തിരുവനന്തപുരം: പൊലീസിന്റെ ഔദ്യോഗിക വിവരം എസ്.ഡി.പി.ഐക്ക് ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.
കരിമണ്ണൂര്‍ സ്റ്റേഷനിലെ പൊലീസുകാരന്‍ പി.കെ. അനസിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ല പൊലീസ് മേധാവി കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്. പൊലീസ് ശേഖരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരമാണ് ചോര്‍ത്തി നല്‍കിയത്.
കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പി.കെ. അനസ് എന്ന ഉദ്യോഗസ്ഥനാണ് പൊലീസ് സേനയുടെ ഔദ്യോഗിക വിവരങ്ങള്‍ എസ്.ഡി.പിഐക്ക് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയിരുന്നത്.
സംഭവത്തില്‍ തൊടുപുഴ ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു.
ഔദ്യോഗിക വിവരശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്.ഡി.പി.ഐക്ക് കൈമാറിയെന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം.
നേരത്തെ തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെ ആറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒന്നില്‍ നിന്നാണ് പ്രതികള്‍ അനസുമായി നിരന്തരം ആശയവിനിമയം നടത്തുകയും പൊലീസ് ഡാറ്റാബേസിലുള്ള ആര്‍.എസ്.എസ് നേതാക്കളുടെ പേരും അഡ്രസും വാട്സ്ആപ്പ് വഴി പങ്കുവെച്ചെന്ന് കണ്ടെത്തുകയും ചെയ്തത്.