കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു പെട്രോള്‍ പമ്പിന് നല്‍കിയ എന്‍.ഒ.സിയുടെ പകര്‍പ്പ് പുറത്ത്. പെട്രോള്‍ പമ്പിന് അനുമതി നിഷേധിച്ചത് പൊലീസ് ആണെന്നും അതിനാലാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ കാലതാമസമുണ്ടായതെന്നും എന്‍.ഒ.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
പെട്രോള്‍ പമ്പ് പണിയാന്‍ തീരുമാനിച്ച സ്ഥലം വളവിലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദിഷ്ട സ്ഥലത്ത് അനുമതി നിഷേധിച്ചത്.
പെട്രോള്‍ പമ്പ് നിര്‍മിക്കുന്നതിന് ആവശ്യമായ എന്‍.ഒ.സിയുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. എ.ഡി.എം അനുമതി നല്‍കുന്നതിന് പുറമെ വിവിധ വകുപ്പുകളുടെ അനുമതിയും ഇതിന് ലഭിക്കേണ്ടതുണ്ടെന്നും അതില്‍ പൊലീസ് മാത്രമാണ് എന്‍.ഒ.സി നല്‍കുന്നതില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതെന്നും പകര്‍പ്പില്‍ പറയുന്നുണ്ട്.
പെട്രോള്‍ പമ്പിന് അനുമതി ലഭിക്കേണ്ട ഭൂമി ചെങ്കുത്തായ പ്രദേശത്തും വളവിലുമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. അപകട സാധ്യതയുണ്ടെന്നും വാഹനങ്ങള്‍ തമ്മിലിടിക്കാനും സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍.ഒ.സി വൈകിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍.
എന്നാല്‍ എ.ഡി.എമ്മിനെതിരായ പരാതിയിലും പി.പി ദിവ്യ ഉന്നയിച്ച ആരോപണത്തിലും പറയുന്നത് കൈക്കൂലി നല്‍കാത്തതിനാലാണ് എന്‍.ഒ.സി അനുമതിക്കുന്നതില്‍ നവീന്‍ ബാബു അമാന്തം കാണിച്ചതെന്നായിരുന്നു.
നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരന്റെയും പി.പി.ദിവ്യയുടെയും ആരോപണങ്ങളെ നിരാകരിക്കുന്നതാണ്.
കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് രണ്ട് ദിവസം മുമ്പാണ്. അദ്ദേഹത്തിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ വെച്ചായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഗുരുതരമായ ആരോപണങ്ങള്‍. പിന്നാലെ അദ്ദേഹത്തെ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെങ്ങളായിയിലുള്ള ഒരു വ്യക്തി ഒരു പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സിക്ക് വേണ്ടി പല തവണ എ.ഡി.എമ്മിനെ ബന്ധപ്പെട്ടിരുന്നെന്നും താന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനായി അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെന്നുമായിരുന്നു പി.പി. ദിവ്യ പറഞ്ഞത്.
ഒരുപാട് നടത്തിച്ചതിന് ശേഷമാണ് ആ വ്യക്തിക്ക് പെട്രോള്‍ പമ്പിനുള്ള എന്‍.ഒ.സി നല്‍കിയതെന്നും അത് എങ്ങനെയാണ് നല്‍കിയതെന്ന് തനിക്കറിയാമെന്നും ദിവ്യ പറഞ്ഞിരുന്നു.
Content Highlight: Police denied permission to petrol pump; Naveen Babu’s NOC report is out