ന്യൂദല്‍ഹി: നിലവില്‍ വരുന്നതിനു മുന്‍പേ അംബാനിയുടെ സ്ഥാപനത്തിന് അംഗീകാരം നല്‍കി വെട്ടിലായിരിക്കുകയാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. പ്രധാനമന്ത്രിയുടെ “ക്വാളിറ്റി ഇനിഷ്യേറ്റീവ്” പദ്ധതി പ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള ആറ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലാണ് ഇനിയും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാനം പിടിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരു, മുംബൈയിലേയും ദല്‍ഹിയിലേയും ഐ.ഐ.ടികള്‍ എന്നിവയ്‌ക്കൊപ്പം സ്വകാര്യ യൂണിവേഴ്‌സിറ്റികളായ ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ എന്നിവയും കേന്ദ്ര സര്‍ക്കാര്‍ “ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ്” ആയി തെരഞ്ഞെടുത്തിട്ടുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കറാണ് വിവരം ട്വിറ്റര്‍ വഴി പങ്കുവച്ചത്.
Also Read: താജ്മഹലിനകത്ത് ഇനി പുറത്തുനിന്നുള്ളവര്‍ക്ക് നിസ്‌ക്കരിക്കാനാകില്ല; സുപ്രീം കോടതി
എന്നാല്‍, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ഇതിനൊപ്പം അംഗീകരിക്കപ്പെട്ടതോടെ പ്രഖ്യാപനം വിവാദത്തിലായിരിക്കുകയാണ്. മുകേഷ് അംബാനിയെയും നിതാ അംബാനിയെയും പിന്തുണയ്ക്കുന്ന നീക്കമാണിതെന്ന് ആരോപിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സങ്കല്‍പ്പത്തില്‍ മാത്രമുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ലെന്നും ഇത്തരം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന്റെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്സ് ഒദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും കുറിച്ചു.
മോദി സര്‍ക്കാര്‍ മുതലാളിത്ത വ്യവസ്ഥിതിക്കും കോര്‍പ്പറേറ്റു കമ്പനികള്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ സ്വീകാര്യത നല്‍കുകയാണെന്നുള്ള ആരോപണം സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. രേഖകളില്‍ മാത്രമുള്ള ജിയോയുടെ സ്ഥാപനത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പദവി നല്‍കിയത് സര്‍ക്കാരും അംബാനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ പ്രതികരിക്കുന്നു.
“എവിടെയാണ് ഈ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്ളത് എന്നെങ്കിലും പറയൂ. വര്‍ഷങ്ങളുടെ പ്രവര്‍ത്തന ചരിത്രമുള്ള ബിറ്റ്‌സ് പിലാനിയെയും മണിപ്പാല്‍ സര്‍വകലാശാലയെയും അപമാനിക്കുന്നതിനു തുല്യമാണ് ഈ നടപടി” അഭിഭാഷകനായ രാഹുല്‍ കുമാര്‍ കുറിച്ചു.
Also Read: തമിഴ്‌നാട് വികസനം മോദിയുടെ മുന്‍ഗണനാ വിഷയമെന്ന് അമിത് ഷാ
എന്നാല്‍, പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന ഗ്രീന്‍ഫീല്‍ഡ് വിഭാഗത്തിലാണ് ജിയോയെ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് പാനലിലെ അംഗമായിരുന്ന യു.ജി.സിയുടെ പക്ഷം. സ്ഥാപനത്തിന്റെ രേഖകള്‍ തെരഞ്ഞെടുപ്പു മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് പാനല്‍ അധ്യക്ഷന്‍ എന്‍ ഗോപാലസ്വാമിയും പറയുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപയാണ് വാര്‍ഷിക ധനസഹായമായി ലഭിക്കുക.