പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം; അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം
Kerala News
പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.ബി.ബി.എസ് ക്ലാസിലിരുന്ന സംഭവം; അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th December 2022, 11:50 pm

കോഴിക്കോട്: യോഗ്യതയില്ലാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.ബി.ബി.എസ് ക്ലാസില്‍ ഇരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

നവംബര്‍ 29 മുതല്‍ കഴിഞ്ഞ രണ്ടാം തീയതി വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരുന്നത്.

വിദ്യാര്‍ഥിനി അഞ്ചാം ദിവസം ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. വിദ്യാര്‍ത്ഥിനി മലപ്പുറം സ്വദേശിനിയാണെന്നാണ് വിവരം.

വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് സംഭവങ്ങളുടെ ചുരുളഴിച്ചത്. എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചുള്ള ചിത്രങ്ങള്‍ കോളേജിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വന്നിരുന്നു. ഇതില്‍ ഒരാളുടെ കാര്യത്തില്‍ കുട്ടികള്‍ തന്നെ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി തിരിച്ചറിഞ്ഞത്.

നാല് ദിവസം ക്ലാസിലിരുന്ന പെണ്‍കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രവേശന പട്ടികയില്‍ ഇല്ലാത്ത കുട്ടിയുടെ പേര് പക്ഷെ ഹാജര്‍ ബുക്കില്‍ ഉണ്ടായിരുന്നു.

247 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ഇതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പ്രവേശനം നല്‍കിയത്. മൂന്ന് സീറ്റുകളില്‍ കൂടി ഇനി പ്രവേശനം നല്‍കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആള്‍മാറാട്ടം നടന്നത്.

സംഭവത്തിലെ വീഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. ക്ലാസ് തുടങ്ങിയ ആദ്യ ദിവസം സമയ നഷ്ടം ഒഴിവാക്കാന്‍ കുട്ടികളെ ധൃതിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറ്റിയ തെറ്റാണെന്നാണ് വൈസ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.

അതേസമയം, കുട്ടിയെ അനധികൃതമായി ക്ലാസില്‍ ഇരുത്തിയതിന് പിന്നില്‍ ആര്‍ക്കല്ലൊം പങ്കുണ്ടെന്നതില്‍ അന്വേഷണം പുരോഗമിക്കുന്നതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

Content Highlight: Plus Two student attended MBBS Class in Kozhikode Medical College; Health Minister’s order for investigation