തിരുമ്മുചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala News
തിരുമ്മുചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിയെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 7:57 am

മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാര്‍ഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കല്‍ മനോജ്-ഷൈലജ ദമ്പതികളുടെ മകന്‍ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

കുടയത്തൂരില്‍ വാടകവീട്ടില്‍ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കല്‍ ജയിംസിന്റെ വീട്ടിലാണ് മഹേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ നാലോടെയായിരുന്നു മരണം. സംഭവ സമയത്ത് മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. ജയിംസ് തന്നെയാണ് മരണവിവരം പൊലീസില്‍ അറിയിച്ചത്. മഹേഷ് 4 മാസം മുന്‍പു വീടിനു സമീപം വീണിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു.

തുടര്‍ന്ന് ചികിത്സകള്‍ക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയില്‍
ഇവര്‍ പോയിരുന്നു. മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടര്‍ എക്‌സ്‌റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ എക്സ്റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. ഇന്നലെ പുലര്‍ച്ചെ നാലോടെ മഹേഷിനെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Plust Two Student Found in Dead