അമിത് ഷായുടെ വീട്ടിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു; വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് സമരക്കാര്‍
ന്യൂദല്‍ഹി: അമിത്ഷായുടെ വീട്ടിലേക്ക് ഷാഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് മാര്‍ച്ച് നടത്താനായിരുന്നു സമരക്കാരുടെ തീരുമാനം.
സമരം രാജ്യത്തിന് വേണ്ടിയാണ് നടത്തുന്നതെന്ന് ഷാഹീന്‍ബാഗിലെ അമ്മമാര്‍ പറഞ്ഞു. വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അമിത് ഷാ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളല്ലെന്നും സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നവരെ ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തുന്നത് ശരിയല്ലെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വ്യക്തമാക്കി.
അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി നേരത്തേ അറിയിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
എന്നാല്‍, പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.