തൃശൂര്‍: തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ 40 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേരല്‍, കലാപ ശ്രമം, ഗതാഗതം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രക്ക് എതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. തൃശൂര്‍ മണി കണുനാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കമ്മീഷണര്‍ ഓഫീസ് പരിസരത്ത് വച്ച് പൊലീസ് തടഞ്ഞിരുന്നു.
ALSO READ: ഹാദിയക്കും ഷെഫിന്‍ജഹാനും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
അതേസമയം ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. സന്നിധാനത്ത് തൃശൂര്‍ സ്വദേശിയായ 52കാരി ലളിതയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചത്.
ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.
എന്നാല്‍ കണ്ണൂരില്‍ സുരേന്ദ്രനെതിരെ മറ്റൊരു കേസ് നിലവിലുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. കണ്ണൂരില്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന കേസാണ് സുരേന്ദ്രനെതിരെയുള്ളത്.