നടി ആക്രമിക്കപ്പെട്ട കേസ്; മൊഴി മാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷ് കുമാറിന്റെ സെക്രട്ടറിയെന്ന് പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ സെക്രട്ടറി എന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കി ബേക്കല്‍ പൊലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. ബേക്കല്‍ സ്വദേശിയായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ്കുമാര്‍ എത്തുകയായിരുന്നു. തൃക്കണ്ണാത്തറയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ് വിപിനെ കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും ഫോണിലൂടെ ബിബിനോട് മൊഴിമാറ്റാന്‍ പറയുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയ ശേഷമാണ് പൊലീസ് റിപ്പോര്‍ട്ട്. നേരത്തെ മൊഴിമാറ്റിപ്പറയണമെന്നാവശ്യപ്പെട്ടുള്ള ഭീഷണി കടുത്തതോടെ വിപിന്‍ലാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊഴി മാറ്റി നല്‍കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തെന്നും വധഭീഷണി വന്നെന്നും കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
നിരന്തരമായി ഭീഷണിക്കത്തുകള്‍ വരുന്നുണ്ടെന്നും ദിലീപിനെതിരായ മൊഴി മാറ്റിയില്ലെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്നും കത്തുകളില്‍ പറഞ്ഞതായി വിപിന്‍ലാല്‍ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന കാസര്‍കോട് സ്വദേശിയായ വിപിന്‍ലാല്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് വിപിന്‍ലാല്‍ അന്ന് ജയിലിലുണ്ടായിരുന്നത്. സുനില്‍കുമാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടു കൊണ്ട് കത്തെഴുതാന്‍ സഹായിച്ചത് വിപിന്‍ലാലായിരുന്നു. ദിലീപിന് വന്ന ഈ കത്ത് നേരത്തെ പുറത്തു വന്നിരുന്നു.