീയ – സാംസ്‌കാരിക മാനങ്ങളുള്ള ചുരുക്കപ്പേരാണ് കേരളീയ നവോത്ഥാനം.
കൂട്ടുകൃഷിയിടങ്ങളില്‍ നമ്മളൊന്നാണെന്ന് തിരിച്ചറിയുന്ന ശ്രീധരനും ബാപ്പുവും അവറാനും വേലുവും മുഹമ്മദും എല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ജനാധിപത്യ – മതേതര കേരളത്തെക്കുറിച്ചുള്ള ഈ സ്വപ്‌നത്തിന് നിറം പകരുകയായിരുന്നു കേരളീയ നവോത്ഥാനം. കേരളീയ നവോത്ഥാനത്തിന് വേണ്ടവിധം പാകപ്പെടുത്താനാവാതെ പോയ ജീവിത നിലങ്ങളെ ഉഴുതുമറിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രദൗത്യം.
സമകാലിക കേരളീയ ജീവിതം അപമാനവീകരണത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ആണ്ടുപോകുന്നുവെന്നാണ് ഇടതുപക്ഷ – പുരോഗമന വാദികള്‍ പൊതുവായി പങ്കുവയ്ക്കുന്ന ഒരു ഉല്‍ക്കണ്ഠ. ഇതില്‍ നിന്നുള്ള വഴിമാറ്റത്തെക്കുറിച്ചുള്ള ആലോചനകള്‍ ചെന്നെത്തുക നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പെന്ന പോംവഴിയിലേക്കും. മാറുന്ന കാലത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് നവോത്ഥാന മൂല്യങ്ങളെ വികസിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് നമ്മുടെ ചരിത്രകാരന്മാരും സാംസ്‌കാരിക വിമര്‍ശകരും സാമൂഹ്യശാസ്ത്രകാരന്‍മാരും നിരന്തരം വിരല്‍ ചൂണ്ടുന്നത്.
കാന്തപുരത്തിനും അബ്ദുല്‍ നാസര്‍ മഅ്ദനിയ്ക്കും എന്‍.ഡി.എഫ് – പോപ്പുലര്‍ ഫ്രണ്ടിനും ഇടയില്‍ പൊന്നാനിയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം താല്‍ക്കാലിക നേട്ടത്തിനുള്ള അത്താണികള്‍ തേടി അലയുമ്പോള്‍ ഈ നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പ് എങ്ങനെ സാധ്യമാവും? ആര് നിര്‍വഹിക്കും ഈ ചരിത്രദൗത്യം? മനുഷ്യനെ സൃഷ്ടിച്ച പ്രസ്ഥാനം തെരഞ്ഞെടുപ്പില്‍ മാപ്പിളയെ അതും തനിയാഥാസ്ഥികരായ രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രതിനിധികളെ തേടി നടക്കുകയെന്ന വിപര്യയത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.
സമകാലികാനുഭവങ്ങളെ വീണ്ടും വീണ്ടും ചരിത്രവല്‍ക്കരിക്കുകയാണ് കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയ ദൗത്യമെന്നാണ് പൊതുവെ പറയാറുള്ളത്. ഇത് ചരിത്രത്തിന്റെ ഊര്‍ജ്ജ വേഗങ്ങളെ കൈയെത്തിപ്പിടിക്കാന്‍ പ്രസ്ഥാനത്തെ പ്രാപ്തമാക്കുന്നു. അതില്ലാതായാല്‍ സമകാലിക ജീവിതത്തിന്റെ വിധിനിര്‍ണ്ണായകമായ നാല്‍ക്കവലകളില്‍ പ്രസ്ഥാനം ഒരു നോക്കുകുത്തികണക്കെ പരിഹാസ്യമാകും. ഇടശ്ശേരിയും ചെറുകാടും അയമുവും
കെ.ടി.മുഹമ്മദും ഉയര്‍ത്തിയ നവോത്ഥാനത്തിന്റെ സ്വപ്‌നങ്ങള്‍ നിറംകെട്ട് ഓര്‍മ്മകളില്‍ ഇടറിവീണ് വഴിയാധാരമാവും.
കടപ്പാട്: റെഡ് ഇങ്ക് ബുക്‌സ് പുറത്തിറക്കിയ ‘ഐ വി ബാബു വാക്കും പ്രയോഗവും’ എന്ന പുസ്തകത്തിന്
Content Highlight: Communism and Muslims in Kerala