വംശഹത്യക്കിടയിലും നെതന്യാഹു തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ഭൂരിഭാഗം ഇസ്രഈലികളും ആഗ്രഹിക്കുന്നു; സർവേ
World News
വംശഹത്യക്കിടയിലും നെതന്യാഹു തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ഭൂരിഭാഗം ഇസ്രഈലികളും ആഗ്രഹിക്കുന്നു; സർവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2024, 9:46 pm

ടെല്‍അവീവ്: ഗസയില്‍ തുടരുന്ന വംശഹത്യക്കിടയിലും ബെഞ്ചമിന്‍ നെതന്യാഹു തന്നെ വീണ്ടും പ്രധാനമന്ത്രി ആകണമെന്ന് ഇസ്രഈലിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതായി സർവേ റിപ്പോര്‍ട്ട്. ഇസ്രഈലിലെ ചാനല്‍ 12 ആണ് സര്‍വേ നടത്തിയത്.

ഇസ്രഈൽ പ്രതിപക്ഷ നേതാവ് ബെന്നി ഗാന്റ്‌സിനെക്കാള്‍ പ്രധാനമന്ത്രിയാകാന്‍ രാജ്യം ആഗ്രഹിക്കുന്നത് നെതന്യാഹു ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

36 ശതമാനം ഇസ്രഈലികളാണ് നെതന്യാഹു തന്നെ പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നത്. 30 ശതമാനം ആളുകള്‍ ബെന്നി ഗാന്റ്‌സിനെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.

എന്നാല്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ സീറ്റ് ഗാന്റ്‌സിന്റെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 21 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ഗാന്റ്‌സിന്റെ പാര്‍ട്ടി 25 സീറ്റുകള്‍ നേടുമെന്നാണ് ഇസ്രഈലികള്‍ പറയുന്നത്.

അതിനിടെ, നിലവിലെ സർക്കാർ പിരിച്ചുവിട്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബിൽ ബെന്നി ഗാൻ്റ്‌സ് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. ബിൽ പാസായാൽ ഇസ്രഈൽ പാർലമെൻ്റ് പിരിച്ചുവിടുകയും രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും.

ഒക്ടോബർ ഏഴിലെ വലിയ ദുരന്തം രാജ്യത്തെ ജനങ്ങളുടെ വിശ്വാസത്തെ തകർത്തെന്നും സുരക്ഷയിലും സമ്പദ്‌വ്യവസ്ഥയിലും നേരിടുന്ന വെല്ലുവിളികൾ മറികടക്കാൻ ഒരു ഐക്യ സർക്കാർ രൂപീകരിക്കണമെന്നും ബിൽ അവതരിപ്പിച്ച് കൊണ്ട് ഗാൻ്റ്‌സ് പറഞ്ഞു.

Content Highlight: Polling suggest Israelis prefer Netanyahu as prime minister