national news
മധ്യപ്രദേശില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപണം; മുസ്‌ലിം യുവാക്കളെ റോഡിലൂടെ നടത്തിച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 02:44 am
Friday, 7th March 2025, 8:14 am

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തിച്ച് പൊലീസ്. പിന്നാലെ സംഭവത്തിന് നേതൃത്വം കൊടുത്ത പൊലീസുകാരെ മാലയണിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ അഭിനന്ദിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചുവെങ്കിലും പ്രതികളെ റോഡിലൂടെ നടത്തിച്ചുവെന്ന വിവരം തനിക്കറിയില്ലെന്ന് പറഞ്ഞ് അദ്ദേഹം സംഭവം നിഷേധിക്കുകയാണുണ്ടായത്.

പശുക്കളെ കശാപ് ചെയ്തുവെന്നാരോപിച്ചാണ് രണ്ട് മുസ്‌ലിം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇവരെ പൊതുജന മധ്യത്തില്‍ മര്‍ദിക്കുകയും റോഡിലൂടെ നടത്തിക്കുകയും ചെയ്തുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് മൂന്ന് തിങ്കളാഴ്ചയാണ് സംഭവം. യുവാക്കളെ റോഡിലൂടെ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. പ്രതികള്‍ രണ്ട് പേരും റോഡിലൂടെ നടക്കുമ്പോള്‍ അവരില്‍ ഒരാളെ പൊലീസ് ബാറ്റണ്‍ ഉപയോഗിച്ച് അടിക്കുന്നത് കാണാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗോ ഹമാരി മാതാ ഹേ, പൊലീസ് ഹമാരാ ബാപ് ഹേ എന്ന് ചൊല്ലാന്‍ പ്രതികളെ പൊലീസ് നിര്‍ബന്ധിക്കുന്നതും വീഡിയോയില്‍ കാണാം. 37 കാരനായ സലിം മേവതി, 23 കാരനായ ആഖിബ് മേവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെയാണ് യുവാക്കളെ മര്‍ദിച്ച് റോഡിലൂടെ നടത്തിച്ച പൊലീസുകാരെ അഭിനന്ദിച്ച് വിശ്വഹിന്ദു പരിഷത്ത് പോലെയുള്ള വതുപക്ഷ സംഘടനകള്‍ രംഗത്തെത്തിയത്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പൊലീസുകാരെ മാലയണിയിച്ചുമായിരുന്നു ആഹ്‌ളാദ പ്രകടനം.

ഘടിയ പ്രദേശത്ത് പശുവിനെ കശാപ്പ് ചെയ്തതായി സൂചന ലഭിച്ചെന്നും പിന്നാലെ പൊലീസ് അന്വേഷണത്തിലൊടുവില്‍ യുവാക്കളെയും അവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ കൂടാതെ ഒരാള്‍ കൂടി പ്രതിയായിട്ടുണ്ടെന്നും അയാളെ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റ് ചെയ്ത യുവാക്കളോട് പൊലീസ് കാണിച്ച ക്രൂരതയ്‌ക്കെതിരെ പൊലീസ് നിയമം കൈയ്യിലെടുത്തുവെന്നടക്കം നിരവധി വിമര്‍ശനങ്ങളാണുയരുന്നത്.

Content Highlight: Police march Muslim youths through road after being accused of slaughtering a cow in Madhya Pradesh