Advertisement
national news
രാഷ്ട്രപതിയെ ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയും ലോക്‌സഭാ സപീക്കറും ചര്‍ച്ച ചെയ്യണം: അശോക് ഗെലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 25, 07:59 am
Thursday, 25th May 2023, 1:29 pm

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനത്തിന് ക്ഷണിക്കുന്ന കാര്യം പ്രധാന മന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചര്‍ച്ച ചെയ്യണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. തെറ്റുതിരുത്താനുള്ള സമയം ഇനിയും വൈകിയിട്ടില്ലെന്നും ഗെലോട്ട് പറഞ്ഞു.

100 വര്‍ഷത്തില്‍ ഒരിക്കലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ ഗെലോട്ട് പെട്ടെന്നുള്ള ഉദ്ഘാടന പ്രഖ്യാപനം അന്തസുള്ളതല്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘എന്തിനായിരുന്നു ഇത്ര തിടുക്കം? ഉദ്ഘാടന വിവരം മാസങ്ങള്‍ക്ക് മുന്‍പെങ്കിലും പ്രഖ്യാപിച്ചിരുന്നെങ്കില്‍ എല്ലാ മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും, വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുമായിരുന്നു,’ ഗെലോട്ട് പറഞ്ഞു.

അതേസമയം, ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികളെ അദ്ദേഹം പിന്തുണച്ചു.

പാര്‍ലമെന്റ് ഉദ്ഘാടനം നിര്‍വഹിക്കുക പ്രധാനമന്ത്രിയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഇതിനെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടതെന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.

ഇത് ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള പോരിന് വഴിവെച്ചു. 1975ല്‍ ഇന്ദിരാഗാന്ധിയായിരുന്നു പാര്‍ലമെന്റിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്തതെന്ന ഭവന മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയേക്കാള്‍ ഉദ്ഘാടനം ചെയ്യാന്‍ അര്‍ഹത രാഷ്ട്രപതിക്കല്ലേ എന്നായിരുന്നു തരൂര്‍ ചോദിച്ചത്.

‘പക്ഷെ അത് കെട്ടിടത്തിന്റെ ഭാഗമായിരുന്നു പ്രിയപ്പെട്ട ഹര്‍ദീപ് സിങ് പുരി. പാര്‍ലമെന്റിന്റെ ഭാഗവും ലൈബ്രറിയും. എന്നാല്‍ ഇത് മുഴുവന്‍ പാര്‍ലമെന്റ് കെട്ടിടമാണ്. പാര്‍ലമെന്റിന്റെ തലവന്‍ പ്രസിഡന്റാണെന്ന് ഭരണഘടന പറയുന്നില്ലേ. പ്രധാനമന്ത്രിയേക്കാള്‍ ഉദ്ഘാടനം ചെയ്യാന്‍ അര്‍ഹത രാഷ്ട്രപതിക്കല്ലേ,’ എന്നായിരുന്നു തരൂര്‍ പറഞ്ഞത്.

ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഛണ്ഡിഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലും എത്തിയിരുന്നു. പ്രസിഡന്റാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് പറഞ്ഞ ഭാഗേല്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്യുന്നത് വ്യത്യസ്തമായ കാര്യമാണെന്ന് കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടീഷ് കാലത്താണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്.രാഷ്ട്രപതി ഭവനും ഇതേ സമയത്താണ് നിര്‍മിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുക? ഒരു വ്യക്തി കെട്ടിടത്തിന്റെ ഒരു ഭാഗം ഉദ്ഘാടനം ചെയ്യുന്നത് വ്യത്യസ്തമായ കാര്യമാണ്. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്,’ എന്നാണ് പുരിയുടെ പ്രസ്താവനയോട് പ്രതികരിച്ചു കൊണ്ട് ഭാഗേല്‍ പറഞ്ഞത്.

CONTENTHIGHLIGHT: PM and LS Speaker should discuss on inviting president