ന്യൂദല്‍ഹി: പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നു. വിവരാകാശപ്രകാരം ലഭിച്ച മറുപടിയിലാണ് പുതിയ വിവാദത്തിന് തുടക്കം.
കൊവിഡ് മഹാമാരിക്കാലത്തെ സംഭാവനകള്‍ക്കായി സര്‍ക്കാര്‍ തന്നെ രൂപീകരിച്ചതാണ് പി.എം കെയേഴ്‌സ് ഫണ്ട്. അതൊരു പൊതുമേഖല സ്ഥാപനം തന്നെയാണ്. എന്നാല്‍ പി.എം കെയേഴ്‌സുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുന്നില്ലയെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍ കേന്ദ്രം പറയുന്നത്. ഡിസംബര്‍ 24 ന് ലഭിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് പുതിയ വാദം.
‘വ്യക്തികള്‍, ഓര്‍ഗനൈസേഷനുകള്‍, സി.എസ്.ആര്‍(കോര്‍പ്പറേറ്റുകള്‍),വിദേശ വ്യക്തികള്‍, വിദേശ ഓര്‍ഗനൈസേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ലഭിക്കുന്ന സംഭാവനകളാണ് ഈ ഫണ്ടിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ധനസഹായത്തിലല്ല ഇവ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഫണ്ടിന്റെ ട്രസ്റ്റികളാണ്. അതിനാല്‍ സെക്ഷന്‍ 2(h) പ്രകാരം വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്താനോ വിവരങ്ങള്‍ പൊതുജനത്തിന് ലഭ്യമാക്കാനോ സാധിക്കില്ല’, മറുപടിയില്‍ പറയുന്നു.
അതേസമയം പ്രധാനമന്ത്രി ചെയര്‍പേഴ്‌സണും മറ്റ് കേന്ദ്രമന്ത്രിമാര്‍ ട്രസ്റ്റ് അംഗങ്ങളുമായ പി.എം കെയേഴ്‌സ് ദല്‍ഹി ആസ്ഥാനമായ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫണ്ടിന്റെ വെബ്‌സൈറ്റ് രേഖകളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന കാര്യം മറച്ചുവെച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
നേരത്തെയും പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടില്ലെന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതിനിടെ ആര്‍.ബി.ഐയും എല്‍.ഐ.സിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ടിലേക്ക് 204.75 കോടി രൂപ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
കുറഞ്ഞത് ഏഴ് പൊതുമേഖലാ ബാങ്കുകളും മറ്റ് ഏഴ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇന്‍ഷുറര്‍ന്‍സ് സ്ഥാപനങ്ങളും ആര്‍.ബി.ഐയും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 204.75 കോടി രൂപ പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെയും, പി.എം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുതാര്യമാക്കുന്നത് സുരക്ഷിതമല്ലെന്നാണ് കാരണമായി ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക